സോഷ്യൽ കൊമേഴ്സ് പ്ലാറ്റ്ഫോമായ മീഷോ ഇന്ത്യയിലെ 90 ശതമാനത്തിലധികം നഗരങ്ങളിലും ഗ്രോസറി സൂപ്പർസ്റ്റോറുകൾ അടച്ചുപൂട്ടിയതായി റിപ്പോർട്ട്. കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ 6 സംസ്ഥാനങ്ങളിൽ സൂപ്പർസ്റ്റോറുകൾ പ്രവർത്തനക്ഷമമായിരുന്നു. അടച്ചുപൂട്ടലിനെത്തുടർന്ന്, ഏകദേശം 300 ജീവനക്കാർക്ക് ജോലി നഷ്ടപ്പെട്ടതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
2022 ഏപ്രിലിലാണ് ഗ്രോസറി വിപണനവിഭാഗത്തിന് ഫാർമിസോ എന്ന പേരുമാറ്റി മീഷോ സൂപ്പർസ്റ്റോർ ആക്കി മാറ്റിയത്. 2 ടയർ വിപണികളിലെ ഉപഭോക്തൃ ആവശ്യങ്ങളെ മുൻനിർത്തിയായിരുന്നു ഈ മാറ്റം കൊണ്ടുവന്നത്. അതേ മാസം, കമ്പനി 150-ലധികം ജീവനക്കാരെ പിരിച്ചുവിട്ടു. കോവിഡിന്റെ ആദ്യതരംഗം വ്യാപിച്ച സാഹചര്യത്തിൽ 200 ലധികം ജീവനക്കാരെ മീഷോ പിരിച്ചുവിട്ടിരുന്നു. പിരിച്ചുവിടൽ പാക്കേജായി മീഷോ ജീവനക്കാർക്ക് രണ്ട് മാസത്തെ ശമ്പളം വാഗ്ദാനം ചെയ്തതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.