ആഗോള പണപ്പെരുപ്പത്തിന്റെ ആശങ്കകൾക്കിടയിൽ, 350 ജീവനക്കാരെ പിരിച്ചുവിട്ട് പ്രമുഖ ഐടി സ്ഥാപനമായ എച്ച്സിഎൽ ടെക്നോളജീസ്. HCL ക്ലയന്റുകളിലൊന്നായ മൈക്രോസോഫ്റ്റിന്റെ MSN ന്യൂസ് പ്ലാറ്റ്ഫോമിൽ പ്രവർത്തിക്കുകയായിരുന്ന ജീവനക്കാരെയാണ് പിരിച്ചുവിട്ടതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇന്ത്യ, ഫിലിപ്പീൻസ്, ഗ്വാട്ടിമാല എന്നിവിടങ്ങളിൽ ജോലി ചെയ്യുകയായിരുന്ന ജീവനക്കാർക്കാണ് തൊഴിൽ നഷ്ടമായത്. അടുത്തിടെയാണ് വിപണി മൂലധനത്തിൽ, എച്ച്സിഎൽ ടെക്നോളജീസ് ഇന്ത്യയിലെ മൂന്നാമത്തെ വലിയ ഐടി കമ്പനിയായി മാറിയത്. അസിം പ്രേംജി സ്ഥാപിച്ച വിപ്രോയെ മറികടന്നായിരുന്നു എച്ച്സിഎല്ലിന്റെ മുന്നേറ്റം. ആഗോള പണപ്പെരുപ്പം, രാജ്യത്തെ മറ്റ് പ്രമുഖ ഐടി സ്ഥാപനങ്ങളായ ടിസിഎസ്, വിപ്രോ, ഇൻഫോസിസ് എന്നിവയേയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇതിന്റെ ഫലമായി ടാറ്റാ കൺസൾട്ടൻസി സർവ്വീസസ്, ജീവനക്കാർക്കുള്ള വേരിയബിൾ പേഔട്ട് വൈകിപ്പിച്ചിരുന്നു. അതേസമയം, ഇൻഫോസിസ് ജീവനക്കാർക്കായുള്ള 70 ശതമാനം പേഔട്ട് വെട്ടിക്കുറച്ചതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
Related Posts
Add A Comment