2025 ആകുമ്പോഴേയ്ക്കും ഇന്ത്യൻ ഇ-കൊമേഴ്സ് ഉപയോക്താക്കൾ 350 ദശലക്ഷമാകുമെന്ന് റിപ്പോർട്ട്. റിപ്പോർട്ട് പ്രകാരം, 2020-ൽ ഇന്ത്യയിൽ 150 ദശലക്ഷം ‘ഡിജിറ്റൽ ഉപയോക്താക്കളിൽ’ നിന്ന് ഏകദേശം 2.5 മടങ്ങ് വർധനവുണ്ടായെന്ന് ഇത് കാണിക്കുന്നു. ഇന്ത്യയിലെ ഇ-കൊമേഴ്സ് ഉപയോക്താക്കൾ 2030-ഓടെ 23% വർദ്ധനവോടെ, 500 ദശലക്ഷം Compound annual growth റേറ്റ് കൈവരിക്കുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
വിപണിയിലെ മാറ്റം
വിപണി വ്യാപനത്തിന്റെ കാര്യമെടുത്താൽ, 2025 ആകുമ്പോഴേക്കും ഇന്ത്യയിലെ മൊത്തം ഇന്റർനെറ്റ് ഉപയോക്താക്കളിൽ 33% പേർ ഓൺലൈനായി ഷോപ്പിംഗിലേക്ക് മാറുമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2030 ആകുമ്പോഴേക്കും ആ അനുപാതം 46 ശതമാനമാകും. 2020ൽ ഓൺലൈൻ ഷോപ്പിംഗ് നടത്തുന്നവർ ഏകദേശം 25 ശതമാനമായിരുന്നു. അതേസമയം, ഓൺലൈൻ ഇടപാട് പൂർത്തിയാക്കുന്ന ഇന്ത്യയിലെ ഇന്റർനെറ്റ് ഉപയോക്താക്കൾ 2020ൽ 46 ശതമാനമായിരുന്നു. 2025-ൽ ഇത് 70 ശതമാനമായും 2030-ഓടെ 75 ശതമാനമായും ഉയരുമെന്നും റിപ്പോർട്ടിലുണ്ട്.
ഉൽപ്പന്ന ഗവേഷണത്തിന് ഇ- പോർട്ടൽ
ഇന്ത്യൻ നഗരങ്ങളിലെ ഇന്റർനെറ്റ് ഉപയോക്താക്കളിൽ 80% പേരും ഓൺലൈൻ ഉൽപ്പന്ന ഗവേഷണത്തിനായി ഇ-കൊമേഴ്സ് പോർട്ടലുകൾ ഉപയോഗിക്കുന്നുണ്ടെന്നും റിപ്പോർട്ടിലുണ്ട്. അവരിൽ നാലിലൊന്ന് പേരും അവരുടെ ഓഫ്ലൈൻ പർച്ചേസിംഗിനായി പോലും ഉൽപ്പന്ന ഗവേഷണത്തിനായി ഇ-കൊമേഴ്സ് വെബ്സൈറ്റുകൾ സന്ദർശിക്കുന്നതായി കണ്ടെത്തി. 2021-ൽ യഥാക്രമം 255 ശതമാനവും 136 ശതമാനവും വളർച്ച നേടിയ പുതിയ ഓൺലൈൻ ഉപഭോക്താക്കൾ ഇ-കൊമേഴ്സ് വെബ്സൈറ്റുകളിലെ വോയ്സ് സെർച്ചുകളെയാണ് കൂടുതലായി ആശ്രയിക്കുന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഇ-കൊമേഴ്സ് സ്റ്റാർട്ടപ്പുകളും ഫണ്ടിംഗും
2030-ഓടെ ഇന്ത്യയുടെ ഇ-കൊമേഴ്സ് വിപണി 400 ബില്യൺ ഡോളറായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലുള്ള 5,127 സജീവ സ്റ്റാർട്ടപ്പുകളിൽ 24 യൂണികോണുകളും ഒമ്പത് സോണികോണുകളും ഉൾപ്പെടുന്ന ഇന്ത്യയിലെ ഇ-കൊമേഴ്സ് വിഭാഗം വളരെ ലാഭകരമായ ഒരു ബിസിനസ്സ് സാദ്ധ്യതയാണ്. 2014നും 2021നും ഇടയിൽ ഇന്ത്യൻ ഇ-കൊമേഴ്സ് സ്റ്റാർട്ടപ്പുകൾ 27 ബില്യൺ ഡോളറിലധികം ഫണ്ടിംഗാണ് സമാഹരിച്ചത്.
ഉപഭോക്തൃ ഇന്റർനെറ്റ് സ്റ്റാർട്ടപ്പുകൾക്കുമുണ്ട് പങ്ക്
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (TRAI) പഠനങ്ങളനുസരിച്ച്, 2022 മാർച്ച് 31 വരെ ഇന്ത്യയിൽ 788 ദശലക്ഷത്തിലധികം ഇന്റർനെറ്റ് ഉപയോക്താക്കളുണ്ട്. അതായത് ഇന്ത്യയിലെ ജനസംഖ്യയുടെ 60% പേർക്കും ഇന്റർനെറ്റ് സൗകര്യമുണ്ട്. വർദ്ധിച്ചുവരുന്ന ഇന്റർനെറ്റ് ഉപയോഗത്തിന്റെ ഫലമായി രാജ്യത്തെ ഉപഭോക്തൃ ഇന്റർനെറ്റ്, ഇ-കൊമേഴ്സ് തുടങ്ങിയ വിഭാഗങ്ങൾ അതിവേഗം വികസിക്കുന്നു. ഇതുവരെ 57 യൂണികോണുകളെ സൃഷ്ടിച്ച സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിലെ ഏറ്റവും വലിയ വിഭാഗങ്ങളിലൊന്നാണ് ഇന്ത്യയുടെ ഉപഭോക്തൃ ഇന്റർനെറ്റ് വിപണി. 2014 നും 2021നും ഇടയിൽ 80 ബില്യൺ ഡോളറിലധികം ഫണ്ടാണ് ഉപഭോക്തൃ ഇന്റർനെറ്റ് സ്റ്റാർട്ടപ്പുകൾ സമാഹരിച്ചത്. അതായത്, ഇന്ത്യയുടെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം ഏകദേശം 130 ബില്യൺ ഡോളർ സമാഹരിച്ചു എന്നതിനർത്ഥം, സ്റ്റാർട്ടപ്പ് ഫണ്ടിംഗിന്റെ ഏകദേശം 62 ശതമാനത്തോളം ഒഴുകുന്നത് ഉപഭോക്തൃ ഇന്റർനെറ്റ് സ്റ്റാർട്ടപ്പുകളിലേക്കാണ് എന്നാണ്.