തദ്ദേശീയമായി വികസിപ്പിച്ച സെമി-ഹൈ സ്പീഡ് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ റേക്കുകൾ മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ എന്നീ രാജ്യങ്ങൾ വന്ദേ ഭാരത് ട്രെയിനുകളോട് താൽപ്പര്യം പ്രകടിപ്പിച്ചു. ലാറ്റിനമേരിക്കയിലെ ഏതാനും രാജ്യങ്ങളും താൽപ്പര്യം പ്രകടിപ്പിച്ചതായാണ് റിപ്പോർട്ട്. വിവിധ റൂട്ടുകളിൽ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 400 വന്ദേ ഭാരത് റേക്കുകൾ പുറത്തിറക്കാനാണ് റെയിൽവേയുടെ ലക്ഷ്യം.
2023 ഓഗസ്റ്റിൽ കുറഞ്ഞത് 75 റേക്കുകളെങ്കിലും നിർമ്മിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി റെയിൽവേയോട് അഭ്യർത്ഥിച്ചിരുന്നു. മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയുള്ള, പരമാവധി വേഗത 160 കിലോമീറ്റർ ഉള്ള, ഇന്ത്യയിലെ ആദ്യത്തെ സെമി-ഹൈ സ്പീഡ് ട്രെയിനാണ് വന്ദേ ഭാരത്. 16 കോച്ചുകളുള്ള വന്ദേ ഭാരത് ട്രെയിനിന്റെ നിർമാണച്ചെലവ് ഏകദേശം 130 കോടി രൂപയാണ്. ഇന്റഗ്രൽ കോച്ച് ഫാക്ടറിക്കു പുറമേ കപൂർത്തലയിലെ റെയിൽ കോച്ച് ഫാക്ടറി, റായ്ബറേലിയിലെ മോഡേൺ കോച്ച് ഫാക്ടറി എന്നിവയും റേക്കുകളുടെ നിർമ്മാണം ആരംഭിക്കും.