ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. സൗദി സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാനം തന്നെ എണ്ണയാണ്.
സാമൂഹികമായി രാജ്യത്ത് വരുന്ന മാറ്റം, എണ്ണയ്ക്കപ്പുറം പ്രോപ്പർട്ടി മാർക്കറ്റിലുൾപ്പെടെ വളരാൻ സൗദി അറേബ്യയെ സഹായിക്കുകയാണ്.
Crown Prince മുഹമ്മദ് ബിൻ സൽമാൻ നടത്തുന്ന ഭരണപരിഷ്കാരങ്ങളിലൂടെ സാമൂഹികവും സാമ്പത്തികവുമായ മാറ്റം രാജ്യത്തെ പുനർനിർമ്മിക്കുന്നു. അൽമജ്ദിയ റസിഡൻസിന്റെ റിയാദിലെ പുതിയ കോംപ്ലക്സിൽ, ഒരു മാസത്തിനുള്ളിൽ 300-ലധികം അപ്പാർട്ട്മെന്റുകളാണ് വിറ്റഴിക്കപ്പെട്ടത്. അതും ഒറ്റ പരസ്യം പോലും ഇടാതെ!. പത്ത് വർഷം മുമ്പ്, പല പ്രോപ്പർട്ടി ഉടമകളും സൗദിയിലെ സ്ത്രീകൾക്ക് വാടകയ്ക്ക് പോലും വീടുകൾ നൽകാൻ വിമുഖത കാണിച്ചിരുന്നു. എന്നാൽ പുരുഷന്റെ സമ്മതമില്ലാതെ പാസ്സ്പോർട്ട് എടുക്കാനും യാത്ര ചെയ്യാനും ഒക്കെ സ്ത്രീകൾക്ക് അനുമതി ലഭിച്ചതോടെ അവർ സ്വന്തം നിലയ്ക്ക് സാമ്പത്തികം കൈകാര്യം ചെയ്യുകയുമാണ്. അതുകൊണ്ട് തന്നെ, പ്രോപ്പർട്ടി വാങ്ങുന്നവരിലും വലിയൊരു വിഭാഗവും സ്ത്രീകളാണ്. വാസ്തവത്തിൽ, സൗദിയിലെ വീടുകളുടെ ഡിസൈനിലും വലിയ മാറ്റങ്ങൾ കടന്നുവന്നിട്ടുണ്ട്. ഉയരം കൂടിയ മതിലുകളും ചെറിയ ജനലുകളുമുള്ള വീടുകളിൽ നിന്നും മികച്ച ഓപ്പണിംഗുള്ള വിശാലമായ വീടുകളിലേക്കുള്ള മാറ്റമാണ് ഇതിൽ എടുത്തു പറയേണ്ടുന്നത്. കഫേകളും ജിംനേഷ്യങ്ങളും എല്ലാം ഭവന സമുചച്ചയങ്ങളുടെ ഭാഗമാകുന്നു. ദുബായിയിലെ വൻകിട റസിഡൻഷ്യൽ കോപ്ലസ്കുകളെയാണ് ഇക്കാര്യത്തിൽ മാതൃകയാക്കുന്നത്. ദശലക്ഷക്കണക്കിന് പ്രവാസികളെയും ആകർഷിക്കാൻ രാജ്യത്തിന് പദ്ധതിയുണ്ട്. അവിടെയാണ് പ്രോപ്പർട്ടി മാർക്കറ്റ് കൂടുതൽ തഴച്ചുവളരാൻ പോകുന്നത്. ആളുകൾ കൂടുന്തോറും അപ്പാർട്ടുമെന്റുകളുടെ ഡിമാൻഡ് കൂടുമെന്നതിനാൽ സൗദി അറേബ്യ പുതിയൊരു മാറ്റത്തിനാണ് തുടക്കമിടുന്നത്.
റഷ്യ-ഉക്രെയ്ൻ യുദ്ധത്തെ തുടർന്നുണ്ടായ സാമ്പത്തിക സാഹചര്യങ്ങൾ ലോകരാജ്യങ്ങളെ വലയ്ക്കുമ്പോഴും, സൗദി അറേബ്യൻ സമ്പദ്വ്യവസ്ഥ വളർച്ചയുടെ പാതയിൽത്തന്നെയാണ്. സാമ്പത്തിക വർഷത്തിന്റെ രണ്ടാം ക്വാർട്ടറിൽ ജിഡിപി 11.8 ശതമാനവും, എണ്ണ ഇതര സമ്പദ്വ്യവസ്ഥ 5.4 ശതമാനവും വളർന്നു. സൗദി സമ്പദ്വ്യവസ്ഥയിലേക്ക് കോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപവും എത്തുന്നു. ഈ വർഷം സമ്പദ്വ്യവസ്ഥ 7.6% വികസിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഗോളതലത്തിലെ മാറ്റങ്ങളെ ആശ്രയിച്ച് ഭാവിയിൽ ഈ കണക്കുകളെല്ലാം വ്യത്യാസപ്പെട്ടേക്കാം. എന്നാൽ പ്രോപ്പർട്ടി മേഖലയിൽ നിലവിൽ സൗദിക്കുള്ള അനുകൂല ഘടകങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുമെന്നതിൽ സംശയമില്ല.