ACC യുടേയും അംബുജ സിമന്റ്സിന്റേയും 26% അധിക ഓഹരികൾ നേടാനുള്ള ഓപ്പൺ ഓഫറുമായി അദാനി ഗ്രൂപ്പ്. സ്വിസ് സ്ഥാപനമായ ഹോൾസിം ഗ്രൂപ്പിന് കീഴിലുള്ള സ്ഥാപനങ്ങളാണ് ഇവ രണ്ടും. ഹോൾസിം ലിമിറ്റഡിന്റെ ഇന്ത്യയിലെ ബിസിനസുകളിൽ നിയന്ത്രിത ഓഹരികൾ സ്വന്തമാക്കാൻ 10.5 ബില്യൺ യുഎസ് ഡോളറിന്റെ കരാർ ഒപ്പിട്ടതായി ഈ വർഷം മേയിൽ അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞയാഴ്ചയാണ് 31,000 കോടി രൂപയുടെ ഓപ്പൺ ഓഫറിന് മാർക്കറ്റ് റെഗുലേറ്റർ സെബി അനുമതി നൽകിയത്. ഓഹരികൾക്കായുള്ള ടെൻഡർ നടപടികൾ 2022 സെപ്റ്റംബർ 9 ന് അവസാനിക്കും. അംബുജ സിമന്റ്സിന്റെ 63.1 ശതമാനം ഓഹരികളും അനുബന്ധ ആസ്തികളും അദാനി ഗ്രൂപ്പ് ഏറ്റെടുക്കുമെന്നാണ് സൂചന. അംബുജ സിമന്റ്സിനും എസിസിയ്ക്കും നിലവിൽ പ്രതിവർഷം 70 ദശലക്ഷം ടൺ ഉൽപ്പാദന ശേഷിയുണ്ട്. 23 സിമന്റ് പ്ലാന്റുകൾ, 14 ഗ്രൈൻഡിംഗ് സ്റ്റേഷനുകൾ, 80 റെഡി-മിക്സ് കോൺക്രീറ്റ് പ്ലാന്റുകൾ തുടങ്ങി വിപുലമായ സൗകര്യങ്ങളാണ് ഇരുകമ്പനികൾക്കുമുള്ളത്.