അടുത്ത മാസം മുതൽ യാത്ര ആരംഭിക്കാൻ തയ്യാറെടുത്ത് ഇന്ത്യയിലെ ആദ്യ സോളാർ ക്രൂയിസ് ബോട്ടായ ഇന്ദ്ര. രാവിലെയും, ഉച്ചയ്ക്കും, വൈകിട്ടുമായി രണ്ടര മണിക്കൂർ വീതമുള്ള മൂന്ന് ട്രിപ്പുകൾ യാത്രക്കാർക്ക് ആവശ്യമനുസരിച്ച് ബുക്ക് ചെയ്യാം. കളമശ്ശേരിയിലെ നവഗതി മറൈൻ ഡിസൈനിംഗ് ആൻഡ് കൺസ്ട്രക്ഷൻ കമ്പനിയാണ് ബോട്ടിന്റെ രൂപകല്പനയും നിർമ്മാണവും. എസി സൗകര്യങ്ങളോടെയുള്ള താഴത്തെനിലയിൽ 100 പേർക്ക് ഇരുന്ന് യാത്ര ചെയ്യാനാകും. യോഗങ്ങളും പരിപാടികളും നടത്താൻ സൗകര്യമുള്ള മുകൾ നിലയിൽ, കുടുംബശ്രീ യൂണിറ്റിന്റെ ഭക്ഷണവും ലഭ്യമാകും. പ്രതിദിനം 4000 രൂപയോളമാണ് തൊഴിലാളികളുടെ ശമ്പളമടക്കമുള്ള ആകെ ചെലവായി കണക്കാക്കുന്നത്. മഴക്കാലത്ത് വൈദ്യുതിയിൽ ചാർജ് ചെയ്ത് ഓടിക്കാനാകുന്ന വിധത്തിൽ, 40 കിലോവാട്ട് ശേഷിയുള്ള രണ്ട് ബാറ്ററികളും ബോട്ടിലുണ്ട്.