യുഎസിൽ ഒരു ജോലി സ്വപ്നം കാണാത്തവരുണ്ടാകില്ല. എന്നാൽ അമേരിക്കയിലെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തി ഡയറി ഫാം തുടങ്ങിയ Kishore Indukuri -ക്ക് പറയാനുളളത് വേറിട്ടൊരു കഥയാണ്. അദ്ദേഹത്തിന്റെ ഡയറി ബ്രാൻഡ് 65 കോടി രൂപ വാർഷിക വരുമാനം നേടുന്നതെങ്ങനെയെന്ന് അറിയേണ്ടേ
ഇടത്തരം കുടുംബങ്ങളിൽ ജനിച്ച ഏതൊരാളെയും പോലെ, Kishore Indukuriയും യുഎസിൽ പഠിക്കാനും ജോലി ചെയ്യാനും ആഗ്രഹിച്ചു. ഐഐടി ഖരഗ്പൂർ ബിരുദധാരിയായ Kishore മസാച്യുസെറ്റ്സ് യൂണിവേഴ്സിറ്റിയിൽ നിന്ന് പോളിമർ സയൻസ് ആൻഡ് എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും പൂർത്തിയാക്കി. ഇന്റലിൽ ജോലിയിൽ പ്രവേശിച്ചു. ജോലിയിൽ ആറ് വർഷം പിന്നിട്ടപ്പോഴാണ് തന്റെ യഥാർത്ഥ അഭിനിവേശം കൃഷിയാണെന്ന് കിഷോർ തിരിച്ചറിഞ്ഞത്. ഇന്ത്യയിൽ തിരിച്ചെത്തിയ കിഷോർ 2012ൽ കോയമ്പത്തൂരിൽ നിന്ന് 20 പശുക്കളെ വാങ്ങി ഹൈദരാബാദിൽ സിഡ്സ് ഫാം എന്ന പേരിൽ ഡയറി ഫാം തുടങ്ങി. സബ്സ്ക്രിപ്ഷൻ അടിസ്ഥാനത്തിൽ ഉപഭോക്താക്കൾക്ക് മായം കലരാത്ത പാൽ വിതരണം ചെയ്യാൻ തുടങ്ങി. ആദ്യ നിക്ഷേപം ഒരു കോടി രൂപയോളം ആയിരുന്നു, പിന്നീട് രണ്ട് കോടി രൂപ കൂടി നിക്ഷേപിച്ചു. ബാങ്കുകളിൽ നിന്ന് 1.3 കോടി രൂപ ടേം ലോൺ സമാഹരിച്ചു. ബിസിനസ് വളർന്നു. ഇപ്പോൾ, 120 തൊഴിലാളികളുള്ള ബ്രാൻഡ് പ്രതിദിനം 10,000 ഉപഭോക്താക്കൾക്ക് പാൽ വിതരണം ചെയ്യുന്നു. കഴിഞ്ഞ വർഷം 65 കോടി രൂപയുടെ വിറ്റുവരവ് നേടിയതായി കിഷോർ അവകാശപ്പെടുന്നു. വെണ്ണ,നെയ്യ്,തൈര്,പനീർ എന്നിങ്ങനെ മൂല്യവർദ്ധിത ഉല്പന്നങ്ങളും ബ്രാൻഡ് നൽകുന്നു. പാലിൽ പ്രിസർവേറ്റീവുകളും ആന്റിബയോട്ടിക്കുകളും ഹോർമോണുകളും ചേർക്കാറില്ല. ഓരോ ബാച്ച് പാലും ദിവസവും വിവിധ പാരാമീറ്ററുകളിൽ 26 പരിശോധനകൾ വരെ നടത്തുന്നുവെന്ന് കിഷോർ പറയുന്നു.
ഒരു D2C ബ്രാൻഡ് എന്ന നിലയിൽ, ആപ്പ് വഴിയാണ് പ്രധാനമായും പാൽ വിൽക്കുന്നത്. സബ്സ്ക്രിപ്ഷനായി ഒരു പോസ്റ്റ്പെയ്ഡ് മോഡൽ പിന്തുടരുന്നു. അത് ഒരു പ്രീപെയ്ഡ് മോഡലിലേക്ക് മാറ്റാനും പദ്ധതിയിടുന്നു. Bigbasket, Swiggy, Dunzo, Amazon, എന്നിവയിലും മറ്റ് ആപ്പുകളിലും ബ്രാന്റിന്റെ ഉല്പന്നങ്ങൾ ലഭ്യമാണ്.ഉൽപ്പന്ന പോർട്ട്ഫോളിയോയിലേക്ക് കൂടുതൽ വിഭാഗങ്ങൾ ചേർക്കാൻ പദ്ധതിയിടുന്നതിനൊപ്പം ഈ വർഷം, ഹൈദരാബാദിലും ബെംഗളൂരുവിലും മാത്രമല്ല കൂടുതൽ നഗരങ്ങളിലേക്കത്തൊനും കിഷോറിന്റെ ഡയറി ബ്രാൻഡ് ലക്ഷ്യമിടുന്നു. വളർച്ചാ പദ്ധതികൾക്കായി വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടിംഗിനും തയ്യാറെടുക്കുകയാണ് Sid’s Farm.