വ്യാജവാർത്തകൾ പ്രചരിപ്പിച്ചതിന് 94 യൂട്യൂബ് ചാനലുകളും 19 സോഷ്യൽ മീഡിയ അക്കൗണ്ടുകളും 2021-22 കാലയളവിൽ ബ്ലോക്ക് ചെയ്തതായി കേന്ദ്ര സർക്കാർ. 747 യൂണിഫോം റിസോഴ്സ് ലൊക്കേറ്ററുകളും സർക്കാർ ബ്ലോക്ക് ചെയ്തതായി ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി അനുരാഗ് താക്കൂർ അറിയിച്ചു. ഇൻഫർമേഷൻ ടെക്നോളജി ആക്റ്റ് 2000 സെക്ഷൻ 69 A പ്രകാരമാണ് ഈ നടപടികൾ സ്വീകരിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
വ്യാജവാർത്തകൾ പ്രചരിപ്പിച്ചും ഇന്റർനെറ്റിൽ കുപ്രചരണങ്ങൾ നടത്തിയും രാജ്യത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്ന ഏജൻസികൾക്കെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ട്. ഡിസംബറിൽ പാകിസ്ഥാനിൽ നിന്ന് പ്രവർത്തിക്കുന്ന 20 യൂട്യൂബ് ചാനലുകളും രണ്ട് വെബ്സൈറ്റുകളും ബ്ലോക്ക് ചെയ്യാൻ മന്ത്രാലയം നിർദ്ദേശം നൽകിയിരുന്നു. കൊവിഡ്-19 മായി ബന്ധപ്പെട്ട വ്യാജവാർത്തകളുടെ വ്യാപനം പരിശോധിക്കുന്നതിന്, പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ വസ്തുതാ പരിശോധന സെൽ രൂപീകരിച്ചിട്ടുണ്ട്. സെല്ലിലേക്ക് ആളുകൾക്ക് കൊവിഡുമായി ബന്ധപ്പെട്ട വിവരങ്ങൾ റഫർ ചെയ്യാമെന്ന് അനുരാഗ് താക്കൂർ പറഞ്ഞു.