2021 ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് മികച്ച വർഷം
2021 ഇന്ത്യൻ സ്റ്റാർട്ടപ്പുകളെ സംബന്ധിച്ച് ഏറ്റവും മികച്ച വർഷമായിരുന്നു, പ്രത്യേകിച്ച് യൂണികോണിന്റെ കാര്യത്തിൽ. 44 ഇന്ത്യൻ കമ്പനികളാണ് 2021ൽ യൂണിക്കോണായി മാറിയത്. 2020-ലെ 11ൽ നിന്ന് നാലിരട്ടി വർദ്ധനയാണ് യൂണികോണുകളുടെ കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. 2022 ജനുവരി മുതൽ ജൂൺ 1 വരെയുള്ള കാലയളവിൽ 14 ഇന്ത്യൻ കമ്പനികൾ യൂണികോണായി മാറി. ഇതിൽ ഒന്നാംസ്ഥാനത്ത് യുഎസും ചൈന രണ്ടാം സ്ഥാനത്തും, ബ്രിട്ടനെ പിന്തള്ളി ഇന്ത്യ മൂന്നാംസ്ഥാനത്തുമാണ്.
ഫണ്ടിംഗ് മാന്ദ്യം തിരിച്ചടിയാകുമോ?
2022-ലെ ആദ്യ അഞ്ച് മാസങ്ങളിൽ മുൻവർഷത്തെ അപേക്ഷിച്ച് കൂടുതൽ യൂണികോണുകൾ ഇന്ത്യയ്ക്കുണ്ട്.എന്നാൽ ഈ വർഷം ഏപ്രിൽ മുതൽ ഇന്ത്യൻ സ്റ്റാർട്ടപ്പ് മൂല്യനിർണ്ണയത്തിൽ ഇടിവുണ്ടായി. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് 75 ആഴ്ചകൾക്കുള്ളിൽ 75 യൂണികോണുകളെ ഉയർത്താനാണ് ഇന്ത്യൻ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം ലക്ഷ്യമിടുന്നതെന്ന് വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞിരുന്നു. ആദ്യ 53 ദിവസങ്ങളിൽ 10 യൂണികോണുകളുടെ പ്രവേശനത്തിന് രാജ്യം സാക്ഷ്യം വഹിച്ചിരുന്നു. എന്നാൽ റഷ്യ-ഉക്രെയ്ൻ യുദ്ധം, ആസന്നമായ സാമ്പത്തിക മാന്ദ്യം, ഫെഡറൽ പലിശ വർദ്ധന എന്നിവ ഇന്ത്യൻ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിൽ ഫണ്ടിംഗ് മാന്ദ്യത്തിന് കാരണമായിട്ടുണ്ട്. മാന്ദ്യത്തെ തുടർന്ന് Ola, Unacademy, Cars24, Vedantu, MFine തുടങ്ങി നിരവധി കമ്പനികൾ തങ്ങളുടെ തൊഴിലാളികളെ പിരിച്ചുവിട്ടിരുന്നു.