2023 ആദ്യത്തോടെ ചന്ദ്രയാൻ-3, ആദിത്യ എൽ 1 എന്നീ പുതിയ രണ്ട് ബഹിരാകാശ ദൗത്യങ്ങൾക്കായി ഐഎസ്ആർഒ തയ്യാറെടുക്കുന്നു. ചന്ദ്രനിലിറങ്ങാനുള്ള ഇന്ത്യൻ ബഹിരാകാശ ഏജൻസിയുടെ രണ്ടാമത്തെ ശ്രമമായിരിക്കും ഇത്. 2019ലെ ഐഎസ്ആർഒയുടെ ചന്ദ്രയാൻ 2 മിഷന്റെ തുടർച്ചയായാണ് ചാന്ദ്രയാൻ-3 എത്തുന്നത്.
സൗരാന്തരീക്ഷത്തെക്കുറിച്ച് പഠിക്കുന്നതിനുള്ള ഐഎസ്ആർഒയുടെ ആദ്യ നിർണ്ണായക ദൗത്യമാണ് ആദിത്യ എൽ 1. ഏഴ് ശാസ്ത്രീയ പേലോഡുകൾ വഹിക്കുന്ന 1500 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹമാണിത്. ദൗത്യം കൂടുതൽ ഗ്രഹാന്തര പര്യവേഷണങ്ങൾക്കും, ഗവേഷണങ്ങൾക്കും വഴിയൊരുക്കുമെന്ന് വിലയിരുത്തുന്നു. അതേസമയം, 2022 അവസാനം വിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ഐഎസ്ആർഒ ലൂണാർ മിഷൻ അടുത്ത വർഷത്തേയ്ക്ക് മാറ്റിയേക്കുമെന്നാണ് സൂചന.