ഇന്ത്യൻ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ 2021ലെ പോലെ ശുഭകരമല്ലെന്ന് വിലയിരുത്തൽ. കോവിഡ് കാലത്ത് അഭിവൃദ്ധി പ്രാപിച്ച മിക്ക സ്റ്റാർട്ടപ്പുകളേയും റഷ്യൻ ഉക്രെയ്ൻ യുദ്ധമടക്കമുള്ള ആഗോളപ്രതിസന്ധികൾ ദോഷകരമായി ബാധിച്ചിട്ടുണ്ട്. സ്റ്റാർട്ടപ്പുകളുടെ മൂലധന സമാഹരണത്തെ യുദ്ധം വലിയ രീതിയിൽത്തന്നെ മന്ദഗതിയിലാക്കിയിട്ടുണ്ട്. ഇന്ത്യൻ പ്രൈവറ്റ് ഇക്വിറ്റി ആന്റ് വെൻച്വർ ക്യാപ്പിറ്റലിന്റെ റിപ്പോർട്ട് അനുസരിച്ച്,1.6 ബില്യൺ ഡോളർ മാത്രമാണ് 2022 ഏപ്രിലിൽ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ സമാഹരിച്ചത്. 2021 ഏപ്രിലിൽ ഇതേ ഇക്കോസിസ്റ്റം സമാഹരിച്ച മൂലധനത്തിന്റെ ഏതാണ്ട് പകുതിയാണ് ഇത്. 2022 ഏപ്രിലിൽ ഒരു കമ്പനിയും യൂണികോൺ ക്ലബ്ബിൽ പ്രവേശിച്ചില്ല. അതേസമയം, 2021 ഏപ്രിലിൽ Meesho, PharmEasy, CRED, Groww, ShareChat, Urban Company എന്നിങ്ങനെ എട്ട് പുതിയ യൂണികോണുകൾ ക്ലബ്ബിൽ കൂട്ടിച്ചേർക്കപ്പെട്ടു.
ഉയർന്ന മൂല്യനിർണ്ണയം പ്രശ്നമാകുന്നു
വലിയ ഫണ്ടിംഗ് റൗണ്ടുകളിലുണ്ടായ കുറവാണ് 2022 ഏപ്രിലിൽ ഫണ്ടിംഗ് കുറയാൻ കാരണം.ഡെയ്ലിഹണ്ടിന്റെയും ജോഷിന്റെയും മാതൃ കമ്പനിയായ വെർസെ ഇന്നൊവേഷൻ കഴിഞ്ഞ മാസം 5 ബില്യൺ ഡോളർ മൂല്യത്തിൽ 805 മില്യൺ ഡോളർ നേടി ഏറ്റവും വലിയ ഫണ്ടിംഗ് റൗണ്ട് സമാഹരിച്ചു. ഏപ്രിലിൽ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ സമാഹരിച്ച മൂലധനത്തിന്റെ പകുതിയോളമാണ് ഈ നേട്ടം.ഈ ഫണ്ടിംഗ് മാന്ദ്യത്തിനിടയിൽ ഡെയ്ലിഹണ്ടിന് അതിന്റെ മൂല്യനിർണ്ണയം വർധിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും, മറ്റ് സ്റ്റാർട്ടപ്പുകൾക്കൊന്നും ഈ നേട്ടത്തിലേക്ക് എത്താൻ സാധിച്ചിട്ടില്ല. ഇ-കൊമേഴ്സ് കമ്പനിയായ മീഷോ ഏകദേശം 8 ബില്യൺ ഡോളറിന്റെ മൂല്യത്തിൽ ഫണ്ടിംഗ് റൗണ്ട് അവസാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും,മീഷോയ്ക്ക് ഉയർന്ന മൂല്യനിർണ്ണയം നൽകാൻ നിക്ഷേപകർ തയ്യാറാകുന്നുമില്ല.
പിരിച്ചുവിടലുകൾ സ്റ്റാർട്ടപ്പുകളുടെ റെസ്ക്യൂ പ്ലാനുകളാകുമ്പോൾ
2022-ലെ ആദ്യ നാല് മാസങ്ങളിൽ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ 6,900 ജീവനക്കാരെയാണ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. മെയ് മാസത്തിൽ മാത്രം, വേദാന്തു, കാർസ് 24 തുടങ്ങിയ യൂണികോണുകൾ 1,200-ലധികം ജീവനക്കാരെ പിരിച്ചുവിട്ടു.വരാനിരിക്കുന്ന മാന്ദ്യ ഭയം, ഫെഡറൽ പലിശ നിരക്കിലെ വർദ്ധനവ് എന്നിവയും സ്റ്റാർട്ടപ്പുകളിലെ ഇത്തരം കൂട്ടപ്പിരിച്ചുവിടലുകൾക്ക് കാരണമാകുന്നുവെന്നാണ് വിലയിരുത്തുന്നത്.