ചൈനയെ മറികടന്ന് ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ വലിയ സ്മാർട്ട് വാച്ച് വിപണിയായി മാറിയെന്ന് റിപ്പോർട്ട്. ഇന്ത്യയിലെ സ്മാർട്ട് വാച്ച് ഷിപ്പ്മെന്റുകളിൽ 347% വർദ്ധനയാണ് രേഖപ്പെടുത്തിയത്. അതേസമയം, ആഗോള വിപണി വർഷം തോറും 13% മാത്രമാണ് വളർന്നതെന്നും റിപ്പോർട്ടിലുണ്ട്.
സ്മാർട്ട് വാച്ച് കയറ്റുമതിയുടെ 26% കൈയ്യാളുന്ന വടക്കേ അമേരിക്കയാണ് നിലവിൽ ഏറ്റവും വലിയ ഒന്നാമത്തെ സ്മാർട്ട് വാച്ച് വിപണി. ആഗോള സ്മാർട്ട് വാച്ച് വിപണിയിൽ, കയറ്റുമതി ശതമാനമെടുത്താൽ ആപ്പിൾ, സാംസങ്, ഹുവായ് എന്നിവ യഥാക്രമം, 29.3%, 9.2%, 6.8% എന്നിങ്ങനെ നിലകൊള്ളുന്നു. ആഭ്യന്തര ബ്രാൻഡുകളായ ഫയർ-ബോൾട്ട്, നോയ്സ് എന്നിവയുടെ കയറ്റുമതിയാണ് ഇന്ത്യയുടെ വളർച്ചയെ നയിച്ചതെന്നാണ് വിലയിരുത്തുന്നത്. ആദ്യമായി ആഗോളതലത്തിൽ മികച്ച അഞ്ച് സ്മാർട്ട് വാച്ച് ബ്രാൻഡുകളുടെ പട്ടികയിലും ഇവ ഇടം നേടി. കയറ്റുമതിയിൽ 298% വർധനയാണ് നോയ്സ് രേഖപ്പെടുത്തിയത്.