സാമ്പത്തികമാന്ദ്യത്തെ തുടർന്നുള്ള ചെലവു ചുരുക്കൽ നയത്തിന്റെ ഭാഗമായി സിലിക്കൺ വാലിയിലെ യൂണിറ്റുകളിൽ 2,000ത്തിലധികം
ജീവനക്കാരെ മൈക്രോസോഫ്റ്റും ടെസ് ലയും പിരിച്ചുവിട്ടു. സത്യ നഡെല്ല സിഇഒയായ മൈക്രോസോഫ്റ്റ് ആണ് പുനസം ഘടനയെ തുടർന്ന് ജീവനക്കാരെ പിരിച്ചുവിട്ട ആദ്യ ടെക്ക് കമ്പനികളിൽ ഒന്ന്. ഓഫീസുകളിലേയും പ്രോഡക്ട് വിഭാഗത്തിലേതുമടക്കം 1,800 ഓളം ജീവനക്കാരെയാണ് മൈക്രോസോഫ്റ്റ് പിരിച്ചുവിട്ടത്. ആഴ്ചകൾക്ക് മുൻപ് കാലിഫോർണിയയിലെ ടെസ് ല ഓഫീസ് പൂർണ്ണമായും പ്രവർത്തനം അവസാനിപ്പിച്ചപ്പോൾ, 229 തൊഴിലാളികളെയാണ് ടെസ് ല പിരിച്ചുവിട്ടത്. കമ്പനിയിലെ 10%ത്തോളം ജീവനക്കാരെ പിരിച്ചുവിടേണ്ട സാഹചര്യമുണ്ടാ കുമെന്ന് ടെസ് ല സിഇഒ ഇലോൺ മസ്ക്ക് സഹപ്രവർത്തകരെ അറിയിച്ചിരുന്നു.
വരാനിരിക്കുന്ന 12 മാസക്കാലത്തോളം ലോകം വലിയ സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വരുമെന്ന് ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് സിഇഒ ക്രിസ്റ്റലിന ജോർജ്ജീവ നേരത്തേ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. മൈക്രോസോഫ്റ്റും ടെസ് ലയും കൂടാതെ, ട്വിറ്റർ, നെറ്റ്ഫ്ലിക്ക്സ്, കോയിൻബേസ് തുടങ്ങിയ ആഗോള കമ്പനികളും കഴിഞ്ഞ മാസങ്ങളിൽ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. അതേസമയം, ഇന്ത്യൻ ഐടി രംഗത്തെ പ്രമുഖ സ്ഥാപനങ്ങളായ Accenture, ടാറ്റാ കൺസൾട്ടൻസി സർവ്വീസസ് എന്നിവ പുതിയ നിയമനങ്ങളൊന്നും സ്വീകരിച്ചില്ലെന്നാണ് റിപ്പോർട്ടുകൾ.