ഇന്ത്യയിലെ മാധ്യമ, വിനോദ വ്യവസായത്തിൽ അദാനി ഗ്രൂപ്പിന്റെ സാന്നിധ്യം ശക്തമാകുന്നു. എൻഡിടിവി ലിമിറ്റഡിന്റെ 29.18% ഓഹരികൾ ഗൗതം അദാനി പരോക്ഷ ഇടപാടിലൂടെ സ്വന്തമാക്കുന്നതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ വന്നിരുന്നു.അദാനി എന്റർപ്രൈസസിന്റെ പൂർണ ഉടമസ്ഥതയിലുള്ള AMG മീഡിയ നെറ്റ്വർക്ക്സ് ലിമിറ്റഡ്, വിശ്വപ്രധാൻ കൊമേഴ്സ്യൽ പ്രൈവറ്റ് ലിമിറ്റഡിന്റെ 100% ഇക്വിറ്റി ഓഹരികൾ 113.74 കോടി രൂപയ്ക്ക് വാങ്ങി. ഈ കമ്പനി വഴിയാണ് അദാനി എന്റർപ്രൈസസ് NDTV ഓഹരികൾ ഏറ്റെടുക്കുന്നത്. എന്‍ഡിടിവി സ്ഥാപക പ്രമോട്ടര്‍മാരായ രാധികയുമായും പ്രണോയ് റോയിയുമായോ ഒരു ചർച്ചയും നടത്താതെയാണ് 29 ശതമാനത്തോളം ഓഹരിയുളള RRPR ഹോൾഡിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ നിയന്ത്രണം വിശ്വപ്രധാൻ കൊമേഴ്സ്യൽ പ്രൈവറ്റ് ലിമിറ്റഡ് ഏറ്റെടുത്തത് എന്നാണ് കമ്പനി പറയുന്നത്.സെബി നിയമപ്രകാരം, ഷെയർഹോൾഡർമാരിൽ നിന്ന് 26% അധികമായി സ്വന്തമാക്കാനുള്ള ഓപ്പൺ ഓഫർ അദാനി ഗ്രൂപ്പിന് സാധ്യമാകും.ഇന്ത്യൻ സെക്യൂരിറ്റീസ് നിയമം അനുസരിച്ച്, പൊതുവിൽ ട്രേഡ് ചെയ്യപ്പെടുന്ന ഒരു കമ്പനിയിൽ 25% ഇക്വിറ്റിയിൽ കൂടുതൽ ഏറ്റെടുക്കുന്ന ഒരു സ്ഥാപനം പൊതു ഓഹരി ഉടമകളിൽ നിന്ന് 26% അധികമായി സ്വന്തമാക്കാൻ ഒരു ഓപ്പൺ ഓഫർ ആരംഭിക്കണം. അദാനി ഗ്രൂപ്പും വിശ്വപ്രധാനും ചൊവ്വാഴ്ച സെബിയുടെ ഏറ്റെടുക്കൽ മാർഗ്ഗനിർദ്ദേശങ്ങളെ അടിസ്ഥാനമാക്കി ഒരു ഷെയറൊന്നിന് ₹294 എന്ന ഓപ്പൺ ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്.
അദാനി എൻഡിടിവിയെ ഏറ്റെടുക്കുമെന്ന അഭ്യൂഹങ്ങൾ ഒരു വർഷത്തോളമായി പ്രചരിക്കുന്നുണ്ടെങ്കിലും പ്രണോയ് റോയ് നേരത്തെ തന്നെ അവ തള്ളിയിരുന്നു.എന്നാൽ ഉടമസ്ഥതയിലെ മാറ്റത്തിന്, സ്ഥാപക-പ്രമോട്ടർമാരായ രാധികയുമായും പ്രണോയ്റോയിയുമായും കൂടിയാലോചന ആവശ്യമായി വന്നേക്കില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിശ്വപ്രധാൻ കൊമേഴ്സ്യൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന ഷെൽ കമ്പനിയാണ് ഇടപാടിന്റെ കേന്ദ്രം. 2009-ൽ രാധികയും പ്രണോയ് റോയിയും VCPL-ൽ നിന്ന് RRPR-ന് വേണ്ടി 403.85 കോടി രൂപ കോർപ്പറേറ്റ് വായ്പ എടുത്തു, താൽപ്പര്യമുണ്ടെങ്കിൽ RRPR-ന്റെ 99.99 ശതമാനം ഓഹരികൾക്ക് വിശ്വപ്രധാൻ കൊമേഴ്സ്യൽ പ്രൈവറ്റ് ലിമിറ്റഡിന് അവകാശം നൽകിയിരുന്നു.2008-ൽ സ്ഥാപിതമായ, വിശ്വപ്രധാൻ കൊമേഴ്സ്യൽ പ്രൈവറ്റ് ലിമിറ്റഡ് ഒരു മാനേജ്മെന്റ്, കൺസൾട്ടൻസി സേവന കമ്പനിയായാണ് വിശേഷിപ്പിക്കുന്നത്. രാധികയ്ക്കും പ്രണോയ് റോയിക്കും എൻഡിടിവിയുടെ 32.2% ഓഹരികളാണുളളത്.38.55%ഓഹരികൾ പൊതുഷെയർഹോൾഡർമാരുടെ കൈവശമാണ്.