ചരിത്രത്തിൽ USSRന്റെ പതനം ഒരു നിർണ്ണായക സംഭവമായിരുന്നു. എന്നാൽ സോവിയറ്റ് യൂണിയന്റെ തകർച്ചയോടെ ഒരു ഫുട് വെയർ ബ്രാൻഡ് ഇന്ത്യയിൽ ക്ലിക്കായതിനെക്കുറിച്ചാണ് പങ്കുവെക്കുന്നത്. കൈകൊണ്ട് തുന്നിയ ലെതർ ഷൂകളിൽ തുടങ്ങി ഇന്ന് ബയോഡീഗ്രേഡബിൾ ഷൂകൾ വരെ നിർമ്മിക്കുന്ന,1,250 കോടിയോളം വിറ്റുവരവുള്ള വുഡ്ലാൻഡ് ആണ് ആ ബ്രാൻഡ്. 1970-കൾ മുതൽ തന്നെ ഷൂ ബിസിനസ് നടത്തിവന്നിരുന്ന അവതാർ സിങ്ങ് 1980ലാണ് കാനഡയിലെ ക്യൂബെക്കിൽ വുഡ്ലാന്റിന്റെ മാതൃ കമ്പനിയായ എയ്റോ സ്ഥാപിക്കുന്നത്. തുടക്കകാലത്ത് കാനഡ, റഷ്യ എന്നിവിടങ്ങളിലെ വിപണി കേന്ദ്രീകരിച്ച് വിന്റർ ബൂട്ടുകൾ നിർമ്മിച്ചു.1990-കളിൽ USSR പതനത്തോടെ റഷ്യൻ വിപണി തകരുന്നത് വരെ എയ്‌റോ ഗ്രൂപ്പിന്റെ ബിസിനസ് അതിന്റെ ഉച്ചസ്ഥായിയിലായിരുന്നു.1992-ൽ ഇന്ത്യയിലെ വികസിച്ചുകൊണ്ടിരിക്കുന്ന വിപണി, എക്സ്ക്ലൂസീവ് റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ, മാളുകൾ എന്നിവയുടെ വ്യാപനം തിരിച്ചറിഞ്ഞ അവതാർ സിങ്ങും മകൻ ഹർകിരാത്തും ഇന്ത്യൻ വിപണിയിലും ഒരു കൈ നോക്കാൻ തീരുമാനിച്ചു. എയ്‌റോ ഗ്രൂപ്പിന് കീഴിൽ, കൈകൊണ്ട് തുന്നിയ ലെതർ ഷൂകളിലൊന്ന് അവതരിപ്പിച്ചുകൊണ്ട് ഇന്ത്യൻ വിപണിയിൽ ആദ്യമായി വുഡ്‌ലാൻഡ് എന്ന ബ്രാൻഡ് പുറത്തിറക്കി. പിന്നീടങ്ങോട്ട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല വുഡ്ലാന്റിന്. നിലനിൽപ്പിനു വേണ്ടിയുള്ള പരിശ്രമങ്ങളഉടെ ഭാഗമായി, ആദ്യത്തെ രണ്ട് എക്സ്ക്ലൂസീവ് ബ്രാൻഡ് ഔട്ട്ലെറ്റുകൾ അഥവാ ഇബിഒകൾ വുഡ്ലാന്റ് ഡൽഹിയിലെ കൊണാട്ട് പ്ലേസിലും സൗത്ത് എക്സ്റ്റൻഷനിലും ആരംഭിച്ചു. ഇന്ന് വുഡ്‌ലാൻഡിന് രാജ്യത്തുടനീളം 600-ലധികം EBO-കൾ ഉണ്ട്, കൂടാതെ 5,500 മൾട്ടി-ബ്രാൻഡ് ഔട്ട്‌ലെറ്റുകളിൽ ഷെൽഫ് സ്‌പെയ്‌സും ഉണ്ട്. ഇന്ത്യയിൽ ബിസിനസ്സ് പച്ചപിടിച്ച് തുടങ്ങിയപ്പോഴാണ്, ഇവിടുത്തെ ബഹുജന ഉപഭോക്താക്കളെ തൃപ്തിപ്പെടുത്താൻ ഷൂസ് മാത്രം വിപണനം നടത്തിയാൽ മതിയാകില്ലെന്ന് അവതാറും ഹർകിരാത്തും മനസ്സിലാക്കുന്നത്. അങ്ങനെ, വുഡ്‌ലാൻഡ് അവരുടെ സ്റ്റോറുകളിൽ വസ്ത്രങ്ങൾ, വാട്ടർപ്രൂഫ് ഉൽപ്പന്നങ്ങൾ തുടങ്ങിയവയും അവതരിപ്പിച്ചു.
