ഇന്ത്യൻ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം മികച്ച വളർച്ചാതോതുമായി മുന്നേറുകയാണ്. ഒരു സ്റ്റാർട്ടപ്പ് യുണികോൺ പദവിയിലെത്താൻ എടുത്ത ശരാശരി സമയം കഴിഞ്ഞ ദശകത്തിൽ ഒമ്പത് മുതൽ പത്ത് വർഷം വരെയാണ്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇത് ആറ് വർഷമായി കുറഞ്ഞു. സ്റ്റാർട്ടപ്പുകളുടെ വളർച്ച നിരവധി പടവുകളിലൂടെയാണ്.
ഒരു സ്റ്റാർട്ടപ്പിന്റെ പ്രാരംഭ ഘട്ടത്തെ ഐഡിയ സ്റ്റേജ്, പ്രീ-സീഡ്, സീഡ് സ്റ്റേജ് എന്നിങ്ങനെ വേർതിരിക്കാം.
പ്രാരംഭ ഘട്ടം മിക്ക സ്ഥാപകരും സ്വീകരിച്ച ആശയത്തിലൂടെ സ്റ്റാർട്ടപ്പിനെ വലുതാക്കാൻ ശ്രമിക്കുന്ന സമയമാണ്. ഈ ഘട്ടത്തിൽ എടുക്കുന്ന തീരുമാനങ്ങൾ ഭാവിയിലേക്കുള്ള പാതയെ രൂപപ്പെടുത്തുന്നതിനാൽ യഥാർത്ഥത്തിൽ ബുദ്ധിമുട്ടുള്ള ഒരു ഘട്ടമാണ്. ഈ ഘട്ടത്തിൽ ഫൗണ്ടർമാരെ സഹായിക്കുന്നതിനായി സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിലുടനീളം നിരവധി ഇൻകുബേറ്ററുകൾ സ്ഥാപിച്ചിട്ടുണ്ട്. കെ-ടെക് ഇന്നൊവേഷൻ ഹബ്ബുകൾ, അടൽ ഇൻകുബേഷൻ സെന്ററുകൾ ,കേരള സ്റ്റാർട്ടപ്പ് മിഷൻ എന്നിവ ചില ജനപ്രിയ ഉദാഹരണങ്ങളാണ്.
ഐഡിയ സ്റ്റേജ്: സ്റ്റാർട്ടപ്പിന്റെ അടിസ്ഥാന ഘടനയെക്കുറിച്ച് ഫൗണ്ടർക്ക് നല്ല ധാരണയുണ്ടാകും. വ്യക്തമായ ഒരു ബിസിനസ് പ്ലാനോടുകൂടിയ ഒരു പ്രോട്ടോടൈപ്പ് തയ്യാറാക്കിയിട്ടുണ്ടാകും. ഈ പ്ലാൻ സ്റ്റാർട്ടപ്പിന്റെ ഫിനാൻസിംഗ് ആവശ്യകതകൾക്കൊപ്പം ഒരു ഗോ-ടു-മാർക്കറ്റ് തന്ത്രവും ഭാവിയിലെ വെല്ലുവിളികളും പോലുള്ള വിശദാംശങ്ങളും വിശദമാക്കുന്നതായിരിക്കും. വ്യക്തവും സംക്ഷിപ്തവുമായ ഒരു ബിസിനസ് പ്ലാൻ നിക്ഷേപകരെ മികച്ച തീരുമാനമെടുക്കാൻ സഹായിക്കും.
സീഡ് സ്റ്റേജ്: സീഡ് സ്റ്റേജിലുളള സ്റ്റാർട്ടപ്പുകൾക്ക് കുറച്ച് ക്ലയന്റുകൾ ഉണ്ടായിരിക്കും. ക്ലയന്റ് ട്രാക്ഷൻ ഒരു പോസിറ്റീവ് പ്രതിച്ഛായ നല‍്‍കും. ഈ റൗണ്ടിൽ നിക്ഷേപകർ സ്റ്റാർട്ടപ്പിൽ ഇക്വിറ്റി ഷെയറിനു വേണ്ടി മത്സരിക്കും. ഈ റൗണ്ടിൽ സമാഹരിക്കുന്ന ഫണ്ടുകൾ സാധാരണയായി പ്രോഡക്ട് ലോഞ്ചിനും നിയമനത്തിനും മാർക്കറ്റിംഗിനും ഉപയോഗിക്കുന്നു. പ്രാരംഭ ഘട്ട നിക്ഷേപങ്ങൾ സാധാരണയായി സുഹൃത്തുക്കളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും, സർക്കാർ ഗ്രാന്റുകൾ, അല്ലെങ്കിൽ ഏഞ്ചൽ നിക്ഷേപകർ എന്നിവരിൽ നിന്നാണ് വരുന്നത്. നിക്ഷേപത്തിന്റെ വലുപ്പം സ്റ്റാർട്ടപ്പിന്റെ ബിസിനസ് പ്ലാനിന് വിധേയമായിരിക്കും.
ഗ്രോത്ത് സ്റ്റേജ്– ഈ ഘട്ടത്തിലാണ് സീരീസ് A, സീരീസ് B ഫണ്ടിംഗുകൾ വരുന്നത്.
സീരീസ് എ: സ്ഥിരമായ വരുമാനത്തിന്റെ ട്രാക്ക് റെക്കോർഡുള്ള സ്റ്റാർട്ടപ്പുകളാണ് സീരീസ് എ ഫണ്ടിംഗിന് എത്തുന്നത്. ഈ റൗണ്ടിൽ സമാഹരിക്കുന്ന പണം സാധാരണയായി ടെക്നോളജി, ടീം, ഗവേഷണം, പുതിയ ഉൽപ്പന്നങ്ങളുടെ വികസനം എന്നിവയുടെ അടിസ്ഥാനത്തിൽ സ്റ്റാർട്ടപ്പിനെ ഒപ്റ്റിമൈസ് ചെയ്യുന്നതിലേക്ക് പോകുന്നു.
