സാധനങ്ങള്‍ വാങ്ങിയ ശേഷം ബില്ലുകള്‍ അപ് ലോഡ് ചെയ്ത് കോടിക്കണക്കിന് രൂപയുടെ സമ്മാനങ്ങള്‍ നേടാൻ ലക്കി ബിൽ ആപ്പുമായി സംസ്ഥാന സർക്കാർ. ആപ്പില്‍ അപ് ലോഡ് ചെയ്യുന്ന ഇന്‍വോയിസുകള്‍ക്ക് നറുക്കെടുപ്പിലൂടെ വര്‍ഷം അഞ്ച് കോടി രൂപയുടെ ഭാഗ്യസമ്മാനങ്ങളാണ് സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ളത്. ആപ്പ് വരുന്നതോടെ നികുതി ചോര്‍ച്ച ഒഴിവാക്കാനും നികുതി പിരിവ് കാര്യക്ഷമ മാക്കാനും സാധിക്കുമെന്ന് സർക്കാർ കണക്കുകൂട്ടുന്നു. ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോമില്‍ ലഭ്യമാകുന്ന ആപ്പ് ഒരു മാസത്തിനകം iOSലും ലഭ്യമാക്കും.
ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള രൂപകൽപ്പന ചെയ്ത ആപ്ലിക്കേഷൻ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ www.keralataxes.gov.in ൽ നിന്നോ ഡൗൺലോഡ് ചെയ്യാം. തുടർന്ന് പേര്, വിലാസം, മൊബൈൽ നമ്പർ എന്നിവ നൽകി രജിസ്റ്റർ ചെയ്യണം. ഉപഭോക്താവിന് ലഭിക്കുന്ന GST രേഖപ്പെടുത്തിയ ബില്ലുകളുടെ ചിത്രമെടുത്ത് ആപ്പില്‍ അപ് ലോഡ് ചെയ്യുകയാണ് വേണ്ടത്. ഇന്ത്യയില്‍ തന്നെ ഇങ്ങനെ ഒരു സംരംഭം ആദ്യമായാണ് ഒരു സംസ്ഥാനം നടപ്പിലാക്കുന്നത്. പ്രതിദിന, പ്രതിവാര, പ്രതിമാസ സമ്മാനങ്ങൾക്കു പുറമെ ബംബർ സമ്മാനവും ഉണ്ട്. കൂടാതെ, ഉത്സവ സീസണുകളില്‍ പ്രത്യേക നറുക്കെടുപ്പിലൂടെ വലിയ സമ്മാനങ്ങളുണ്ടാകും.