അംബാനിയുടെ രണ്ട് മക്കൾ, Mukesh Ambani ജയിച്ചിടത്ത് Anil Ambani തോറ്റത് എങ്ങനെ?
അനിലിന് പിഴച്ചതെവിടെ?
ഇന്ത്യയിലെ ഏറ്റവും സമ്പന്നനും സെലിബ്രിറ്റിയുമായ വ്യവസായികളിൽ ഒരാളായിരുന്നു അനിൽ അംബാനി. എഞ്ചിനീയർ, ചലച്ചിത്ര നിർമ്മാതാവ്, നിരവധി കമ്പനികളുടെ ഉടമ എന്നിവ ഉൾപ്പെടുന്ന വളരെ വൈവിധ്യമാർന്ന ജീവിതപശ്ചാത്തലം. പിതാവും ജ്യേഷ്ഠനും വ്യവസായ പ്രമുഖൻമാർ. അതേപാതയിൽ സഞ്ചരിച്ച അനിൽ പക്ഷേ വിജയത്തിൽ നിന്നും പരാജയത്തിലേക്കാണ് യാത്ര ചെയ്തത്. ഒരിക്കൽ ലോകത്തിലെ ആറാമത്തെ ധനികനായിരുന്ന അനിൽ, 2020 ഫെബ്രുവരിയിൽ യുകെ കോടതിയിൽ പാപ്പരത്തം പ്രഖ്യാപിച്ചു, തന്റെ ആസ്തി പൂജ്യമാണെന്ന് ഡിക്ലയർ ചെയ്തു, എന്നാൽ ആ അവകാശവാദത്തിന്റെ സത്യാവസ്ഥ ചോദ്യം ചെയ്യപ്പെട്ടിരുന്നു എന്നത് മറ്റൊരു യാഥാർത്ഥ്യം. അങ്ങനെ അനിലിന്റെ ജീവിതം കയററിറക്കങ്ങളുടെ ആകെത്തുകയായി.
കോകിലാബെന്നിന്റെയും ധീരുഭായ് അംബാനിയുടെയും മകനായി1959 ജൂൺ 4 നാണ് അനിൽ അംബാനി ജനിച്ചത്. കൽക്കട്ടയിലെ സ്കോട്ടിഷ് ചർച്ച് കോളേജിൽ പഠിച്ചു, ഫിസിക്സിലും ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിലും ബിരുദം പൂർത്തിയാക്കി. സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തരബിരുദം നേടി. സ്വന്തം ബിസിനസ്സ് സംരംഭങ്ങൾ തുടങ്ങുന്നതിന് മുമ്പ് രണ്ട് വർഷത്തോളം അനിൽ അംബാനി പിതാവിന്റെ കമ്പനിയിൽ ജോലി ചെയ്തു.
പിതാവ് ധിരുഭായ് അംബാനി 1956 ൽ ആരംഭിച്ച ടെക്സ്റ്റൈൽ ബിസിനസ്സാണ് പിന്നീട് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് എന്ന കമ്പനിയായി മാറിയത്. 1981-ൽ അനിൽ അംബാനി റിലയൻസ് ഇൻഫോകോം എന്ന കമ്പനി സ്ഥാപിച്ചു, അത് പിന്നീട് റിലയൻസ് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ് എന്ന് പുനർനാമകരണം ചെയ്തു. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിൽ നിന്ന് വേർപെടുത്തി രൂപീകരിച്ച റിലയൻസ് അനിൽ ധീരുഭായ് അംബാനി ഗ്രൂപ്പിന്റെ (റിലയൻസ് ADAG) ചെയർമാനായിരുന്നു. ഇതിന് കീഴിലായിരുന്നു റിലയൻസ് കമ്മ്യൂണിക്കേഷൻസ്, റിലയൻസ് ക്യാപിറ്റൽ, റിലയൻസ് പവർ, റിലയൻസ് ഇൻഫ്രാസ്ട്രക്ചർ, തുടങ്ങിയവ.
