Adani
എന്തായിരുന്നു അദാനി ഗ്രൂപ്പിന്റെ സ്ട്രാറ്റജി? അദാനിയുടെ വിജയത്തിന്റെ നാൾവഴികൾ പരിശോധിക്കാം
ഗൗതം അദാനിയുടെ സമ്പത്ത് 8.9 ബില്യണിൽ നിന്ന് 105 ബില്യൺ ഡോളറായി വളർന്നപ്പോൾ കഴിഞ്ഞ രണ്ട് വർഷം അദാനി ഗ്രൂപ്പിനെ സംബന്ധിച്ചിടത്തോളം സംഭവബഹുലമായിരുന്നു. ഏർപ്പെട്ടിരിക്കുന്ന മറ്റെല്ലാ മേഖലകളിലും പ്രായോഗികമായി ആധിപത്യം പുലർത്തുന്നത് അദാനി ഗ്രൂപ്പിന്റെ മുഖമുദ്രയാണ്. കഴിഞ്ഞ ആഴ്ചയാണ് അംബുജ, ACC സിമന്റ്സ് എന്നിവ ഏറ്റെടുക്കാൻ ഒരു കരാർ അദാനി ഉറപ്പിച്ചത്. സ്വിറ്റ്സർലൻഡ് ആസ്ഥാനമായ ഹോൾസിമിൽ (Holcim) നിന്ന് 10.5 ബില്യൺ ഡോളറിന്റെ അക്വിസിഷനിലൂടെ അംബുജ സിമന്റ്സും എസിസിയും ഏറ്റെടുക്കുന്നതോടെ ഇന്ത്യയിലെ പ്രമുഖ ഇൻഫ്രാസ്ട്രക്ചർ കമ്പനിയായ അദാനി ഗ്രൂപ്പ് രാജ്യത്തെ രണ്ടാമത്തെ സിമന്റ് നിർമ്മാതാവായി മാറുകയാണ്. പ്രതിവർഷം 70 ദശലക്ഷം ടൺ ശേഷിയുള്ള അദാനി, 43 മില്ല്യൺ ടൺ ഉൽപ്പാദന ശേഷിയുള്ള മൂന്നാം സ്ഥാനക്കാരായ ശ്രീ സിമന്റിനേക്കാൾ വളരെ മുകളിലാണ്. അദാനി ഗ്രൂപ്പിന്റെ നാളിതുവരെയുള്ള ഏറ്റവും വലിയ ഏറ്റെടുക്കലാണിത്.
അദാനി ഗ്രൂപ്പിനെ നയിക്കുന്ന 59 കാരനായ ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ ധനികനും ലോകത്തെ ആറാമത്തെ സമ്പന്നനുമായി 106 ബില്യൺ ഡോളറിന്റെ ആസ്തിയുള്ളവനാണെന്ന് ഫോർബ്സ് പറയുന്നു. അടുത്തിടെ ആഗോള സമ്പന്നരുടെ റാങ്കിംഗിൽ നിക്ഷേപ രാജാവായ വാറൻ ബഫെറ്റിനെ പോലും അദ്ദേഹം മറികടന്നിരുന്നു.
1988-ൽ കോളേജ് പഠനം നിർത്തിയ ഗൗതം അദാനി ചരക്കുകൾ ഇറക്കുമതി ചെയ്യുന്നതിനും കയറ്റുമതി ചെയ്യുന്നതിനുമായി അദാനി എന്റർപ്രൈസസ് എന്ന കമ്പനി സ്ഥാപിച്ചപ്പോഴാണ് ഈ ഗ്രൂപ്പിന്റെ പിറവി. കൽക്കരിയാണ് ആദ്യകാലത്ത് അദാനി ഗ്രൂപ്പിന് വളർച്ച നൽകിയത്.1994-ൽ ലിസ്റ്റ് ചെയ്യപ്പെട്ട അദാനി എന്റർപ്രൈസസ് ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരി വ്യാപാര കമ്പനിയും ഏറ്റവും വലിയ കൽക്കരി ഖനന കരാറുകാരുമായി മാറി. ഗ്രൂപ്പിന്റെ പുതിയ ബിസിനസുകൾക്കുള്ള ഇൻകുബേറ്ററായും അദാനി എന്റർപ്രൈസസ് പ്രവർത്തിക്കുന്നു. സാമ്പത്തിക ഉദാരവൽക്കരണത്തിന് തൊട്ടുപിന്നാലെയാണ് 1995-ൽ ഗുജറാത്തിൽ മുന്ദ്ര തുറമുഖം അദാനി നേടിയത്.
