കനിക തെക്രിവാൾ, ഡെൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ജെറ്റ്സെറ്റ്ഗോ ഏവിയേഷൻസിന്റെ ഫൗണ്ടർ. ഒല, ഊബർ തുടങ്ങിയ കാർ അഗ്രഗേറ്റർ മോഡൽ ഉപയോഗിച്ച് ഒരു ചാർട്ടർ എയർക്രാഫ്റ്റ് ബിസിനസ്സ് രൂപപ്പെടുത്തിയെടുക്കുകയായിരുന്നു കനികയുടെ ലക്ഷ്യം. വലിയ സ്വപ്നം കാണാൻ ധൈര്യപ്പെടുമ്പോൾ, നിങ്ങൾ ഉയർന്ന ഫ്ലയർമാരുടെ റാങ്കിൽ ചേരുന്നു…. കനിക ഒരിക്കൽ പറഞ്ഞ വാക്കുകളാണിത്. അവരുടെ തന്നെ യഥാർത്ഥ ജീവിത കഥയെ സാധൂകരിക്കുന്ന വാക്കുകൾ….ഒൻപത് വർഷം മുമ്പ് ക്യാൻസറിനെ പോലും അതിജീവിച്ചാണ് 24 കാരിയായ കനിക ഇന്ത്യൻ വ്യോമയാന മേഖലയിൽ തന്റേതായ ഇടം സൃഷ്ടിച്ചെടുത്തത്. വ്യക്തമായി പറഞ്ഞാൽ, തന്റെ സംരംഭം, അതിജീവനത്തിനുള്ള ഉപാധിയായി മാറ്റിയെടുക്കുകയായിരുന്നു കനിക.
ഇന്ത്യയിലുടനീളം മാരുതി ഡീലർഷിപ്പുണ്ടായിരുന്ന ഭോപ്പാലിലെ ഒരു മാർവാടി കുടുംബത്തിൽ ജനിച്ച കനികയ്ക്ക് ബിസിനസ് എന്നത് പുതിയൊരു കാര്യമായിരുന്നില്ല. എന്നാൽ എന്തെങ്കിലുമൊരു ബിസിനസ്സ് തുടങ്ങുമ്പോൾ അത് വ്യത്യസ്തമായ ഒന്നാകണമെന്ന് കനികയ്ക്ക് നിർബന്ധമുണ്ടായിരുന്നു. ലണ്ടനിലെ കവൻട്രി സർവകലാശാലയിൽ നിന്ന് എംബിഎ പൂർത്തിയാക്കിയ ശേഷം,8 വർഷത്തോളം ഏവിയേഷൻ മേഖലയിൽ ജോലി ചെയ്തതിന്റെ അനുഭവ സമ്പത്തുമായാണ് അതേ മേഖലയിൽ ഒരു സംരംഭം തുടങ്ങാൻ കനിക മുന്നിട്ടിറങ്ങിയത്. അറ്റകുറ്റപ്പണിയും പ്രവർത്തനച്ചെലവും കാരണം കുറച്ച് ആളുകൾക്ക് മാത്രമേ ഒരു സ്വകാര്യ ജെറ്റ് സ്വന്തമാക്കാനാകൂവെന്ന് മനസ്സിലാക്കിയ കനിക,സ്വകാര്യ ജെറ്റ് വാങ്ങാൻ കഴിയാത്തവർക്ക് ഒരു സ്വകാര്യജെറ്റ് യാത്രയുടെ അനുഭവമെങ്കിലുമുണ്ടാക്കണമെന്ന് തീരുമാനിച്ചു. ഇതിനായി 5600 രൂപ ചെലവിൽ ചാർട്ടേഡ് ഫ്ലൈറ്റുകൾ ബുക്ക് ചെയ്യാൻ ഒരു ആപ്പ് ഉണ്ടാക്കുകയാണ് കനിക ആദ്യം ചെയ്തത്. ആദ്യത്തെ രണ്ട് വർഷം നേരിട്ട് ഇടപാടുകാരിൽ നിന്ന് അഡ്വാൻസും വെൻഡർമാരിൽ നിന്ന് ക്രെഡിറ്റും വാങ്ങി ബിസിനസ് നടത്തി. 2014-ൽ, ചാർട്ടേഡ് അക്കൗണ്ടന്റും ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി എംബിഎ ഹോൾഡറുമായ സുധീർ പെർള കമ്പനിയുടെ സഹസ്ഥാപകനായി ചേർന്നതോടെ, ജെറ്റ്സെറ്റ്ഗോ വളർച്ചയുടെ പാതയിലേക്ക് കുതിച്ചു.
ഇന്ന്, ഡൽഹി, മുംബൈ, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ 200 ഓളം ജീവനക്കാരും ഓഫീസുകളുമുള്ള സംരംഭമായി ഇത് വളർന്നിരിക്കുന്നു. 150 കോടി രൂപയുടെ വിറ്റുവരവുള്ള വലിയൊരു ഏവിയേഷൻ ശൃംഖലയാണ് ജെറ്റ്സെറ്റ്ഗോ. 2021ൽ മാത്രം എട്ട് വിമാനങ്ങളാണ് കമ്പനി സ്വന്തമായി വാങ്ങിയത്. കോർപ്പറേറ്റുകൾ, സെലിബ്രിറ്റികൾ, രാഷ്ട്രീയക്കാർ തുടങ്ങിയവരാണ് ജെറ്റ്സെറ്റ്ഗോയുടെ പ്രധാന ക്ലയന്റുകൾ. ആറ് മുതൽ 18 വരെ സീറ്റുകളുള്ള ചാർട്ടർ ഫ്ലൈറ്റുകൾ ജെറ്റ്സെറ്റ്ഗോ വാഗ്ദാനം ചെയ്യുന്നു. ഫ്ലൈറ്റുകളുടെ ഏകദേശം അഞ്ച് ശതമാനത്തോളം മെഡിക്കൽ എമർജൻസി ആവശ്യങ്ങൾക്കായാണ് ഉപയോഗിക്കുന്നത്. ഒരു നഗരത്തിനുള്ളിൽ ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്കുള്ള യാത്ര സാദ്ധ്യമാക്കുന്ന, ഷട്ടിൽ സർവീസുകൾ പോലുള്ള സേവനങ്ങളും മുംബൈയിൽ അടുത്തിടെ ജെറ്റ്സെറ്റ്ഗോ ആരംഭിച്ചു. ദൂരത്തിനനുസരിച്ച് 1000 രൂപ മുതൽ 2500 രൂപ വരെ വിലയുള്ള Uber പോലെ തന്നെ ചാർജുകൾ കുറവായ സർവ്വീസാണിത്. ലോകത്തെ 100 പ്രചോദനാത്മക സ്ത്രീകളുടെ ബിബിസി ലിസ്റ്റിംഗിൽ ഇടം നേടിയ കനികയ്ക്ക് ഇന്ത്യൻ ഗവൺമെന്റിന്റെ ദേശീയ സംരംഭക അവാർഡും ലഭിച്ചിരുന്നു.