ഇന്ത്യയുടെ തദ്ദേശീയ യുദ്ധവിമാനം തേജസ് വാങ്ങാൻ വിവിധ രാജ്യങ്ങൾ, മലേഷ്യ 18 തേജസ് യുദ്ധവിമാനങ്ങൾ വാങ്ങുന്നുണ്ടെന്നു കേന്ദ്രസർക്കാർ. ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് വാങ്ങാൻ താല്പര്യം പ്രകടിപ്പിച്ച് യുഎസ്, അർജന്റീന, ഓസ്‌ട്രേലിയ, ഈജിപ്ത്, ഇന്തോനേഷ്യ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളും. 2023-ഓടെ 83 തേജസ് ജെറ്റുകൾ നിർമ്മിക്കുന്നതിനായി സർക്കാർ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിന് 48,000 കോടി രൂപയുടെ കരാർ നൽകിയിരുന്നു. ചൈന, റഷ്യ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുടെ വിമാനങ്ങളെ മറികടന്നാണ് ഇന്ത്യൻ വിമാനത്തിന് സ്വീകാര്യതയേറുന്നത്. സുഖോയിയുമായി താരതമ്യപ്പെടുത്തുമ്പോൾ തേജസ് വളരെ ഭാരം കുറഞ്ഞതാണെന്ന് പ്രതിരോധ വിദഗ്ധൻ Qamar Agha (ഖമർ ആഘ) പറഞ്ഞു.
എട്ട് മുതൽ ഒമ്പത് ടൺ വരെ ഭാരം വഹിക്കാൻ തേജസിന് പൂർണ്ണ ശേഷിയുണ്ട്. സുഖോയിയുടെ അത്രയും ആയുധങ്ങളും മിസൈലുകളുമായി പറക്കാൻ തേജസിന് കഴിയും. മൾട്ടിഫങ്ഷണൽ യുദ്ധവിമാനമായ തേജസിന് ഇസ്രായേലിൽ വികസിപ്പിച്ച റഡാറിന് പുറമെ, തദ്ദേശീയമായി റഡാറുമുണ്ട്. വായുവിൽ ഇന്ധനം നിറയ്ക്കാനും വീണ്ടും യുദ്ധത്തിന് തയ്യാറാകാനും കഴിയും. ശത്രുവിമാനങ്ങളെ ദൂരെ നിന്ന് ലക്ഷ്യമിടാൻ മാത്രമല്ല, ശത്രുവിന്റെ റഡാറിൽ നിന്ന് രക്ഷപ്പെടാനുള്ള കഴിവുമുണ്ട്. 52,000 അടി ഉയരത്തിൽ, ശബ്ദവേഗതക്ക് സമാനമായി മാക് 1.6 മുതൽ 1.8 വരെ വേഗത്തിൽ പറക്കാനും തേജസിന് കഴിയും. 2001 ജനുവരിയിൽ ആദ്യ പറക്കൽ നടത്തിയ തേജസ് 2016 ൽ ഇന്ത്യൻ വ്യോമസേനയുടെ സ്ക്വാഡ്രനിൽ ഉൾപ്പെടുത്തി.