സീരീസ് ബി: ഈ ഘട്ടത്തിൽ, ഒരു സ്റ്റാർട്ടപ്പിന് ഇതിനകം തന്നെ വ്യക്തമായ ക്ലയന്റ് സ്ട്രക്ചറും സുസ്ഥിരമായ റവന്യു സ്ട്രീമും ഉണ്ടായിരിക്കും. ഈ ഘട്ടത്തിൽ സമാഹരിക്കുന്ന ഫണ്ടുകൾ സാധാരണയായി ആഴത്തിലുള്ള മാർക്കറ്റ് റിസർച്ച്, സാങ്കേതികവിദ്യ, ഹയറിംഗ് സ്പെഷ്യലൈസേഷൻ എന്നിവയിലേക്ക് പോകുന്നു. സ്റ്റാർട്ടപ്പുകളിലെ വളർച്ചാ ഘട്ട നിക്ഷേപങ്ങളിൽ തത്പരരായ വെഞ്ച്വർ ക്യാപിറ്റലിസ്റ്റുകളാണ് ഇവിടെ നിക്ഷേപകർ.
ലേറ്റ് സ്റ്റേജ്- സീരീസ് C, D, E എന്നീ റൗണ്ടുകളാണ് ലേറ്റ്സ്റ്റേജിൽ വരുന്നത്.
സീരീസ് C: ഈ ഘട്ടത്തിലെ സ്റ്റാർട്ടപ്പുകൾക്ക് ഗണ്യമായ ഒരു ക്ലയന്റ് അടിത്തറയുണ്ടാകും. വിദേശ വിപുലീകരണത്തിനും പുതിയ വിപണികളിലേക്ക് കടക്കാൻ നോക്കുന്നവരായിരിക്കും ഈ സ്റ്റാർട്ടപ്പുകൾ. ഈ റൗണ്ടിൽ സമാഹരിക്കുന്ന ഫണ്ടുകൾ സാധാരണയായി ഇതേ ആവശ്യത്തിനായി ഉപയോഗിക്കുന്നു. ഈ ഘട്ടത്തിലെ നിക്ഷേപങ്ങൾ പലപ്പോഴും ഹെഡ്ജ് ഫണ്ടുകൾ, നിക്ഷേപ ബാങ്കുകൾ, സ്വകാര്യ ഇക്വിറ്റി സ്ഥാപനങ്ങൾ എന്നിവയിൽ നിന്നാണ് വരുന്നത്.
സീരീസ് D, E: സീരീസ് C ഫണ്ടിംഗിന് ശേഷവും വളർച്ചാ സാധ്യത കാണിക്കുന്ന സ്റ്റാർട്ടപ്പുകൾ കൂടുതൽ ഫണ്ടിംഗിനായി പോകുന്നു. ഇവിടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഒന്നിലധികം രീതികളിലൂടെ പുതിയ വിപണികൾ സ്വന്തമാക്കുന്നതിലാണ്.എതിർ സ്റ്റാർട്ടപ്പുകളുടെ ഏറ്റെടുക്കലുകളും അതിനെ പ്രതിരോധിക്കാനുളള നീക്കങ്ങളും ഉണ്ടാകാം.ചില സമയങ്ങളിൽ, സ്റ്റാർട്ടപ്പിന്റെ ആദ്യ ഘട്ടങ്ങളിൽ സംഭവിച്ച പിഴവുകൾ തിരുത്താനും ഫണ്ട് ശേഖരിക്കാറുണ്ട്. നിക്ഷേപങ്ങൾ ഹെഡ്ജ് ഫണ്ടുകൾ, നിക്ഷേപ ബാങ്കുകൾ, സ്വകാര്യ ഇക്വിറ്റി സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും വരുന്നു.
IPO/എക്സിറ്റ് സ്റ്റേജ്:
ഈ ഘട്ടത്തിൽ, സ്റ്റാർട്ടപ്പ് പൊതുജനങ്ങളിലേക്ക് പോകാൻ തയ്യാറെടുക്കുന്നു. പണത്തിന് പകരമായി പൊതുജനങ്ങൾക്ക് സ്റ്റാർട്ടപ്പിന്റെ ഓഹരികൾ വാഗ്ദാനം ചെയ്യുന്നു. ഇവിടെ സമാഹരിക്കുന്ന പണം സാധാരണയായി സ്റ്റാർട്ടപ്പിന്റെ അടുത്ത ലെവലിലേക്കുള്ള വളർച്ചയ്ക്കും നിക്ഷേപകർക്ക് എക്സിറ്റ് നൽകുന്നതിനുമാണ്.
ഒരു സ്റ്റാർട്ടപ്പിന്റെ ഓരോ ഘട്ടവും അതിന്റേതായ രീതിയിൽ സവിശേഷമാണ്. വിജയകരമായ ഓരോ സ്റ്റാർട്ടപ്പും ഒരു ഘട്ടത്തിൽ നിന്ന് മറ്റൊന്നിലേക്ക് മുന്നേറാൻ എടുക്കുന്ന സമയം കുറയ്ക്കാനാണ് പരിശ്രമിക്കുന്നത്. ഓരോ ഘട്ടവും അതിന്റേതായ വെല്ലുവിളികളുമായാണ് വരുന്നത്. ഈ വെല്ലുവിളികളെ സമർത്ഥമായി മറികടക്കാൻ കഴിയുന്ന സ്റ്റാർട്ടപ്പുകൾ ഇന്ത്യൻ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തെ സമ്പന്നമാക്കുന്നു.