ഗൗതം അദാനി നേതൃത്വം നൽകുന്ന അദാനി ഗ്രൂപ്പ് മീഡിയാ-എന്റർടെയിൻമെന്റ് മേഖലയിലേക്ക് കടക്കുന്നുവെന്ന് നാളുകളായി കേൾക്കുന്ന കാര്യമാണ്. എന്നാൽ കഴിഞ്ഞ ദിവസമാണ് NDTVയിലെ ഓഹരി ഏറ്റെടുക്കൽ ദേശീയതലത്തിൽ തന്നെ ചർച്ചയായത്. പരോക്ഷമായ ഏറ്റെടുക്കൽ രണ്ട് ദിവസത്തിനുള്ളിൽ നടന്നതായി തോന്നാം. വെറും രണ്ടോ മൂന്നോ ദിവസം കൊണ്ടല്ല, 13 വർഷങ്ങൾ നീണ്ട കഥയാണ് ഈ ഏറ്റെടുക്കലിന് പിന്നിലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പ്രമോട്ടർമാരുമായി ചർച്ചയോ അവരുടെ സമ്മതമോ ഇല്ലാതെയാണ് അദാനി ഗ്രൂപ്പ് കമ്പനിയിൽ ഓഹരി സ്വന്തമാക്കിയതെന്ന് കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നിരുന്നു. എന്നാൽ എൻഡിടിവിയുടെ പ്രൊമോട്ടർ ഗ്രൂപ്പ് കമ്പനിയായ RRPR ഹോൾഡിംഗ് പ്രൈവറ്റ് ലിമിറ്റഡ് 2009 ജൂലൈയിൽ ICICI ബാങ്കിൽ നിന്ന് എടുത്ത മറ്റൊരു വായ്പ തിരിച്ചടയ്ക്കാൻ 403 കോടി രൂപ VCPL വഴി ലോണെടുത്തതോടെയാണ് ഈ ഏറ്റെടുക്കലിന്റെ കഥ തുടങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ.അദാനി ഗ്രൂപ്പിന്റെ AMG മീഡിയ നെറ്റ്വർക്കിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ളതാണ് VCPL അഥവാ വിശ്വപ്രധാൻ കൊമേഴ്സ്യൽ പ്രൈവറ്റ് ലിമിറ്റഡ് .വായ്പയ്ക്ക് പകരമായി, RRPR-ന്റെ 99.99 ശതമാനം ഓഹരികൾക്ക് VCPL ന് അവകാശം നൽകിയിരുന്നു. അത് നടപ്പിലാക്കുമ്പോൾ, RRPR ഹോൾഡിംഗിന്റെ ഏകദേശം 100 ശതമാനം ഉടമസ്ഥാവകാശം VCPL-ന് സ്വന്തമാകും. എന്നാൽ NDTV-യിലെ ഉടമസ്ഥാവകാശം മാറ്റുന്നതിനോ പ്രമോട്ടർ ഓഹരികൾ വിറ്റഴിക്കുന്നതിനോ വേണ്ടി ഏതെങ്കിലും സ്ഥാപനവുമായി ബന്ധപ്പെട്ടിട്ടില്ലെന്ന് കമ്പനി വ്യക്തമാക്കുന്നു. സ്ഥാപകരായ പ്രണോയ് റോയിയും ഭാര്യ രാധിക റോയിയും ഇത് നിഷേധിച്ചിരുന്നു. അതേസമയം RRPR ഓഹരി സ്വന്തമാക്കാൻ വിസിപിഎല്ലിന് സെബിയുടെ അനുമതി ആവശ്യമാണെന്ന് റെഗുലേറ്ററി ഫയലിംഗിൽ എൻഡിടിവി അറിയിച്ചു.
