ഓയിൽ-ടു-ടെലികോം കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസിന്റെ റീട്ടെയിൽ വിഭാഗമായ റിലയൻസ് റീട്ടെയിൽ, കൺസ്യൂമർ ഗുഡ്സ് (FMCG) വിഭാഗത്തിലേക്ക് കടക്കുന്നു. 45-ാമത് വാർഷിക പൊതുയോഗത്തിലാണ് കമ്പനി ഡയറക്ടർ ഇഷ അംബാനി ഇക്കാര്യം അറിയിച്ചത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 7,500 നഗരങ്ങളിലും 300,000 ഗ്രാമങ്ങളിലും സേവനം നൽകാനാണ് റിലയൻസ് റീട്ടെയിൽ ലക്ഷ്യമിടുന്നത്.
ജിയോമാർട്ട്, മിൽക്ക്ബാസ്ക്കറ്റ് എന്നിവയുടെ 2,500 സ്റ്റോറുകളുടെയും, ഡിജിറ്റൽ കൊമേഴ്സ് പ്ലാറ്റ്ഫോമുകളുടെയും ശൃംഖലയിലൂടെ ഉപഭോക്താക്കളുടെ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സ്ഥാപനമാണിതെന്ന് ഗ്രോസറി ബിസിനസിനെക്കുറിച്ച് ഇഷ പറഞ്ഞു. റിലയൻസ് റീട്ടെയിൽ ഇപ്പോൾ ഏഷ്യയിലെ മികച്ച 10 റീട്ടെയിലർമാരിൽ ഒരാളാണെന്ന് ഓഹരി ഉടമകളെ അഭിസംബോധന ചെയ്ത് റിലയൻസ് ചെയർമാൻ മുകേഷ് അംബാനി വ്യക്തമാക്കി. റിലയൻസ് റീട്ടെയിൽ 2 ലക്ഷം കോടി രൂപയുടെ വിറ്റുവരവു നേടി. 2022ൽ 200 ദശലക്ഷത്തിലധികം രജിസ്റ്റർ ചെയ്ത ഉപഭോക്താക്കൾക്ക് സേവനം നൽകി.