23-ാം വയസ്സിൽ കാഴ്ച നഷ്ടപ്പെട്ട ഒരു ചെറുപ്പക്കാരൻ കോടികളുടെ സംരംഭക സാമ്രാജ്യം ഉണ്ടാക്കിയത് അത്ഭുതപ്പെടുത്തുമോ?
മെഴുകുതിരികളിലൂടെ ജീവിതം പ്രകാശമാനമാക്കിയ മഹാബലേശ്വറിലെ ആ സംരംഭകന്റെ പേരാണ് ഭവേഷ് ഭാട്ടിയ. റെറ്റിന മസ്കുലർ തകരാറുമായി ജനിച്ച ഭവേഷിന്, കാലക്രമേണ തന്റെ കാഴ്ച കൂടുതൽ വഷളാകുമെന്ന് എല്ലായ്പ്പോഴും അറിയാമായിരുന്നു. പക്ഷേ, 23-ാം വയസ്സിൽ, വെളിച്ചം കണ്ണുകളെ ഉപേക്ഷിച്ചപ്പോൾ, ഭവേഷിന് ഉൾവെളിച്ചം മാത്രം മതിയാകുമായിരുന്നു സ്വയം പ്രകാശമാകാനും പ്രകാശം പരത്താനും. അങ്ങനെ ആയിരക്കണക്കിന് ജീവിതങ്ങൾക്ക് വെളിച്ചമേകാൻ അദ്ദേഹം തീരുമാനിച്ചു.
ഹോട്ടലിൽ ടെലിഫോൺ ഓപ്പറേറ്ററായി ജോലി ചെയ്തിരുന്ന ഭാവേഷിനെ കാഴ്ചശക്തി നഷ്ടപ്പെട്ടതിനെ തുടർന്ന് ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ദരിദ്രകുടുംബത്തിൽനിന്നുള്ള ആളായതിനാൽ, ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള വഴി കണ്ടെത്തുകയല്ലാതെ മറ്റൊരു മാർഗവുമില്ലായിരുന്നു. മുംബൈയിലെ നാഷണൽ അസോസിയേഷൻ ഫോർ ദി ബ്ലൈൻഡിൽ അദ്ദേഹം ചേർന്നു, അവിടെ നി്ന്ന് മെഴുകുതിരി നിർമ്മാണം പഠിച്ചു. രാത്രിയിൽ നിർമിക്കുന്ന മെഴുകുതിരികൾ മഹാബലേശ്വറിലെ പ്രാദേശിക മാർക്കറ്റിന്റെ മൂലയിൽ ഒരു വണ്ടിയിൽ കൊണ്ടുവന്ന് വിൽക്കാൻ തുടങ്ങി.
പിന്നീട്, അന്ധരായ ആളുകൾ ക്കുളള പ്രത്യേക പദ്ധതി പ്രകാരം 15,000 രൂപ വായ്പയെടുത്തു, മെഴുകുതിരി നിർമാണം വിപുലമാക്കി,തന്റെ ബിസിനസ്സ് സംരംഭമായ Sunrise Candles സ്ഥാപിച്ചു. ഒരു ചെറുകിട ബിസിനസ്സായി ആരംഭിച്ചത് ഇപ്പോൾ 9,500-ലധികം കാഴ്ച വൈകല്യമുള്ള ആളുകൾക്ക് തൊഴിൽ നൽകുന്ന ഒരു വലിയ സംരംഭമായി മാറിയിരിക്കുന്നു. സൺറൈസ് മെഴുകുതിരികൾക്ക് 14 സംസ്ഥാനങ്ങളിലായി ഏകദേശം 71 നിർമ്മാണ യൂണിറ്റുകളുണ്ട്. കൂടാതെ സൺറൈസിന്റെ മെഴുകുതിരികൾ ലോകമെമ്പാടുമുള്ള 67 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. ഒരു കാലത്ത്, അടുത്ത ദിവസത്തെ മെഴുക് വാങ്ങാൻ ഭാവേഷ് ഒരു ദിവസം ഇരുപത്തിയഞ്ച് രൂപ മിച്ചം പിടിച്ച് നീക്കിവെക്കുമായിരുന്നു. ഇന്ന് സൺറൈസ് മെഴുകുതിരികൾ ഒരു ദിവസം ഇരുപത്തിയഞ്ച് ടണ്ണിലധികം മെഴുക് ഉപയോഗിക്കുന്നു. യുകെയിൽ നിന്നാണ് മെഴുക് വാങ്ങുന്നത്. 9000ത്തിലധികം ഡിസൈനുകളിൽ plain, scented, aromatherapy കാൻഡിലുകൾ നിർമിക്കുന്നു. റിലയൻസ് ഇൻഡസ്ട്രീസ്, റാൻബാക്സി, ബിഗ് ബസാർ, നരോദ ഇൻഡസ്ട്രീസ്, റോട്ടറി ക്ലബ് എന്നിങ്ങനെ വൻ കമ്പനികൾ സൺറൈസിന്റെ ക്ലയന്റ്സാണ്.
ശാരീരിക വൈകല്യമുള്ളവരെ ഡിസൈനർ മെഴുകുതിരി നിർമ്മാണത്തിൽ പരിശീലിപ്പിക്കുന്നതിനായി മഹാബലേശ്വറിന് സമീപം ഭാവേഷ് ഒരു നൈപുണ്യ വികസന കേന്ദ്രവും ആരംഭിച്ചിട്ടുണ്ട്. മെഴുകുതിരി നിർമ്മാണത്തിന്റെ വിവിധ വശങ്ങളിൽ കേന്ദ്രം പരിശീലനം നൽകുന്നു, ഇത് ഒരു വാക്സ് മ്യൂസിയം കൂടിയാണ്.സച്ചിൻ ടെണ്ടുൽക്കർ, അമിതാഭ് ബച്ചൻ, നരേന്ദ്ര മോദി, ആമിർ ഖാൻ തുടങ്ങി നിരവധി പ്രമുഖരുടെ ജീവിതശൈലി പ്രതിമകൾ അടങ്ങുന്നതാണ് വാക്സ് മ്യൂസിയം. സ്പോർട്സ് എന്നും ഭാവേഷിന് പ്രചോദനമായിരുന്നു. പാരാലിമ്പിക്സിൽ പങ്കെടുത്തിട്ടുളള ഭാവേഷ് ഷോട്ട്പുട്ട്, ഡിസ്കസ് ത്രോ, ജാവലിൻ ത്രോ എന്നിവയിൽ സ്വർണ്ണ മെഡലുകളും നേടിയിട്ടുണ്ട്. മികച്ച സ്വയം തൊഴിൽ ചെയ്യുന്ന വൈകല്യമുള്ള വ്യക്തികൾക്കുള്ള ശാക്തീകരണത്തിനുള്ള ദേശീയ അവാർഡും കർണാടകയിലെ Chennamma യൂണിവേഴ്സിറ്റിയുടെ honorary ഡോക്ട്രേറ്റും ഭാവേഷിനെ തേടിയെത്തി. നോക്കൂ ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണത്തെ അതിജീവിച്ചാണ് ഭാവേഷ് കോടീശ്വരനായ സംരംഭകനായത്. ഈ സ്റ്റോറി കേട്ട് നമുക്ക് സ്വയം ചോദിക്കേണ്ടീയിരിക്കുന്നു, വിജയത്തിൽ നിന്ന് എന്താണ് നമ്മളെ തടയുന്നത്.