പുതിയ ഡാറ്റാ പ്രൊട്ടക്ഷൻ ബിൽ കൊണ്ടുവരാനുള്ള ശ്രമത്തിലാണെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. പൗരന്മാരുടെ അവകാശങ്ങൾ പവിത്രമാണെന്നും അത് സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. ഉപയോക്താക്കൾ പങ്കിടുന്ന കോളുകൾ, ഫോട്ടോഗ്രാഫുകൾ, ടെക്‌സ്‌റ്റുകൾ, വീഡിയോകൾ, രേഖകൾ എന്നിവയിലേക്ക് മെറ്റയ്ക്ക് ആക്‌സസ് നൽകാൻ വാട്‌സ്ആപ്പ് മെറ്റയുമായി നടത്തിയ കരാറിനെ ചോദ്യം ചെയ്ത് നൽകിയ ഹർജി പരിഗണിക്കവേയാണ് കേന്ദ്ര നിലപാട് അറിയിച്ചത്. വാട്‌സ്ആപ്പിന്റെ 2021ലെ സ്വകാര്യതാ നയം ആർട്ടിക്കിൾ 21 പ്രകാരം ഉപയോക്താക്കളുടെ സ്വകാര്യതയ്ക്കുള്ള അവകാശം ലംഘിക്കുന്നുണ്ടോ എന്ന കേസ് ജസ്റ്റിസ് കെ എം ജോസഫിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് പരിഗണിച്ചത്. കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത, സർക്കാർ പഴയ ഡാറ്റാ പ്രൊട്ടക്ഷൻ ബിൽ പിൻവലിച്ചിട്ടുണ്ടെന്നും പുതിയ ബിൽ ഉടൻ പാർലമെന്റിൽ അവതരിപ്പിക്കുമെന്നും ബെഞ്ചിനെ അറിയിച്ചു. 2023 ജനുവരി 17 ന് സുപ്രീം കോടതി അന്തിമ വാദം കേൾക്കും. വിദ്യാർത്ഥികളായ കർമ്മണ്യ സിംഗ് സറീനും ശ്രേയ സേത്തിയുമായിരുന്നു സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്.
The Centre informed the Supreme Court that, it is presenting a new data protection measure to protect citizens’ rights, emphasising that citizens’ rights are sacred and must be protected.