അംബിക പിളള ഒരു പേരല്ല, ബ്രാൻഡാണ്. ജീവിതത്തിലെ വെല്ലുവിളികളെ ഇച്ഛാശക്തി കൊണ്ട് അതിജീവിച്ച വനിത. ആ വിരലുകൾ തീർത്ത വിസ്മയത്തിൽ സുന്ദരികളായവരിൽ പ്രശസ്തരും സാധാരണക്കാരുമുണ്ട്. ബിസിനസുകാരനായ ഗോപിനാഥപിളളയുടെയും ശാന്തയുടേയും മകളായി കൊല്ലത്തെ ഒരു സമ്പന്ന കുടുംബത്തിലായിരുന്നു അംബികയുടെ ജനനം. 17-മത്തെ വയസിൽ വിവാഹിതയായ അംബിക 22-മത്തെ വയസിൽ മകൾ കവിതക്ക് ജന്മം നൽകി. സുഖപ്രദമല്ലാത്ത ദാമ്പത്യജീവിതത്തിൽ നിന്ന് പിരിയുമ്പോൾ അംബികയ്ക്ക് പ്രായം 24. സ്വന്തം അധ്വാനത്തിൽ ഒരു ജീവിതം കെട്ടിപ്പടുക്കാൻ അംബിക ഡൽഹിയിലേക്ക് വണ്ടി കയറി.
2000 രൂപ ശമ്പളത്തിൽ തന്റെ കരിയറിന് തുടക്കമിട്ട അംബികക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. അവിടെ നിന്നാണ് രാജ്യമറിയുന്ന അംബിക പിളള എന്ന ബ്രാൻഡിന്റെ പിറവി.സെലിബ്രിറ്റി ഹെയർ ആന്റ് മേക്കപ്പ് ആർട്ടിസ്റ്റ് എന്ന നിലയിൽ വിരാജിക്കുമ്പോഴും പങ്കാളിത്തത്തിൽ തുടങ്ങിയ സംരംഭങ്ങളെല്ലാം അംബികക്ക് പരാജയമായി. ഒടുവിലാണ് അംബിക പിളള എന്ന ബ്രാന്റിൽ തന്നെ സലൂണുകളിലേക്കും പ്രോഡക്ടുകളിലേക്കും അവർ എത്തുന്നത്.
ജീവിതം തിരിച്ചടികൾ നൽകിയപ്പോഴെല്ലാം തളരാതെ പിടിച്ചുനിൽക്കാനും പൂർവ്വാധികം ശക്തിയോടെ തിരിച്ചുവരാനും കഴിഞ്ഞിടത്താണ് അംബിക പിളള ഒരു പ്രചോദനമായി മാറുന്നത്. അംബിക പിളള ഒരു വ്യക്തിയല്ല, ഒരു തനത് ബ്രാന്റാണ്. കരുത്തുറ്റ വനിതയുടെ പ്രതീകം.