2000-ത്തിന്റെ തുടക്കത്തിൽ അനിൽ അംബാനി സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. 2002ൽ അച്ഛന്റെ വിയോഗത്തിന് തൊട്ടുപിന്നാലെ അംബാനി സഹോദരങ്ങൾ തമ്മിലുണ്ടായ വഴക്കാണ് അനിൽ അംബാനിയുടെ പതനത്തിലേക്ക് നയിച്ചതെന്ന് പറയാം. വിൽപത്രം എഴുതാതെ പിതാവ് മരിച്ചതിനാൽ അത് അംബാനി കുടുംബത്തിനുള്ളിൽ സങ്കീർണതകൾ സൃഷ്ടിച്ചു. സഹോദരങ്ങൾ തമ്മിൽ ആദ്യം സമന്വയത്തിലാണെന്ന് തോന്നിയെങ്കിലും പിന്നീട് അവർ തമ്മിലുള്ള ബന്ധം വഷളായി. ക്രമേണ, പരസ്പരം ആലോചിക്കാതെ ഓരോരുത്തരും കമ്പനിക്ക് വേണ്ടി തീരുമാനങ്ങൾ എടുക്കുന്ന അവസ്ഥയിലേക്ക് വഴക്ക് വർദ്ധിച്ചു. സഹോദരൻമാരുടെ പരസ്യമായ പിളർപ്പിൽ അമ്മ കോകിലാബെൻ ഇടപെട്ട് രണ്ട് പേർക്കുമായി റിലയൻസ് സാമ്രാജ്യം വിഭജിച്ച് പ്രതിസന്ധി പരിഹരിച്ചു.
ടെലികോം, വൈദ്യുതി ഉൽപ്പാദനം, സാമ്പത്തിക സേവനം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുടെ ബിസിനസ്സ് അനിലിന് ലഭിച്ചു, അദ്ദേഹത്തിന്റെ ആസ്തി 4.5 ബില്യൺ ഡോളറായി. മുകേഷിന് ഓയിൽ ആൻഡ് ഗ്യാസ്, പെട്രോകെമിക്കൽ, റിഫൈനിംഗ്, മാനുഫാക്ചറിംഗ് ബിസിനസ്സുകൾ ലഭിച്ചു. അന്ന് അദ്ദേഹത്തിന്റെ ആസ്തി 4.9 ബില്യൺ ഡോളറായിരുന്നു. തുടർന്നുള്ള വർഷങ്ങളിൽ അനിൽ അംബാനിയുടെ ഉയർച്ച കണ്ടു. 2007 ആയപ്പോഴേക്കും അദ്ദേഹത്തിന്റെ ആസ്തി 45 ബില്യൺ ഡോളറായിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒ ആയി റിലയൻസ് പവറിന്റെ ഐപിഒ 2008-ൽ അവതരിപ്പിച്ചു. നല്ലൊരു സിനിമാപ്രേമി ആയ അനിൽ ആഡ്ലാബ്സ് ഫിലിംസിലൂടെ നിർമാണരംഗത്തേക്ക്കടന്നു. ബോളിവുഡ് സിനിമാ നിർമ്മാതാവായി.തീർന്നില്ല, സ്റ്റീവൻ സ്പിൽബർഗ്സ് ഡ്രീം വർക്ക് പിക്ചേഴ്സിൽ നിക്ഷേപിക്കുകയും ചെയ്തു. 2008 ലെ സാമ്പത്തിക പ്രതിസന്ധി അനിലിന്റെ പതനത്തിന് കാരണമായി. പ്രകൃതി വാതക വിതരണരംഗത്ത് നേരിട്ട തിരിച്ചടി അനിലിന്റെ പതനത്തിന് ആക്കം കൂട്ടി. മറുവശത്ത് മുകേഷ് അംബാനി ആശയവിനിമയ മേഖലയിലേക്ക് പ്രവേശിച്ചു.