ഇനീഷ്യൽ പബ്ലിക്ക് ഓഫറിംഗുകളെ (IPOs) അടുത്ത റൗണ്ട് ഫണ്ടിംഗിനുള്ള മറ്റൊരു മാർഗമായി സ്റ്റാർട്ടപ്പ് സ്ഥാപകർ കാണരുതെന്ന് ഇൻഫോസിസ് ഫൗണ്ടർ എൻ.ആർ നാരായണ മൂർത്തി. ബെംഗളൂരുവിൽ നടന്ന ദ്വിദിന ഗ്ലോബൽ ഇന്നൊവേഷൻ കണക്ട് സമ്മിറ്റിൽ
സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത റൗണ്ട് ഫൈനാൻസിംഗിന് പകരമായാണ് പല സ്റ്റാർട്ടപ്പുകളും ഐപിഒകൾ കണക്കാക്കുന്നത്. പക്ഷേ ഇതുവഴി വന്നേക്കാവുന്ന ഉത്തരവാദിത്വം വളരെ വലുതാണെന്നും എൻ.ആർ നാരായണ മൂർത്തി വ്യക്തമാക്കി.
സ്റ്റാർട്ടപ്പുകൾ നേരിടുന്ന വെല്ലുവിളി
1993ൽ ഇൻഫോസിസ് സ്ഥാപിക്കുമ്പോൾ, ഓഹരി ഉടമകൾക്ക് സ്ഥിരമായ റിട്ടേൺ നൽകാനുള്ള ഭാരിച്ച ഉത്തരവാദിത്തം കമ്പനിയിൽ നിക്ഷിപ്തമായിരുന്നു. മിക്ക സ്റ്റാർട്ടപ്പുകളും ഇന്ന് നേരിടുന്ന വെല്ലുവിളി വെഞ്ച്വർ ക്യാപ്പിറ്റൽ സ്ഥാപനങ്ങളുടെ സമ്മർദ്ദമാണ്.മാർക്കറ്റ് ഗവേഷണ കമ്പനികളൊന്നും കൃത്യമായ വിവരങ്ങൾ കൈമാറ്റം ചെയ്യാത്തതിനാൽ, മിക്ക സ്റ്റാർട്ടപ്പുകൾക്കും വിപണിയെക്കുറിച്ച് വ്യക്തമായ ധാരണയില്ല. 200 മില്ല്യണോളം വരുന്ന മധ്യവർഗ്ഗ ജനസംഖ്യയെ ലക്ഷ്യമിട്ടാണ് 1990-കളുടെ മധ്യത്തിൽ ബഹുരാഷ്ട്ര കോർപ്പറേഷനുകൾ ഇന്ത്യയിലേക്ക് വന്നത്. എന്നാൽ മിക്കവരും ആ സാദ്ധ്യത നിലനിർത്തുന്നതിൽ പരാജയപ്പെട്ടു. ഇതിന് സമാനമായതു തന്നെയാണ് നിലവിൽ സ്റ്റാർട്ടപ്പുകളുടെ കാര്യത്തിലും സംഭവിക്കുന്നത്.
എന്താണ് PSPD മാതൃക?
ഇൻഫോസിസിന്റെ ആദ്യകാല വിജയത്തിനായി തയ്യാറാക്കിയ PSPD (predictability-sustainability-profitability-derisking) മാതൃക പിന്തുടരാൻ എൻ.ആർ നാരായണ മൂർത്തി സ്റ്റാർട്ടപ്പുകളോട് ശുപാർശ ചെയ്തു. ഇത് വരുമാനത്തിന്റെ പ്രവചനം, കോൾഡ് കോളുകളിലൂടെയും സമയബന്ധിതമായ ഡെലിവറിയിലൂടെയും ബിസിനസ്സിന്റെ സുസ്ഥിരത, ചെലവ് നിയന്ത്രണത്തിലൂടെയും വിവേകപൂർവ്വം ചെലവുകൾ കൈകാര്യം ചെയ്യുന്നതിലൂടെയും നേടുന്ന ലാഭം തുടങ്ങിയവയാണ് PSPD മാതൃകയിൽ ഉൾപ്പെടുന്നത്.