യുപിഐ വഴി പണമടയ്ക്കുന്നതിന് നിരക്കുകൾ ഈടാക്കാൻ പദ്ധതിയില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം. ഡിജിറ്റൽ പേയ്മെന്റ് നിരക്കുകളുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ സജീവമാകു ന്നതിനിടെയാണ് കേന്ദ്രം നയം വ്യക്തമാക്കിയത്. ഡിജിറ്റൽ പണമിടപാടുകാർക്ക് പ്രോത്സാഹനം നൽകുന്നതാണ് സർക്കാർ നിലപാട്. ചെലവ് വീണ്ടെടുക്കുന്നതിനുള്ള സേവന ദാതാക്കളുടെ ആശങ്കകൾ മറ്റ് മാർഗങ്ങളിലൂടെ പരിഹരിക്കേണ്ടതുണ്ടെന്നും ധനമന്ത്രാലയം അറിയിച്ചു.
ഡെബിറ്റ്-ക്രെഡിറ്റ് കാർഡുകൾ, പ്രീ പെയ്ഡ് പേയ്മെന്റ് ഉപകരണങ്ങൾ അടക്കമുള്ള പേയ്മെന്റ് ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനുള്ള ചാർജ്ജുകളിൽ വ്യക്തത വരുത്താനും ആലോചനയുണ്ട്. 2020 ജനുവരിയിൽ, യുപിഐ, റുപേ ഡെബിറ്റ് കാർഡ് തുടങ്ങിയ ഇടപാടുകളുടെ മർച്ചന്റ് ഡിസ്കൗണ്ട് നിരക്ക് കേന്ദ്രം പിൻവലിച്ചിരുന്നു. പ്രതിമാസം 10 ട്രില്യണിന്റെ കൈമാറ്റമാണ് യുപിഐ പേയ്മെന്റുകൾ വഴി നടക്കുന്നത്.