ഭാവിയുടെ മൊബിലിറ്റി എന്ന നിലയിലാണ് ഇലക്ട്രിക് മൊബിലിറ്റി വിശേഷിപ്പിക്കപ്പെടുന്നത്. ഇപ്പോഴിതാ ഇലക്ട്രിക് വിമാനങ്ങളിലുളള യാത്രയും ഇനി വിദൂരമല്ലെന്ന് വിവിധ റിപ്പോർട്ടുകൾ പറയുന്നു. ചെറിയ ദൂരം സഞ്ചരിക്കാവുന്ന ബാറ്ററിയിലോടുന്ന വിമാനം ഇപ്പോൾ തന്നെ ചില രാജ്യങ്ങളിൽ പരീക്ഷണണാടിസ്ഥാനത്തിൽ യാത്രകൾക്ക് ഉപയോഗിക്കുന്നുണ്ട്. രണ്ട് സീറ്റുകളുള്ള വിമാനമായ Velis Electros ഇതിനകം യൂറോപ്പിൽ പരീക്ഷണപറക്കലുകൾ നടത്തുന്നുണ്ട്. ബ്രിട്ടീഷ് കൊളംബിയയിൽ ഇലക്ട്രിക് സീ പ്ലെയിനുകളും പരീക്ഷിച്ച് വരുന്നു. സ്വീഡനിലെ ഹാർട്ട് എയറോസ്പേസിൽ നിന്നും 30 ഇലക്ട്രിക്-ഹൈബ്രിഡ് പ്രാദേശിക വിമാനങ്ങൾ വാങ്ങുമെന്ന് സെപ്റ്റംബർ 15 നു എയർ കാനഡ പ്രഖ്യാപിച്ചിരുന്നു. 2028-ഓടെ 30 സീറ്റുകളുള്ള വിമാനം സർവീസ് നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഓസ്ട്രേലിയയുടെ റെക്സ് എയർലൈൻ, അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ ഹ്രസ്വദൂരയാത്രകൾക്കായി 34 സീറ്റുകളുള്ള, ഹൈഡ്രജൻ-ഇലക്ട്രിക് വിമാനം പരീക്ഷിക്കാനുളള പദ്ധതികളിലാണ്.
50 മുതൽ 70 വരെ സീറ്റുകളുള്ള ആദ്യത്തെ ഹൈബ്രിഡ് ഇലക്ട്രിക് കമ്മ്യൂട്ടർ വിമാനം അധികം താമസിയാതെ യാത്രക്ക് തയ്യാറാകുമെന്ന് യുഎസ് നാഷണൽ റിന്യൂവബിൾ എനർജി ലാബിൽ നിന്നുളള റിപ്പോർട്ടുകളും പറയുന്നു. 2030-കളിലായിരിക്കും വൈദ്യുത വ്യോമയാനം പൂർണമായും പ്രവർത്തനപഥത്തിലെത്തുകയെന്നാണ് സൂചന.
കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കുന്നതിന് വൈദ്യുതവിമാനങ്ങളുടെ ആവശ്യകത വളരെ വലുതാണ്. ആഗോള കാർബൺ എമിഷന്റെ ഏകദേശം 3 ശതമാനം ഇന്ന് വ്യോമയാന മേഖലയിൽ നിന്നാണ് വരുന്നത്. ജനസംഖ്യ വർദ്ധിക്കുന്നതിനനുസരിച്ച് കൂടുതൽ യാത്രക്കാരും വിമാനങ്ങളും ഉണ്ടാകുമെന്നതിനാൽ, 2050 ഓടെ വ്യോമയാനമേഖല COVID കാലത്തിന് മുമ്പുള്ളതിനേക്കാൾ മൂന്നോ അഞ്ചോ ഇരട്ടി കാർബൺ ഡൈ ഓക്സൈഡ് പുറന്തളളും. മിഷിഗൺ യൂണിവേഴ്സിറ്റി ഹൈബ്രിഡ്-ഇലക്ട്രിക് വിമാനങ്ങളും ഹൈഡ്രജൻ ഇന്ധന ബദലുകളും ഉൾപ്പെടെയുള്ള സുസ്ഥിര വ്യോമയാന ആശയങ്ങൾ വികസിപ്പിച്ച് വരികയാണ്. എന്നാൽ വ്യോമയാനം വൈദ്യുതീകരിക്കുന്നതിനുള്ള ഏറ്റവും വലിയ പ്രശ്നം ഇലക്ട്രിക് ബാറ്ററിയുടെ ഭാരമാണെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഒന്നുകിൽ ലിഥിയം-അയൺ ബാറ്ററികൾ ഭാരം കുറഞ്ഞതാക്കുകയോ കൂടുതൽ ഊർജം ഉൾക്കൊള്ളുന്ന പുതിയ ബാറ്ററികൾ വികസിപ്പിക്കുകയോ വേണം. കാറുകൾക്കും മറ്റു വാഹനങ്ങൾക്കും പുതിയ ബാറ്ററികൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെങ്കിലും ഇതുവരെ വിമാനത്തിന് വേണ്ടിയുളളവ വികസിപ്പിച്ചിട്ടില്ല. ഹൈബ്രിഡ്, ഹൈഡ്രജൻ എന്നിങ്ങനെ വിവിധ ബദൽ സാധ്യതകളും വ്യോമയാന മേഖല തേടിക്കൊണ്ടിരിക്കുകയാണ്.
Although electric aircraft may seem far-fetched, they are now available, at least for short distances. Larger planes are on the way, and two-seater Velis Electros are now quietly circling Europe.