കോവിഡ് ലോക്ക്ഡൗണിൽ രാജ്യത്തെ ചെറുകിട കച്ചവടക്കാർക്ക് വലിയ പ്രതിസന്ധി നേരിട്ടിരുന്നു. ഈ പ്രശ്നത്തിന് ഒരു പരിഹാരമെന്ന നിലയിലാണ് Dukaan വരുന്നത്. 2020ൽ സുമിത് ഷായും സുഭാഷ് ചൗധരിയും ചേർന്ന് ആരംഭിച്ച ആപ്പാണ് Dukaan. 2020 മെയ് മാസത്തിൽ ഔദ്യോഗികമായി Dukaan ആപ്പ് പുറത്തിറക്കി. 48 മണിക്കൂറിനുള്ളിൽ, വികസിപ്പിച്ച ആപ്പ് നിരവധി ജീവിതങ്ങളെയാണ് പ്രതിസന്ധിയിൽ നിന്ന് കരകയറ്റിയത്. ചില്ലറ വ്യാപാരികൾക്കു സ്വന്തമായി ഓൺലൈൻ സ്റ്റോറുകൾ സൃഷ്ടിക്കാനും ഓൺലൈനിൽ സാധനങ്ങൾ വിൽക്കാനും അനുവദിക്കുന്ന ആപ്പാണ് Dukaan.
നിലവിൽ രാജ്യത്തുടനീളമുള്ള 2200-ലധികം നഗരങ്ങളിൽ ആപ്പ് ലഭ്യമാണ്. ലോഞ്ച് കഴിഞ്ഞ് 20 ദിവസങ്ങൾക്കുള്ളിൽ, രാജ്യത്തുടനീളമുള്ള 400 നഗരങ്ങളിലായി 150000-ത്തിലധികം സ്റ്റോറുകൾ സൃഷ്ടിക്കപ്പെട്ടു. ഉപയോഗിക്കാൻ എളുപ്പമുള്ളതും അഫോഡബിളുമായ ഈ പ്ലാറ്റ്ഫോം നിരവധി ചെറുകിട കടയുടമകളെ അവരുടെ ബിസിനസ്സ് നിലനിർത്താനും മുന്നോട്ട് പോകാനും സഹായിച്ചു.ലോക്ക്ഡൗൺ സമയത്ത്, ജോക്കി സ്റ്റോറിൽ നിന്ന് സുമിത് ഷായ്ക്ക് ഒരു സന്ദേശം ലഭിച്ചു, അതിൽ ഞങ്ങൾ ഇപ്പോൾ വാട്ട്സ്ആപ്പിലും ഓർഡറുകൾ സ്വീകരിക്കും എന്നായിരുന്നു. ഇത് സുമിതിന് ഒരു ആശയം നൽകി. ചെറുകിട കച്ചവടക്കാർക്കും വ്യാപാരികൾക്കും അവരുടെ ഉൽപ്പന്നങ്ങൾ ബുദ്ധിമുട്ടില്ലാതെ വിൽക്കാൻ കഴിയുന്ന ഒരു ഓൺലൈൻ വിപണി സൃഷ്ടിക്കാൻ അദ്ദേഹം തീരുമാനിച്ചു. സുഹൃത്ത് സുഭാഷിനെ വിളിച്ച് ഇരുവരും ചേർന്ന് 48 മണിക്കൂർ കൊണ്ട് ആൻഡ്രോയിഡ് ആപ്പ് ഉണ്ടാക്കി.
Dukaan സിഇഒ ആയ സുമിത് ഷാ ചെറുപ്പത്തിൽ, അമ്മാവന്റെ കടയിൽ ജോലി ചെയ്യുമായിരുന്നു. സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം ഷാ എഞ്ചിനീയറിംഗ് പഠിക്കാൻ പോയി. കോളേജിലെ സഹപാഠിയിൽ നിന്ന് വെബ് ഡെവലപ്മെന്റ് പഠിച്ചു. കൂടാതെ, ഷാ ഓൺലൈനിൽ നിരവധി മാർക്കറ്റിംഗ് കോഴ്സുകളും പഠിച്ചു. ലോക്ക്ഡൗൺ സമയത്ത്, ചെറുകിട കച്ചവടക്കാർക്ക് സാധനങ്ങൾ വിൽക്കാൻ കഴിയുന്ന ഒരു ഓൺലൈൻ മാർക്കറ്റ് പ്ലേസ് തുടങ്ങാനുള്ള ആശയം ഇങ്ങനെയാണ് പ്രാവർത്തികമായത്.
Dukaan സിടിഒ ആയ സുഭാഷ് ചൗധരി. കോഡിംഗും മാർക്കറ്റിംഗും പഠിച്ചത് ഓൺലൈൻ കോഴ്സുകളിലൂടെയാണ്. 2014ൽ ചൗധരിയും ഷായും ചേർന്ന് റൈസ്മെട്രിക് എന്ന മാർക്കറ്റിംഗ് സർവീസ് കമ്പനി സ്ഥാപിച്ചു. പിന്നീട്, ഇരുവരും ചേർന്ന് വിപണനത്തിന് സഹായിക്കുന്ന റാങ്ക്സും സ്ഥാപിച്ചു. ഒടുവിൽ, 2020-ൽ Dukaan ആരംഭിക്കുകയും വിജയിക്കുകയും ചെയ്തു.Dukaan ആപ്പ് ലോഞ്ച് ചെയ്തിട്ട് രണ്ട് വർഷമേ ആയിട്ടുള്ളൂ, ഇത് ഇതിനകം തന്നെ ഇന്ത്യയിലെ ഡിജിറ്റൽ സ്പേസിനെ മാറ്റിമറിച്ചു. 30 സെക്കൻഡിനുള്ളിൽ, ഒരു ഉപയോക്താവിന് ആപ്പിൽ സ്വന്തം സ്റ്റോർ സൃഷ്ടിക്കാൻ കഴിയും.