ആദ്യകാലങ്ങളിൽ ഇന്ത്യയിലെ മെട്രോ നഗരങ്ങളെ മാത്രം കേന്ദ്രീകരിച്ചായിരുന്നു വിപണനം. എന്നാൽ ഇപ്പോൾ ഇന്ത്യയിലെ ചെറു നഗരങ്ങളിലും, ഹോങ്കോംഗ്, മിഡിൽ ഈസ്റ്റ്, ദുബായ്, ദക്ഷിണാഫ്രിക്ക അടക്കമുള്ള രാജ്യങ്ങളിലും വുഡ്ലാന്റിന് വിപണികളുണ്ട്. വിറ്റുവരവിൽ 75 ശതമാനവും സംഭാവന ചെയ്യുന്നത് ഇന്ത്യ തന്നെ. ഇന്ത്യയിൽ നോയിഡ യിലാണ് പ്രധാനമായും വുഡ്ലാൻഡ് ഷൂകളുടെ നിർമ്മാണം നടക്കുന്നത്. പഞ്ചാബിലെ ജലന്ധറിലുള്ള തുകൽ ഫാക്ടറികളിൽ നിന്ന് ഇതിനുവേണ്ട തുകൽ ശേഖരിക്കുന്നു. സ്റ്റോക്ക് കീപ്പിംഗ് യൂണിറ്റുകളുടെ ഔട്ട്‌സോഴ്‌സിംഗിനായി ബംഗ്ലാദേശ്, തായ്‌വാൻ, ചൈന എന്നിവിടങ്ങളിലെ വെണ്ടർമാരുമായും കമ്പനി സഹകരിക്കുന്നുണ്ട്. ഷൂസിനുപയോഗിക്കുന്ന അസംസ്കൃത വസ്തുക്കൾ, സോൾ ഉൾപ്പെടെയുള്ളവ വീട്ടിൽ തന്നെ നിർമ്മിക്കുന്നു. ഇറ്റാലിയൻ മെഷിനറികറും, ജർമ്മൻ സാങ്കേതികവിദ്യയും റബ്ബർ സോളുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നു. വസ്ത്രങ്ങൾക്കായി, സിന്തറ്റിക് തുണിത്തരങ്ങൾ കൊറിയയിൽ നിന്നും ജപ്പാനിൽ നിന്നും ശേഖരിക്കുന്നു. ദക്ഷിണേന്ത്യയിൽ നിന്നാണ് കമ്പനി കോട്ടൺ തുണിത്തരങ്ങൾ ശേഖരിക്കുന്നത്.
ഫുട് വെയർ നിർമ്മാണത്തിന്റെ 9.57 ശതമാനം പ്രതിനിധീകരിക്കുന്ന ചൈന കഴിഞ്ഞാൽ ഏറ്റവും വലിയ ആഗോള ഫുട് വെയർ വിതരണക്കാരാണ് ഇന്ത്യയെന്നും വെല്ലുവിളികളെ അതിജീവിക്കാൻ ആരോഗ്യകരമായ മത്സരം ആവശ്യമാണെന്നും വുഡ്ലാന്റ് മാനേജിംഗ് ഡയറക്ടർ ഹർകിരത് പറയുന്നു. വർഷങ്ങളായി, ആഭ്യന്തര, അന്തർദ്ദേശീയ വിപണികളിൽ സാന്നിധ്യമുറപ്പിക്കുന്നതിൽ വുഡ്‌ലാൻഡ് സ്ഥിരത പുലർത്തുന്നുണ്ട്. പ്രോപ്ലാനറ്റിന്റെ പിന്തുണയോടെ, പൂർണ്ണമായും പരിസ്ഥിതി സൗഹൃദ ബ്രാൻഡായി മാറാനും വുഡ്‌ലാൻഡ് ലക്ഷ്യമിടുന്നുണ്ട്.