ബിസിനസ് ലോകം എപ്പോഴും അടിയൊഴുക്കുകളുടെയും അനിശ്ചിതത്വത്തിന്റെയും വേദിയാണ്. മാർക്ക് സക്കർബർഗ് എന്ന മെറ്റയുടെ അധിപന്റെ പതനം പ്രതിഫലിപ്പിക്കുന്നതും ഈ അനിശ്ചിതത്വമാണ്. ഒരിക്കൽ ലോകത്തിലെ ഏറ്റവും ധനികനായ മൂന്നാമത്തെ വ്യക്തിയിൽ നിന്ന് ഒരു ഡസനിലധികം സ്ഥാനങ്ങൾ സക്കർബർഗ് താഴേക്ക പതിച്ചതെങ്ങനെയാണ്?
വാസ്തവത്തിൽ ജൂലൈ 2021 വരെ, 142 ബില്യൺ ഡോളർ ആസ്തിയുമായി ബ്ലൂംബെർഗ് ശതകോടീശ്വരപട്ടികയിൽ മൂന്നാമനായി മാർക്ക് സക്കർബർഗ് ഇടംപിടിച്ചിരുന്നു. ഏകദേശം 950 ബില്യൺ ഡോളർ വിപണി മൂലധനത്തോടെ, അക്കാലത്ത് ഫേസ്ബുക്കിന്റെ ഓഹരികൾ 350 ഡോളർ പരിധിയിലായിരുന്നു. ജൂലൈ മുതൽ, സക്കർബർഗിന്റെ സമ്പത്തും Facebook-ന്റെ വിപണി മൂലധനവും 50 ശതമാനത്തിലധികം ഇടിഞ്ഞുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇപ്പോൾ, സക്കർബർഗിന്റെ സമ്പത്ത് പകുതിയിലധികം കുറഞ്ഞു. ഏകദേശം 65 ബില്യൺ ഡോളറിലാണ്. ഇതേ കാലയളവിൽ Facebook-ന്റെ ഓഹരികളുടെ മൂല്യം 50% കുറഞ്ഞു, വിപണി മൂലധനം ഇപ്പോൾ 475 ബില്യൺ ഡോളറിന് താഴെയാണ്. 2020 ഡിസംബർ വരെയുളള കണക്കുകളിൽ ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റാ പ്ലാറ്റ്ഫോമിന്റെ 16.8% ഓഹരികൾ സക്കർബർഗിന്റെ കൈവശമുണ്ട്. അതായത് സക്കർബർഗിന്റെ സമ്പത്തിലെ കയറ്റിറക്കങ്ങൾ ഫേസ്ബുക്കുമായി ബന്ധപ്പെട്ടിരിക്കുന്നു – 2018 അവസാനത്തോടെ കമ്പനിയുടെ ഓഹരികൾ 125 ഡോളറിൽ നിന്ന് 2021 സെപ്റ്റംബർ ആയപ്പോൾ ഏകദേശം 380 ഡോളർ ആയി ഉയർന്നിരുന്നു.
ഫേസ്ബുക്കിന്റെ ഇടിവിന് പിന്നിൽ നിരവധി കാരണങ്ങളുണ്ട്. 2021 ഡിസംബർ പാദത്തിൽ മെറ്റാ റിപ്പോർട്ട് ചെയ്ത ലാഭത്തിലെ അപൂർവ ഇടിവാണ് ഏറ്റവും പ്രധാനപ്പെട്ടതും വ്യക്തവുമായ കാരണം. കാര്യങ്ങൾ കൂടുതൽ വഷളാക്കി 2022 മാർച്ച് ക്വാർട്ടറിൽ മെറ്റ പ്രതീക്ഷിച്ചതിലും കുറഞ്ഞ വരുമാനം പ്രവചിച്ചു. ഇത് 2022 ഫെബ്രുവരി 3-ന് കമ്പനി ഓഹരികളുടെ വൻതോതിലുള്ള വിൽപ്പനയ്ക്ക് കാരണമായി. ഒറ്റ ദിവസം കൊണ്ട് നിക്ഷേപകരുടെ സമ്പത്തിൽ 220 ബില്യൺ ഡോളറാണ് ഇല്ലാതായത്.
ആപ്പിളിന്റെ ആപ്പ് പ്രൈവസി മാറ്റങ്ങളാണ് ഫേസ്ബുക്കിന്റ വീഴ്ചയ്ക്ക് മറ്റൊരു കാരണമായി പറയുന്നത്. ആപ്പിളിന്റെ പ്രൈവസി ചേഞ്ച് ഫേസ്ബുക്കിന്റെ അഡ്വർടൈസിംഗ് മോഡലിന് വലിയ ഭീഷണി ഉയർത്തുന്നു. കമ്പനിയുടെ വരുമാനത്തിന്റെ 97% പരസ്യത്തെ ആശ്രയിച്ചാണെന്നതാണ് ഇതിന് കാരണം. ടിക് ടോക്കിൽ നിന്നുള്ള വെല്ലുവിളിയും ഫേസ്ബുക്കിനെ തളർത്തിയ കാരണങ്ങളിലൊന്നായി. ആളുകൾക്ക് അവരുടെ സമയം എങ്ങനെ ചെലവഴിക്കണം എന്നതിന് ധാരാളം ചോയ്സുകൾ ഉണ്ട്, ടിക് ടോക്ക് പോലുള്ള ആപ്പുകൾ വളരെ വേഗത്തിൽ വളരുകയാണ്, അക്കാലത്ത് സക്കർബർഗ് തന്നെ പറഞ്ഞു. 2021 ഡിസംബർ ക്വാർട്ടറിൽ ഫെയ്സ്ബുക്കിന്റെ ആദ്യ ഉപയോക്തൃ ഇടിവ് റിപ്പോർട്ട് ചെയ്തതിന് ശേഷമാണ് സക്കർബർഗിന്റെ ഭാഗ്യം അതിവേഗം കുറഞ്ഞത്. ആഗോളതലത്തിൽ പ്രതിദിന സജീവ ഉപയോക്താക്കൾ 1.93 ബില്യണിൽ നിന്ന് 1.929 ബില്യണായി കുറഞ്ഞു. കണക്കുകളിലെ നേരിയ വ്യത്യാസമായി കാണാമെങ്കിൽ പോലും ഇത് ഫേസ്ബുക്കിന്റെ ഉപയോക്തൃ വളർച്ച മന്ദഗതിയിലാണെന്ന് മാത്രമല്ല, അതിന്റെ ഉപയോക്തൃ അടിത്തറ കുറഞ്ഞുവെന്നും സൂചിപ്പിക്കുന്നു. ബിസിനസ് ലോകത്ത് ഒന്നും സ്ഥിരമല്ല. പ്രവചനങ്ങൾക്കതീതമായ വളർച്ചയുടെയും തളർച്ചയുടെയും ലോകത്ത് മെറ്റാവേഴ്സിലൂടെ സക്കർബർഗ് ഉയിർത്തെഴുന്നേൽക്കുമെന്ന് പ്രതീക്ഷിക്കാം.