മഹാരാഷ്ട്രയിലെ TGP ബയോപ്ലാസ്റ്റിക്സ് എന്ന സ്റ്റാർട്ടപ്പിന് കേന്ദ്ര സർക്കാർ ഒരു കോടി പതിനഞ്ചു ലക്ഷം രൂപയുടെ വായ്‌പാ ധനസഹായം പ്രഖ്യാപിച്ചു. കേന്ദ്ര ശാസ്ത്ര സാങ്കേതിക വിഭാഗ മന്ത്രി ഡോ. ജിതേന്ദ്ര സിംഗാണ് സഹായം പ്രഖ്യാപിച്ചത്. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് ബദലായി കംപോസ്റ്റബിൾ ആയ പ്രൊഡക്റ്റുകൾ വികസിപ്പിക്കാനാണ് ലോൺ അനുവദിച്ചത്.
സിംഗിൾ യൂസ് പ്ലാസ്റ്റിക്കിന്റെ ഇറക്കുമതിയും, അത് സ്റ്റോക്ക് ചെയ്യുന്നതും ഉപയോഗിക്കുന്നതും വിലക്കുന്ന കേന്ദ്ര നയത്തിന്റെ ചുവടുപിടിച്ചാണ് കംപോസ്റ്റബിൾ പ്ലാസ്റ്റിക് ഉല്പാദനത്തിന് പ്രചോദനമാകുന്ന പുതിയ പ്രഖ്യാപനം. കംപോസ്റ്റബിൾ പ്ലാസ്റ്റിക്കുകൾ സിംഗിൾ യൂസ് പ്ലാസ്റ്റിക്കുകൾക്ക് ബദൽ പരിഹാരമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. മണ്ണിൽ ലയിക്കുന്ന പ്ലാസ്റ്റിക്കുകൾക്കുള്ള ലഭ്യത കുറവും അമിതവിലയും ഒരു പ്രതിസന്ധിയാണ്. നിലവിൽ, ജീർണ്ണിക്കുന്ന പോളിമറുകൾക്ക് കിലോഗ്രാമിന് 300 രൂപ വരെ വിലയുണ്ട്. ഈ സാഹചര്യത്തിൽ ബയോപ്ലാസ്റ്റിക്കുകൾക്ക് കിലോഗ്രാമിന് 180 രൂപയാക്കി വില കുറച്ചിരിക്കുകയാണ് സ്റ്റാർട്ടപ്പ് കമ്പനി. ലോണിന്റെ സഹായത്തോടെ കമ്പനി ലക്ഷ്യമിടുന്നത് പ്രതിവർഷം 880 ടൺ ബയോപ്ലാസ്റ്റിക് ഉത്പാദനമാണ്.