ക്രിപ്റ്റോ നിക്ഷേപകർക്ക് ചങ്കിടിപ്പേറ്റി ബിറ്റ്കോയിൻ പൂജ്യത്തിലേക്കെന്ന മുന്നറിയിപ്പുമായി ചൈന. ആഗോള മാന്ദ്യത്തിന് കീഴിൽ ക്രിപ്റ്റോകറൻസിയായ ബിറ്റ്കോയിന്റെ വില പൂജ്യത്തിലേക്ക് നീങ്ങുന്നുവെന്ന് ചൈനീസ് സർക്കാർ പത്രമായ ഇക്കണോമിക് ഡെയ്ലി നിക്ഷേപകർക്ക് മുന്നറിയിപ്പ് നൽകി. ഒരു ബിറ്റ്കോയിന് ഏകദേശം 21,000 ഡോളർ എന്ന നിലയിലേക്ക് ക്രിപ്റ്റോകറൻസി വിപണി തകർച്ച നേരിടുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്.ബിറ്റ്കോയിന്റെ വില ഈ മാസം 17,958 ഡോളറായി കുറഞ്ഞിരുന്നു പിന്നീടാണ് 20,000 ഡോളറിൽ കൂടുതലായത്.
ക്രിപ്റ്റോ വിദഗ്ധരുടെ അഭിപ്രായത്തിൽ, ഈ വർഷം ബിറ്റ്കോയിൻ 14,000 ഡോളറിൽ എത്തിയേക്കാം. കഴിഞ്ഞ വർഷം നവംബറിലെ ബിറ്റ്കോയിന്റെ എക്കാലത്തെയും റെക്കോർഡ് വിലയായ 68,000 ഡോളറിൽ നിന്ന് 80 ശതമാനം ഇടിവ് ആയിരിക്കും ഇത്. കഴിഞ്ഞ വർഷം ജൂലൈയിലാണ് ചൈനീസ് സർക്കാർ ബിറ്റ്കോയിൻ ഖനനം നിരോധിച്ചത്.ഡിജിറ്റൽ ചൈനീസ് യുവാൻ എന്ന പേരിൽ ചൈനീസ് സെൻട്രൽ ബാങ്കിന് ഡിജിറ്റൽ കറൻസി അവതരിപ്പിക്കാൻ പദ്ധതിയുണ്ട്.