കാർബൺ ബഹിർഗമനം തടയാൻ 80,000 കോടി രൂപ ചെലവിൽ മെഗാ ഇലക്ട്രിക് ബസ് കരാറുമായി കേന്ദ്ര സർക്കാർ. ഇതിനായി കൺവേർജൻസ് എനർജി സർവീസസ് ലിമിറ്റഡ് (CESL), 10 ബില്യൺ ഡോളറിന്റെ ടെൻഡർ വിളിച്ചു. ഇലക്ട്രിക് ബസുകളുടെ പ്രാദേശിക ഉൽപ്പാദനം ഡിമാൻഡിനനുസരിച്ച് വളരുമെന്ന് CESL മാനേജിംഗ് ഡയറക്ടർ മഹുവ ആചാര്യ.
സോളാർ, ഇലക്ട്രിക്ക് വാഹനങ്ങളുടെ ലീസിംഗ് ബിസിനസ്സ് കൈകാര്യം ചെയ്യാൻ 2020ലാണ് CESL രൂപീകരിച്ചത്. 2070-ഓടെ സീറോ കാർബൺ ബഹിർഗമനം കൈവരിക്കാനാണ് CESL ലക്ഷ്യമിടുന്നത്. 2030-ഓടെ കാർബൺ ബഹിർഗമനം 1 ബില്യൺ ടൺ കുറയ്ക്കാനും പദ്ധതിയിടുന്നു. 2022 ആദ്യം അഞ്ച് സംസ്ഥാനങ്ങൾക്കായി CESL, 5,450 ഇലക്ട്രിക് ബസുകൾക്ക് കരാർ നൽകിയിരുന്നു. നിലവിൽ റോഡുകളിലുള്ള ഇരുചക്രവാഹനങ്ങളുടെ സമ്പൂർണ്ണ വൈദ്യുതീകരണം ഏഴു വർഷത്തിനുള്ളിൽ പൂർത്തിയാക്കാൻ ഇന്ത്യയ്ക്കാകുമെന്ന് CESL വ്യക്തമാക്കി.