1998-ആയപ്പോഴേക്കും Adani Ports and Special Economic Zone സ്ഥാപിക്കപ്പെട്ടു. രാജ്യത്തെ ചരക്ക് നീക്കത്തിന്റെ നാലിലൊന്ന് കൈകാര്യം ചെയ്യുന്ന 13 തുറമുഖങ്ങളും ടെർമിനലുകളുമുള്ള Adani Ports and Special Economic Zone ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖ ഓപ്പറേറ്ററായി. മുന്ദ്ര വോളിയം അനുസരിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ തുറമുഖമായി മാറി.
സിംഗപ്പൂരിലെ വിൽമർ ഗ്രൂപ്പുമായി ചേർന്ന് 1999-ൽ, ഒരു സംയുക്ത സംരംഭമായി അദാനി വിൽമർ ഗ്രൂപ്പ് സ്ഥാപിച്ചു. ഫോർച്യൂൺ ബ്രാൻഡിലൂടെ പേരുകേട്ട കമ്പനി, ഇന്ത്യയിലെ ഏറ്റവും വലിയ ഭക്ഷ്യ എണ്ണ ബ്രാൻഡുമായി, ഇറക്കുമതിയിലും മുന്നിലെത്തി. 2022 സാമ്പത്തിക വർഷത്തിൽ 54,214 കോടി രൂപ വരുമാനവുമായി അദാനി വിൽമർ, ഹിന്ദുസ്ഥാൻ യുണിലിവറിനെ തോല്പിച്ച് രാജ്യത്തെ ഏറ്റവും വലിയ FMCG കമ്പനിയായും മാറി.
2001-ൽ അദാനി ഗ്രൂപ്പ് സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ ബിസിനസ്സിൽ പ്രവേശിച്ചു. 2005-ൽ, ഇന്ത്യയുടെ ആദ്യത്തെ Mine ഡെവലപ്പറും ഓപ്പറേറ്ററും ആയി. 2007-ൽ Adani Ports and Special Economic Zone ലിസ്റ്റ് ചെയ്യപ്പെട്ടു. അടുത്ത വർഷം, ഇന്തോനേഷ്യയിലെ Bunyu കൽക്കരി ഖനി ഏറ്റെടുത്തുകൊണ്ട് ഗ്രൂപ്പ് അതിന്റെ ആദ്യത്തെ വിദേശ അക്വിസിഷൻ നടത്തി. 2009ലാണ് അദാനി പവർ ഓഹരി വിപണിയിൽ അരങ്ങേറ്റം കുറിച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ താപവൈദ്യുതി ഉത്പാദക സ്ഥാപനമാണിത്. ഇന്ത്യയിലെ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ ട്രാൻസ്മിഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ കമ്പനിയായ അദാനി ട്രാൻസ്മിഷൻ 2015ൽ ലിസ്റ്റ് ചെയ്തു. 2017-ൽ, സോളാർ PV പാനലുകളുടെ നിർമ്മാണത്തിലേക്ക് ഗ്രൂപ്പ് കടന്നു. അദാനി സോളാർ ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ സോളാർ സെൽ- മൊഡ്യൂൾ നിർമ്മാതാക്കളുമാണ്.
