എലോൺ മസ്ക്, ജെഫ് ബെസോസ്, ബിൽഗേറ്റ്സ് എന്നിവർക്ക് കഴിഞ്ഞ അഞ്ച് മാസത്തിനിടെ ഓഹരി വിപണിയിൽ 115 ബില്യൺ ഡോളറിന്റെ നഷ്ടമുണ്ടായെന്ന് റിപ്പോർട്ട്. ലോകത്തിലെ ഏറ്റവും ധനികരായ 500 പേരെ ട്രാക്ക് ചെയ്യുന്ന ബ്ലൂംബെർഗ് പുറത്തുവിട്ട ബില്യണയർ സൂചികയിലാണ് വിവരങ്ങളുള്ളത്.ബ്ലൂംബെർഗ് ബില്യണയേഴ്സ് ഇൻഡക്സ് പ്രകാരം, മസ്കിന്റെ ആസ്തി 46.4 ബില്യൺ ഡോളറായും, ബെസോസിന്റെ ആസ്തി 53.2 ബില്യൺ ഡോളറായും കുറഞ്ഞു. അതേസമയം ബിൽഗേറ്റ്സിന് 15.1 ബില്യൺ ഡോളർ നഷ്ടമുണ്ടായി.നിലവിൽ യഥാക്രമം, 224 ബില്യൺ ഡോളർ,139 ബില്യൺ ഡോളർ, 123 ബില്യൺ ഡോളർ എന്നിങ്ങനെയാണ് ഇവരുടെ ആസ്തി.
നിക്ഷേപങ്ങളിലൂടെ നിലനിൽപ്പ്
മസ്കിന്റെയും ബെസോസിന്റെയും സമ്പത്തിന്റെ ഭൂരിഭാഗവും ടെസ്ല, ആമസോൺ ഓഹരികളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ വർഷം ടെസ്ലയുടെ ഓഹരികൾ 37%ത്തോളം ഇടിഞ്ഞിരുന്നു. ഏപ്രിലിൽ അദ്ദേഹം ട്വിറ്ററിൽ 9.2% ഓഹരിയും സ്വന്തമാക്കി. അതേസമയം, ഗേറ്റ്സിന്റെ വൈവിധ്യമാർന്ന പോർട്ട്ഫോളിയോ, സ്റ്റോക്ക് മാർക്കറ്റ് വിൽപ്പനയെ നേരിടാൻ അദ്ദേഹത്തെ സഹായിച്ചു. അദ്ദേഹം സ്ഥാപിച്ച ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ എന്ന ജീവകാരുണ്യ സ്ഥാപനം, വാറൻ ബഫറ്റിന്റെ ബെർക്ക്ഷെയർ ഹാത്ത്വേയിലാണ് കൂടുതലായും നിക്ഷേപം നടത്തിയിരിക്കുന്നത്.ഈ വർഷം 5% ത്തിലധികം ഉയർച്ചയാണ് സ്ഥാപനത്തിനുണ്ടായത്.
ടെക് കമ്പനികൾ നഷ്ടത്തിലോടുമ്പോൾ….
ആപ്പിൾ പോലുള്ള ടെക് കമ്പനികളിൽ നിക്ഷേപം നടത്തുന്ന ബിൽഗേറ്റ്സ് കമ്പനിയായ കാസ്കേഡ് ഇൻവെസ്റ്റ്മെന്റ്സ് ഉൾപ്പെടെയുള്ള മറ്റ് നിക്ഷേപങ്ങൾക്ക് വലിയ മുന്നേറ്റമുണ്ടായി.പണപ്പെരുപ്പ സമ്മർദങ്ങളും ഉപഭോക്തൃ ആത്മവിശ്വാസം കുറയുന്നതും കാരണം ടെക് സ്റ്റോക്കുകൾക്ക് സമീപ മാസങ്ങളിൽ താഴ്ചയുണ്ടായി. ആമസോൺ സ്ഥാപിച്ച ബെസോസിന് ഇപ്പോഴും കമ്പനിയിൽ ഏകദേശം 115 ബില്യൺ ഡോളർ മൂല്യമുള്ള 50 ദശലക്ഷം ഓഹരികളുണ്ട്. ഈ വർഷം സ്റ്റോക്ക് ഏകദേശം മൂന്നിലൊന്നായി കുറഞ്ഞു. എങ്കിലും ടെസ്ലയുടെ 786 ബില്യൺ ഡോളർ മൂല്യനിർണ്ണയത്തേക്കാൾ ഏകദേശം $ 1.2 ട്രില്യൺ മൂല്യമാണ് നിലവിൽ ആമസോണിനുള്ളത്.