വിശ്വപ്രധാൻ കൊമേഴ്സ്യൽ പ്രൈവറ്റ് ലിമിറ്റഡ് , RRPR ഹോൾഡിംഗ് ഏറ്റെടുത്ത് കൊണ്ടാണ് 29.18 ശതമാനം ഓഹരി എൻഡിടിവിയിൽ സ്വന്തമാക്കിയത്. പൊതു ഓഹരി ഉടമകളിൽ നിന്ന് എൻഡിടിവിയുടെ 26 ശതമാനം ഓഹരികൾ ഏറ്റെടുക്കുന്നതിനുള്ള 294 രൂപയുടെ ഓപ്പൺ ഓഫറും പ്രഖ്യാപിച്ചു. എന്നാൽ NDTV ഓഹരികൾ ഓഹരികൾ ഇപ്പോൾ 380 രൂപയ്ക്ക് മുകളിൽ എത്തിയതോടെ, പൊതു ഓഹരി ഉടമകൾ തങ്ങളുടെ ഓഹരികൾ അദാനിക്ക് കുറഞ്ഞ നിരക്കിൽ വിൽക്കാൻ സാധ്യതയില്ലെന്ന് വിപണി വിദഗ്ധർ വിശ്വസിക്കുന്നു.
ഓപ്പൺ ഓഫർ പരാജയപ്പെട്ടാലും, ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്റ്റർമാരുടെയും അദാനി ഗ്രൂപ്പുമായി പരോക്ഷമായ ബന്ധമുള്ള മറ്റ് സ്വകാര്യ ഷെയർഹോൾഡർമാരുടെയും കൈവശമുള്ള ഓഹരികൾ വാങ്ങുന്നതിലൂടെ അദാനിക്ക് എൻഡിടിവിയിൽ ഏകദേശം 50 ശതമാനം ഓഹരികൾ സ്വന്തമാക്കാൻ കഴിഞ്ഞേക്കും. എൻഡിടിവിയിൽ രണ്ട് പ്രധാന വിദേശ പോർട്ട്ഫോളിയോ നിക്ഷേപകരുണ്ട് – 9.75 ശതമാനമുളള LTS ഇൻവെസ്റ്റ്മെന്റ് ഫണ്ടും (LTS Investment Fund), 4.42 ശതമാനം ഓഹരി കയ്യാളുന്ന വികാസ ഇന്ത്യ ഇഐഎഫ് ഐ ഫണ്ടും (Vikasa India EIF I Fund). NDTV-യുടെ ഷെയർഹോൾഡർമാരിൽ 2 ലക്ഷം രൂപയിൽ താഴെ നിക്ഷേപം നടത്തിയ 29,691 വ്യക്തികളും, 23.85 ശതമാനം ഓഹരി സ്വന്തമാക്കിയിട്ടുളള 947 സ്ഥാപനങ്ങളും ഉൾപ്പെടുന്നു. മൗറീഷ്യസ് ആസ്ഥാനമായുള്ള LTS ഇൻവെസ്റ്റ്മെന്റ് ഫണ്ട് അദാനിക്ക് എൻഡിടിവി ഓഹരികൾ നൽകിയേക്കാം. അദാനി ഗ്രൂപ്പിന്റെ നാല് കമ്പനികളിലാണ് എൽടിഎസ് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന് നിക്ഷേപമുളളത്. Drolia Agencies, GRD Securities, Adesh Broking, Confirm Rebuild എന്നിവയുൾപ്പെടെ മറ്റ് നാല് സ്ഥാപനങ്ങളും എൻഡിടിവിയിൽ ഏഴ് ശതമാനം ഓഹരികൾ സ്വന്തമാക്കിയിട്ടുണ്ട്. അദാനിയുടെ ഏറ്റെടുക്കൽ ശ്രമങ്ങളെ ചെറുക്കുന്നതിന് പ്രൊമോട്ടർമാർക്ക് സ്വന്തമായി ഒരു ഓപ്പൺ ഓഫർ ഫയൽ ചെയ്യാൻ കഴിയുമെങ്കിലും, 29 ശതമാനം ഓഹരിയുള്ള അദാനിക്ക് പ്രമോട്ടറുടെ ശ്രമങ്ങളെ എതിരിടാനുള്ള എല്ലാ സാധ്യതകളുമുണ്ടെന്നാണ് നിക്ഷേപവിദഗ്ധരുടെ അഭിപ്രായം.