സംസ്ഥാനത്തെ 20 ലക്ഷത്തോളം കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് നൽകുന്ന സംസ്ഥാന സർക്കാരിന്റെ KFON പദ്ധതി ദ്രുതഗതിയിൽ. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളെയാണ് പദ്ധതി പ്രധാനമായും ലക്ഷ്യമിടുന്നത്. പദ്ധതി വഴി, സ്വന്തമായി ഇന്റർനെറ്റ് സേവനമുള്ള രാജ്യത്തെ ഏക സംസ്ഥാനമായി കേരളം മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
KFON പ്രകാരം, 14 ജില്ലകളിലായി മൊത്തം 35,000 കിലോമീറ്റർ ഒപ്റ്റിക്കൽ ഫൈബർ ശൃംഖല വിഭാവനം ചെയ്തിരിക്കുന്നു. 5,000 സർക്കാർ ഓഫീസുകളും, 25,000 സർക്കാർ സ്ഥാപനങ്ങളും ഇതിനോടകം തന്നെ KFON നെറ്റ്വർക്കുമായി ബന്ധിപ്പിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ എന്നിവയെയും പദ്ധതിയ്ക്കു കീഴിൽ കൊണ്ടുവരും. ഡിജിറ്റൽ വിടവ് ഒഴിവാക്കുന്നത് ലക്ഷ്യമിട്ട് തുടക്കമിട്ട സംരംഭമാണ് K-Fon അഥവാ കേരള ഫൈബർ ഒപ്റ്റിക്ക് നെറ്റ് വർക്ക്. സംസ്ഥാനത്ത് നിലവിലുള്ള ടെലികോം സംവിധാനത്തെ KFON ഉത്തേജിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.