60 മില്യൺ ഡോളറിലധികം നിക്ഷേപം
വാൾമാർട്ടിന്റെ പിന്തുണയുളള ഡിജിറ്റൽ പേയ്‌മെന്റ് സ്ഥാപനമായ ഫോൺപേ (PhonePe)ഏകദേശം 70 മില്യൺ ഡോളറിന് WealthDesk, OpenQ എന്നിവ ഏറ്റെടുക്കാൻ ഒരുങ്ങുന്നു. വെൽത്ത് മാനേജ്‌മെന്റ് സ്ഥാപനമായ വെൽത്ത്ഡെസ്ക് (WealthDesk), ഓപ്പൺ ക്യു ( OpenQ) എന്നിവ യഥാക്രമം 50 ദശലക്ഷം ഡോളറിനും 20 ദശലക്ഷം ഡോളറിനും വാങ്ങാൻ PhonePe തയ്യാറെടുക്കുന്നതായാണ് വിവരം. വെൽത്ത്ഡെസ്ക്, ഓപ്പൺ ക്യുഎന്നിവ ഏറ്റെടുക്കുന്നതായി ഫോൺപേ സ്ഥിരീകരിച്ചു, എന്നാൽ ഇടപാടിന്റെ മൂല്യം വെളിപ്പെടുത്തിയിട്ടില്ല. ഡാറ്റാ അനലിറ്റിക്‌സ് പ്ലാറ്റ്‌ഫോമായ Tracxn റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം സാമ്പത്തിക, വെൽത്ത് മാനേജ്‌മെന്റ് സേവനങ്ങൾ വർദ്ധിപ്പിക്കാൻ ഏറ്റെടുക്കലുകൾക്കായി ഫോൺപേ 60 മില്യൺ ഡോളറിലധികം നിക്ഷേപമാണ് നടത്തിയത്.
അസറ്റ് മാനേജുമെന്റ് കമ്പനി കെട്ടിപ്പടുക്കും
ഈ വർഷമാദ്യം, ഒരു അസറ്റ് മാനേജ്‌മെന്റ് കമ്പനി (AMC) സ്ഥാപിക്കാനുള്ള മത്സരത്തിൽ ഒരു മ്യൂച്വൽ ഫണ്ട് (MF) ലൈസൻസിനായി PhonePe സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI) യിൽ അപേക്ഷിച്ചിരുന്നു. വെൽത്ത്ഡെസ്ക് സ്ഥാപകൻ ഉജ്വൽ ജെയിനും മുഴുവൻ ടീമും ഫോൺപേ ഗ്രൂപ്പിന്റെ ഭാഗമായി പ്രവർത്തിക്കും, രണ്ട് പ്ലാറ്റ്‌ഫോമുകളും സ്വതന്ത്രമായി തുടരുമെന്ന് കമ്പനി അറിയിച്ചു. ഓപ്പൺക്യു ഒരു സ്മാർട്ട് ബീറ്റ വെൽത്ത് മാനേജ്‌മെന്റ് പ്ലാറ്റ്‌ഫോമാണ്, അത് നിക്ഷേപ തന്ത്രങ്ങളും പോർട്ട്‌ഫോളിയോ നിർമ്മാണ ഉപദേശങ്ങളും നൽകുന്നു. ഏറ്റെടുക്കലിനുശേഷം, PhonePe ഗ്രൂപ്പിനായി ഒരു വെൽത്ത് ഇക്കോസിസ്റ്റം സൃഷ്ടിക്കുന്നതിൽ ഓപ്പൺക്യു നിർണായകഘടകമായിരിക്കും. ഒരു അസറ്റ് മാനേജുമെന്റ് കമ്പനി കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തിനുപുറമെ, മർച്ചന്റ് ലെൻഡിംഗ് സ്പേസും സ്റ്റോക്ക് ബ്രോക്കിംഗും കമ്പനി പദ്ധതിയിടുന്നു.
ഡിജിറ്റൽ പേയ്മെന്റിൽ കടുത്ത മത്സരം
ഡിജിറ്റൽ പണമിടപാടുകളിൽ, PhonePe, Amazon, Google, Paytm തുടങ്ങിയവയ്ക്കിടയിൽ കടുത്ത മത്സരമാണ് നടക്കുന്നത്. അടുത്ത ഏതാനും വർഷങ്ങളിൽ ഇന്ത്യൻ ധനകാര്യ സേവന വിപണിയുടെ വലുപ്പം ഏകദേശം 340 ബില്യൺ ഡോളറിലെത്തുമെന്ന് റിപ്പോർട്ട്. 2017-ൽ ഫോൺപേ പ്ലാറ്റ്‌ഫോമിൽ സ്വർണ്ണത്തിന്റെയും പിന്നീട് വെള്ളിയുടെയും വ്യാപാരം അനുവദിച്ചുകൊണ്ട് സാമ്പത്തിക സേവനങ്ങളിലേക്ക് കടന്നു. അതിനുശേഷം, ടാക്സ് സേവിംഗ് ഫണ്ടുകൾ, ലിക്വിഡ് ഫണ്ടുകൾ, ഇന്റർനാഷണൽ ട്രാവൽ ഇൻഷുറൻസ്, ലൈഫ് ഇൻഷുറൻസ് തുടങ്ങിയ നിരവധി മ്യൂച്വൽ ഫണ്ടുകളും ഇൻഷുറൻസ് സ്കീമുകളും അവതരിപ്പിച്ചു. ഭാവിയിൽ, ഫോൺപേയുടെ വരുമാനത്തിന്റെ പകുതിയോളം സാമ്പത്തിക സേവനങ്ങളിൽ നിന്നായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.