ഇന്ത്യൻ വിപണിയിൽ ഇലക്ട്രിക്ക് സ്പോർട്ട്സ് കാർ പുറത്തിറക്കാൻ ഒല. ഇന്ത്യയിൽ ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും മികച്ച സ്പോർട്ട്സ് കാർ നിർമ്മിക്കാൻ പദ്ധതിയിടുന്നുവെന്ന് ഒല സിഇഒ ഭവീഷ് അഗർവാൾ. പുതുതായി നിർമ്മിക്കാനിരിക്കുന്ന 4 വീലേഴ്സ് ഫാക്ടറിയിൽ അടുത്ത 3 വർഷത്തിനുള്ളിൽ ഇലക്ട്രിക്ക് കാർ നിർമ്മിക്കുമെന്ന് കമ്പനി നേരത്തേ പ്രഖ്യാപിച്ചിരുന്നു.
10,000 കോടി രൂപ നിക്ഷേപം പ്രതീക്ഷിക്കുന്ന സെൽ ജിഗാഫാക്ടറിയും ഇലക്ട്രിക് കാർ ഫാക്ടറിയും സ്ഥാപിക്കാൻ ഒല ഇലക്ട്രിക്കിന് 1,000 ഏക്കറോളം ഭൂമി ഏറ്റെടുക്കേണ്ടിവരുമെന്ന് വിലയിരുത്തുന്നു. ഇതിനായി ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. 2020 ഡിസംബറിൽ തന്നെ തമിഴ്നാട് കേന്ദ്രീകരിച്ച് ഇലക്ട്രിക് സ്കൂട്ടറുകളുടെ നിർമ്മാണം ഒല ആരംഭിച്ചിരുന്നു. തമിഴ്നാട്ടിലെ കൃഷ്ണഗിരിയിൽ 500 ഏക്കർ സ്ഥലത്താണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ 2 വീലർ ഫാക്ടറിയായ ഒല ഫ്യൂച്ചർ ഫാക്ടറി സ്ഥിതി ചെയ്യുന്നത്.