ഇ-കൊമേഴ്സ് മെയിലർ ബാഗുകൾ, എഫ് ആൻഡ് ബി വ്യവസായത്തിലെ ഫുഡ് പാക്കേജിംഗ് കണ്ടെയിനറുകൾ, എഫ്എംസിജി വ്യവസായത്തിലെ പൗച്ചുകൾ, മടക്കാവുന്ന കർട്ടനുകൾ, ഫാർമസ്യൂട്ടിക്കൽ വ്യവസായത്തിലെ പിവിസി എന്നിവയ്ക്ക് പ്രകൃതിക്കിണങ്ങുന്ന ബദലുകൾ നൽകാൻ ബെംഗളൂരു ആസ്ഥാനമായുള്ള ബാംബ്രൂ ശ്രമിക്കുകയാണ്. 2018ൽ വൈഭവ് ഗ്രീൻ ആണ് പാക്കേജിംഗ് സ്റ്റാർട്ടപ്പായ ബാംബ്രൂ ആരംഭിക്കുന്നത്. പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറയ്ക്കാവുന്ന തരത്തിൽ പ്രകൃതിദത്ത ഉൽപ്പന്നങ്ങൾ നിർമ്മിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ ബാംബ്രൂ അവരുടെ കേന്ദ്രത്തിൽ വികസിപ്പിച്ച സുസ്ഥിര വസ്തുക്കൾ ഉപയോഗിക്കുന്നു.
പ്രമുഖ എഡ്ടെക് കമ്പനിയിലെ അസോസിയേറ്റ് വൈസ് പ്രസിഡന്റ് ജോലി ഉപേക്ഷിച്ചാണ് വൈഭവ് ബാംബ്രൂ തുടങ്ങുന്നത്. ഇന്ന് എഫ്എംസിജി, ഹോസ്പിറ്റാലിറ്റി, റീട്ടെയിൽ, ലോജിസ്റ്റിക്സ് മേഖലകളിൽ സുസ്ഥിരമായ പാക്കേജിംഗ് പരിഹാരങ്ങൾ സംരംഭം നൽകുന്നു. Amazon, Nykaa, 1MG തുടങ്ങി 170-ലധികം ക്ലയന്റുകൾക്ക് സേവനം നൽകുന്നുണ്ട് സ്റ്റാർട്ടപ്പ് ബാംബ്രൂ. വിതരണ ശൃംഖലയിൽ നിന്ന് ഇതുവരെ 1,000 ടണ്ണിലധികം പ്ലാസ്റ്റിക് മാറ്റിസ്ഥാപിച്ചു.
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുണ്ടാക്കുന്ന പ്രശ്ന ങ്ങളെക്കുറിച്ച് ഗവേഷണം നടത്താൻ സ്റ്റാർട്ടപ്പ് കോവിഡ് കാലം ഉപയോഗിച്ചു. ബാംബ്രൂവിന്റെ പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങൾ മുള, കരിമ്പ്, കടൽപ്പായൽ എന്നിവയിൽ നിന്നാണ് നിർമ്മിച്ചിരിക്കുന്നത്. അസം, ത്രിപുര, മഹാരാഷ്ട്ര, മധ്യപ്രദേശ്, കേരളം, കർണാടക എന്നിവിടങ്ങളിൽ നിന്നാണ് അസംസ്കൃത വസ്തുക്കൾ എത്തിക്കുന്നത്. ബാംബ്രൂവിന്റെ സ്വന്തം നിർമ്മാണ യൂണിറ്റുകൾ പ്രതിമാസം 7.5 കോടി പാക്കേജിംഗ് ബാഗുകൾ നിർമ്മിക്കുന്നു. സ്റ്റാർട്ടപ്പ് ചില ഉൽപ്പന്നങ്ങളുടെ ഉത്പാദനം മറ്റ് നിർമ്മാതാക്കൾക്ക് ഔട്ട്സോഴ്സ് ചെയ്യുന്നു. ബാംബ്രൂ പറയുന്നതനുസരിച്ച്, 2020-21 സാമ്പത്തിക വർഷത്തിൽ സംരംഭം 77 ലക്ഷം രൂപ വരുമാനം നേടി. 2021-22 സാമ്പത്തിക വർഷത്തിൽ വരുമാനം 10 കോടി രൂപയായി ഉയർന്നു. നടപ്പു സാമ്പത്തിക വർഷം 100 കോടി രൂപയാക്കാനാണ് ലക്ഷ്യമിടുന്നത്. മിഡിൽ ഈസ്റ്റ്, ഓസ്ട്രേലിയ, യുഎസ്എ എന്നിവിടങ്ങളിലും ബാംബ്രൂ ലഭ്യമാണ്.