ആനന്ദ് മഹീന്ദ്ര പറയുന്നു, ദാ ഇങ്ങനെയാകണം സ്റ്റാർട്ടപ്.
ലക്ഷണമൊത്ത സംരംഭകന് ലോകത്തെ ഏത് കാഴ്ചയും ബിസിനസ്സ് പാഠങ്ങളാണ്. വർത്തമാനകാല ഇന്ത്യയിലെ ബ്രില്യന്റായ എൻട്രപ്രണറാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. സമൂഹത്തിലേക്ക് തുറന്ന് വെച്ച കണ്ണുകളും, നിരീക്ഷണവും, ഇടപെടലും അദ്ദേഹത്തെ എന്നും വ്യത്യസ്തനാക്കുന്നു. ഇതാ, മാഞ്ചസ്റ്റർ സിറ്റി ടീം അവരുടെ ബദ്ധവൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡുമായി നടത്തിയ മത്സരത്തിലെ ഗംഭീരമായ ഒരു ഭാഗം ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തിരിക്കുന്നു. ഒരു സ്റ്റാർട്ടപ് എങ്ങനെ ആകണം എന്നാണ്, മാഞ്ചസ്റ്റർ യുണെറ്റഡിന് ഒന്ന് തൊടാൻ പോലും കൊടുക്കാതെ 44 പാസ്സുകൾ സ്വയം നടത്തി, മാഞ്ചസ്റ്റർ സിറ്റി അടിച്ച ഗോളിനെ സാക്ഷിയാക്കി ആനന്ദ് മഹീന്ദ്ര സിംപിളായി പറയുന്നത്. സ്റ്റാർട്ടപ്പുകളുടെ വിജയം എന്നത് മുന്നോട്ട് കയറിപോകുന്ന ഒന്നല്ല, ആലോചിച്ചും ശ്രദ്ധിച്ചും മുന്നോട്ടും ഒരുവേള പിന്നോട്ടും പിന്നെ അതിവേഗത്തിൽ പടർന്നും നേടുന്ന മനോഹരമായ നൃത്തം പോലെയാണത്. ആ ഗോള്‍ കണ്ടാൽ മനസ്സിലാകും അദ്ദേഹം പറഞ്ഞത് എത്ര സത്യമാണെന്ന്. 44 പാസ്സുകളാണ് മാഞ്ചസ്റ്റർ സിറ്റിയുടെ ചുണക്കുട്ടികളുടെ മാത്രം കാലുകളിൽ കിടന്ന് കളിച്ചത്.