അനിൽ അംബാനിയുടെ സമ്പത്തിന്റെ 66 ശതമാനവും റിലയൻസ് കമ്മ്യൂണിക്കേഷനാണ്. പക്ഷേ, 2G, 3G എന്നിവയിൽ പരിമിതപ്പെടുത്തിയിരുന്ന CDMA തിരഞ്ഞെടുത്തതിനാൽ ഇതിന് സാങ്കേതിക പരിമിതി ഉണ്ടായിരുന്നു. അതേസമയം, മുകേഷ് അംബാനി മൊബൈൽ നെറ്റ്വർക്ക് ബിസിനസിലേക്ക് പണം നിക്ഷേപിച്ച് ജിയോ ആരംഭിച്ചു. ഇത് അനിലിന്റെ റിലയൻസ് കമ്മ്യൂണിക്കേഷൻസിന്റെ തകർച്ചയിലേക്ക് നയിച്ചു. കമ്പനി നിലനിർത്താൻ അനിൽ കടമെടുത്തു തുടങ്ങി.2016 ആയപ്പോഴേക്കും അദ്ദേഹത്തിന്റെ കമ്പനി കടക്കെണിയിലായി. 2017 ആയപ്പോഴേക്കും വിപണിയിൽ നിന്ന് പുറത്തായി.
ആർകോമിനൊപ്പം, മറ്റ് ഗ്രൂപ്പ് കമ്പനികളായ റിലയൻസ് ക്യാപിറ്റൽ, റിലയൻസ് ഇൻഫ്രാസ്ട്രക്ചർ, റിലയൻസ് പവർ, റിലയൻസ് ഹോം ഫിനാൻസ് എന്നിവയും നഷ്ടം നേരിട്ടു.കടം തിരിച്ചടയ്ക്കാൻ കഴിയാത്തതിനാൽ, എറിക്സണിൽ നിന്നും മൂന്ന് ചൈനീസ് ബാങ്കുകളിൽ നിന്നും വ്യവഹാരങ്ങൾ അദ്ദേഹത്തെ പിന്തുടർന്നു. കുടിശ്ശിക തീർപ്പാക്കുന്നതിനായി അദ്ദേഹം ഇപ്പോഴും കോടതികളിൽ പോരാടുകയാണ്. അതിനിടെ വിദേശആസ്തികളും നിക്ഷേപങ്ങളും കണ്ടെത്തിയെന്ന് ആരോപിച്ച്, ആദായനികുതി അന്വേഷണ വിഭാഗത്തിന്റെ മുംബൈ യൂണിറ്റ്, കള്ളപ്പണ നിയമ പ്രകാരം അനിൽ അംബാനിക്കെതിരെ നടപടി സ്വീകരിച്ചു വരികയാണ്. 800 കോടിയുടെ ഓഫ്ഷോർ അസറ്റാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.അംബാനിക്കും അദ്ദേഹത്തിന്റെ പ്രതിനിധികൾക്കും കുറഞ്ഞത് 18 ഓഫ്ഷോർ കമ്പനികളെങ്കിലും സ്വന്തമായുണ്ടെന്ന് Pandora പേപ്പേഴ്സ് വെളിപ്പെടുത്തിയിരുന്നു. 2007 നും 2010 നും ഇടയിൽ സ്ഥാപിതമായ ഈ കമ്പനികളിൽ ഏഴ് കമ്പനികൾ കുറഞ്ഞത് 1.3 ബില്യൺ ഡോളർ കടം വാങ്ങുകയും നിക്ഷേപിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പ്രതികൂല സാഹചര്യങ്ങൾക്ക് പുറമേ, യാഥാർത്ഥ്യബോധമില്ലാത്ത അനിയന്ത്രിതമായ അഭിലാഷങ്ങളും അനിൽ അംബാനിയുടെ പതനത്തിൽ ഒരു പങ്കുവഹിച്ചുവെന്ന് ബിസിനസ് ലോകം വിശ്വസിക്കുന്നു.