കേരള സർക്കാരിന്റെ ദാരിദ്ര്യ ലഘൂകരണ പദ്ധതിയുടെ രണ്ടാം ഘട്ടം ഈ മാസം ആരംഭിക്കും. സംസ്ഥാനമൊട്ടാകെ നടത്തിയ സർവേയിൽ അതീവ ദരിദ്രരായ 64,006 കുടുംബങ്ങളെയാണ് കണ്ടെത്തിയത്. ഓരോ കുടുംബങ്ങൾക്കും മൈക്രോപ്ലാൻ തയാറാക്കിയാണ് ദാരിദ്ര്യ ലഘൂകരണ പദ്ധതിയുടെ രണ്ടാമത്തെ ഘട്ടത്തിന് തുടക്കമിടുന്നത്. സംസ്ഥാനത്തെ കൊടിയ ദാരിദ്ര്യം അവസാനിപ്പിക്കാൻ 64,006 കുടുംബങ്ങൾക്കായി സർക്കാർ മൈക്രോപ്ലാൻ തയ്യാറാക്കുന്നതായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ ട്വീറ്റ് ചെയ്തു.
പദ്ധതിയുടെ ഭാഗമായി കോർപ്പറേറ്റ് സ്ഥാപനങ്ങൾ, NRI സംഘടനകൾ, സഹകരണ ബാങ്കുകൾ, വ്യാപാര സംഘടനകൾ, സന്നദ്ധ സംഘടനകൾ, സേവന മനോഭാവമുള്ളവർ എന്നിവരുമായി ഏകോപിപ്പിച്ച് ദാരിദ്ര്യ നിർമാർജന പദ്ധതിക്ക് ഫണ്ട് കണ്ടെത്തണമെന്ന് തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഹ്രസ്വകാല പദ്ധതികൾക്ക് കീഴിൽ പോഷകസമൃദ്ധമായ ഭക്ഷണം ആവശ്യക്കാർക്ക് നൽകും. തെരുവുകളിൽ താമസിക്കുന്നവരെ കെയർ ഹോമുകളിൽ പുനരധിവസിപ്പിക്കുക, ഭക്ഷണ കിറ്റുകൾ നൽകുക,സർക്കാരിന്റെ വിവിധ ആരോഗ്യ പദ്ധതികളുമായി അവശരെ ബന്ധിപ്പിക്കുക, ചലനശേഷി ഉറപ്പാക്കാനുള്ള ഉപകരണങ്ങൾ നൽകുക, മാനസിക വെല്ലുവിളി നേരിടുന്നവരെ വിവിധ പരിചരണ സൗകര്യങ്ങളിലേക്ക് മാറ്റുക എന്നിവയും ഇതിന്റെ പരിധിയിൽ വരും.
ദീർഘകാല പദ്ധതികൾക്ക് കീഴിൽ ലൈഫ് പദ്ധതിക്ക് കീഴിലുള്ള വീടുകൾ, വിദ്യാഭ്യാസത്തിനുള്ള ക്രമീകരണങ്ങൾ, അഭിരുചിയെ അടിസ്ഥാനമാക്കിയുള്ള നൈപുണ്യ പരിശീലനം, ഭിന്നശേഷിക്കാർക്കായി പ്രത്യേക നൈപുണ്യ പരിശീലനം എന്നിവ നൽകും. ഓരോ പ്രദേശത്തെയും കുടുംബശ്രീ യൂണിറ്റുകൾ പദ്ധതി നിർവഹണ നടപടികൾക്ക് നേതൃത്വം കൊടുക്കും. പദ്ധതികൾ നടപ്പാക്കിക്കഴിഞ്ഞാൽ ഓരോ വർഷവും കുടുംബങ്ങളുടെ സ്ഥിതി വിലയിരുത്തി പദ്ധതികൾ പരിഷ്കരിക്കാനും പദ്ധതിയുണ്ട്.