ഗുജറാത്തിലെ സാനന്ദിലുള്ള ഫോർഡ് ഇന്ത്യയുടെ നിർമ്മാണപ്ലാന്റ് ഏറ്റെടുക്കാൻ ടാറ്റ മോട്ടോഴ്സിന് അനുമതി നൽകി ഗുജറാത്ത് സർക്കാർ.
ഏറ്റെടുക്കൽ പൂർത്തിയാകുന്നതോടെ, ഫോർഡ് ഇന്ത്യയ്ക്ക് നൽകുന്ന ആനുകൂല്യങ്ങളെല്ലാം ഇനി ടാറ്റാ മോട്ടോഴ്സിനും ലഭിക്കും.
പ്ലാന്റുമായി ബന്ധപ്പെട്ട തൊഴിൽ, സാമ്പത്തിക കാര്യങ്ങളിലുൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിച്ച ശേഷം ഇരു കമ്പനികളും
അന്തിമ ധാരണാപത്രം (MoU) ഒപ്പിടാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
2021ൽ ഇന്ത്യയിൽ നിന്ന് പുറത്തുപോകുമെന്ന് ഫോർഡ് പ്രഖ്യാപിച്ചതിന് പിന്നാലെ, പ്ലാന്റുകളുടെ ഏറ്റെടുക്കൽ ആവശ്യവുമായി ബന്ധപ്പെട്ട് Tata Group ഗുജറാത്ത്, തമിഴ്നാട് സംസ്ഥാന സർക്കാരുകളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
മൂന്ന് പ്ലാന്റുകളിലായി നിലവിൽ പ്രതിവർഷം 480,000 യൂണിറ്റ് ശേഷിയുള്ള Tata Motorsന്, ഫോർഡ് പ്ലാന്റ് കൂടി ഏറ്റെടുക്കുന്നതോടെ, പ്രതിവർഷം 240,000 യൂണിറ്റുകളുടെ അധിക ശേഷി ലഭിക്കും.
ടാറ്റ മോട്ടോഴ്സിന്റെ ഇലക്ട്രിക് വാഹനങ്ങളടക്കമുള്ള സിഎൻജി നിർമ്മാണ പദ്ധതികൾക്ക് ഏറ്റെടുക്കൽ ഏറെ പ്രയോജനപ്രദമാകുമെന്ന് വിലയിരുത്തുന്നു.
നിലവിൽ സാനന്ദ് പ്ലാന്റിൽ 900ഓളം യൂണിയൻ തൊഴിലാളികളടക്കം 2,500 സ്ഥിരം തൊഴിലാളികളാണുള്ളത്.
പാസഞ്ചർ കാറുകൾ നിർത്തലാക്കിയതിന് ശേഷം, സാനന്ദിലെ തൊഴിലാളികൾ എഞ്ചിനുകൾക്ക് പുറമെ ഫോർഡ് കാറുകളുടെ സ്പെയർ പാർട്സ് നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്നു.