രാജ്യത്തെ സിനിമ വ്യവസായത്തിന് സ്വയം നിയന്ത്രണം (self regulation) നിർദ്ദേശിച്ച് Competition Commission of India (CCI). സിനിമ വിതരണ ശൃംഖലയിലെ മത്സരം സംബന്ധിച്ച പ്രശ്നങ്ങളെ കുറിച്ച് അറിയുന്നതിനായി 2021 ഡിസംബറിൽ CCI ഒരു മാർക്കറ്റ് പഠനം നടത്തിയിരുന്നു. അതിന്റെ ഭാഗമായാണ് കമ്മീഷൻ, സിനിമാ വ്യവസായത്തിന് മുന്നിൽ ചില നിർദേശങ്ങൾ വച്ചത്. ബോക്സ് ഓഫീസ് മോണിറ്ററിങ് സംവിധാനം നടപ്പിലാക്കാനും മൾട്ടിപ്ലെക്സ് പ്രൊമോഷൻ ചിലവ് പങ്കിടാനും വെർച്വൽ പ്രിന്റ് ഫീസ് ഘട്ടങ്ങളായി വാങ്ങാനും ഏറ്റവും പുതിയ പഠനത്തിൽ ഫിലിം വിതരണ ശൃംഖലകൾക്ക് നൽകിയ നിർദ്ദേശങ്ങളിൽ ഉൾപ്പെടുന്നു. ടിക്കറ്റിംഗ് ലോഗുകളും റിപ്പോർട്ടുകളും ഉണ്ടാക്കുന്നതിനും റെക്കോർഡ് ചെയ്യുന്നതിനും സൂക്ഷിക്കുന്നതിനുമായാണ് ബോക്സ് ഓഫീസ് മോണിറ്ററിംഗ് സിസ്റ്റം ശുപാർശ ചെയ്യുന്നത്. ഇത്തരമൊരു സംവിധാനം വരുന്നതോടെ ശേഖരിക്കുന്ന വിവരങ്ങൾ ആർക്കും മാറ്റാനാവില്ലെന്ന് CCI നിരീക്ഷിക്കുന്നു. ബോക്സ് ഓഫീസ് വരുമാനത്തിൽ സുതാര്യത ഉറപ്പു വരുത്തുന്നതാണ് ഈ സംവിധാനം കൊണ്ടുവരുന്നത്. സിനിമ നിർമ്മാതാക്കളുമായും വിതരണക്കാരുമായും മൾട്ടിപ്ലക്സുകൾ അമിതമായ വിലപേശലുകൾ നടത്തുന്നതായി ശ്രദ്ധയിൽ പെട്ടതായി CCI റിപ്പോർട്ടിൽ പറയുന്നു. മൾട്ടിപ്ലക്സുകൾക്ക് നൽകുന്ന വെർച്വൽ പ്രിന്റ് ഫീസ് (VPF) ഘട്ടംഘട്ടമായി നിർത്തലാക്കണമെന്നും സിസിഐ അറിയിച്ചു. അനലോഗ് പ്രൊജക്ടറുകളെ ഡിജിറ്റൽ ആക്കി മാറ്റുന്നതിനുള്ള എക്സിബിറ്റർമാർക്ക് വരുന്ന ചെലവിന് നിർമ്മാതാക്കളും വിതരണക്കാരും നൽകുന്ന സബ്സിഡിയാണ് VPF. ചലച്ചിത്രമേഖലയിലുള്ള അസോസിയേഷനുകൾ അംഗങ്ങളല്ലാത്തവരെ വിലക്കുന്നതിൽ നിന്നും ബഹിഷ്കരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കണമെന്നും കമ്മീഷൻ നിർദേശിച്ചു. പതിനൊന്ന് ബോളിവുഡ് നിർമ്മാതാക്കളും അസോസിയേഷനുകളും തമിഴ്, തെലുങ്ക്, മലയാളം സിനിമാ വ്യവസായങ്ങളിൽ നിന്നുള്ള പതിനാല് നിർമ്മാതാക്കളും പതിനൊന്ന് ഒടിടി പ്ലാറ്റ്ഫോമുകളും ആറു ബ്രോഡ്കാസ്റ്റർമാരുമാണ് പഠനത്തിൽ പങ്കുചേർന്നത്.
CCI Suggests Self-Regulations For Film industry.