അദാനി ഗ്യാസും അദാനി ഗ്രീൻ എനർജിയും 2018-ലാണ് ലിസ്റ്റ് ചെയ്തത്. അതേ വർഷം തന്നെ റിലയൻസ് ഇൻഫ്രാസ്ട്രക്ചറിന്റെ മുംബൈയിലെ എനർജി ഡിസ്ട്രിബ്യൂഷൻ ബിസിനസ്സ് അദാനി ട്രാൻസ്മിഷൻ ഏറ്റെടുത്തു. 2019ൽ ഫ്രാൻസിലെ പ്രമുഖ ഊർജ കമ്പനിയായ ടോട്ടൽ എനർജീസ് അദാനി ഗ്യാസിന്റെ 37 ശതമാനം ഓഹരികൾ വാങ്ങി. അദാനി ടോട്ടൽ ഗ്യാസ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ട കമ്പനി, ഇന്ത്യയിലെ ഏറ്റവും വലിയ സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ ബിസിനസ്സ് നടത്തുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ റിന്യൂവബിൾ പവർ കമ്പനികളിൽ ഒന്നാണ് അദാനി ഗ്രീൻ എനർജി. കൂടാതെ 45 ബില്യൺ ഡോളർ വിപണി മൂലധനവുമായി ഗ്രൂപ്പിന്റെ ഏറ്റവും മൂല്യമുള്ള കമ്പനിയുമാണ്.
2020 ൽ, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ആറ് എയർപോർട്ടുകൾ പ്രവർത്തിപ്പിക്കാനുള്ള ബിഡ് നേടിയ ഗ്രൂപ്പ് എയർപോർട്ട് ബിസിനസ്സിലേക്കും കടന്നു. കഴിഞ്ഞ വർഷം GVK ഗ്രൂപ്പിൽ നിന്ന് മുംബൈ അന്താരാഷ്ട്ര വിമാനത്താവളവും നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളവും ഏറ്റെടുത്തു. ഇത് രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ എയർപോർട്ട് ഓപ്പറേറ്ററാക്കി അദാനി ഗ്രൂപ്പിനെ മാറ്റി.
തുറമുഖങ്ങൾ, വൈദ്യുത നിലയങ്ങൾ, കൽക്കരി ഖനികൾ, പുനരുപയോഗ ഊർജം എന്നിവയുമായി ഗ്രൂപ്പ് തുടക്കത്തിൽ മുന്നോട്ട് നീങ്ങി. ഇപ്പോൾ ഡാറ്റാ സെന്ററുകൾ, സാമ്പത്തിക സേവനങ്ങൾ, വിമാനത്താവളങ്ങൾ, ഡിജിറ്റൽ സേവനങ്ങൾ, റിയൽ എസ്റ്റേറ്റ്, മീഡിയ തുടങ്ങിയ മേഖലകളിലേക്കും വിപുലീകരിച്ചു.
എന്നാൽ ബിസിനസ് വിപുലീകരണത്തിന് ഒപ്പം വർദ്ധിച്ച അദാനി ഗ്രൂപ്പിന്റെ കടബാധ്യത ചെറുതായി കാണാവുന്നതല്ലെന്ന് മാർക്കറ്റ് അനലിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു.അദാനി ഗ്രൂപ്പിന്റെ ഏഴ് പബ്ലിക് ട്രേഡഡ് കമ്പനികൾക്ക് 184 ബില്യൺ ഡോളറിന്റെ മൊത്തം വിപണി മൂലധനമുണ്ട്. എന്നാൽ അദാനി ഗ്രൂപ്പ് കമ്പനികളുടെ മൊത്തം കടം ഈ വർഷം മാർച്ച് അവസാനത്തോടെ 2.09 ട്രില്യൺ രൂപയായി ഉയർന്നു, ഒരു വർഷം മുമ്പ് 1.55 ട്രില്യൺ രൂപയായിരുന്നതിൽ 35.2% ആണ് കടം വർധിച്ചത്. തുടക്കത്തിൽ പറഞ്ഞത് പോലെ അദാനിയുടെ സ്ട്രാറ്റജിയും അക്വിസിഷനുകളുമെല്ലാം വ്യത്യസ്തമായതിനാൽ നാളെ ഏത് മേഖലയിലേക്ക് ഗ്രൂപ്പ് കടക്കുമെന്നത് ആർക്കും പ്രവചിക്കാനാകില്ല. അല്ലെങ്കിലും ബിസിനസിലെ വിജയവും പരാജയവും എപ്പോഴും പ്രവചനങ്ങൾക്കതീതമാണല്ലോ..