സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി 250 കോടിയുടെ വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടിന് അംഗീകാരം നൽകി കേരളം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗമാണ് അനുമതി നൽകിയത്. സ്റ്റാർട്ടപ്പ് മെയ്ന്റനൻസ് ഫണ്ടിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട പ്രാരംഭ ചെലവുകൾക്കായി ഒരു കോടി രൂപയും നീക്കിവച്ചു.
ഫണ്ട് തുക കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസും സർക്കാരിന്റെ മറ്റ് സാമ്പത്തിക വിഭാഗങ്ങളും വഴി സമാഹരിക്കും. സർക്കാർ കണക്കുകൾ പ്രകാരം, 3,100-ലധികം ടെക്നോളജി സ്റ്റാർട്ടപ്പുകളും 40 ഇൻകുബേറ്ററുകളുമാണ് കേരളത്തിലുളളത്. ഇക്വിറ്റി നിക്ഷേപത്തിൽ 2,000 കോടി രൂപ സമാഹരിച്ചതായാണ് നിലവിൽ കേരള സ്റ്റാർട്ടപ്പുകൾ അവകാശപ്പെടുന്നത്.