ഇന്ത്യൻ സ്റ്റാർട്ടപ്പുകളിലെ കിംഗ്, ബൈജൂസിന് ഇപ്പോൾ എന്താണ് സംഭവിക്കുന്നത്. ജൂണിൽ ബൈജുസിന്റെ ഉടമസ്ഥതയിലുള്ള വൈറ്റ്ഹാറ്റ് ജൂനിയർ മുന്നൂറോളം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. തൊഴിലാളികളുടെ 5% മാത്രം ആണിതെന്ന് കമ്പനി പറഞ്ഞിരുന്നു. എന്നിരുന്നാലും, പിരിച്ചുവിട്ടത് 1,500 നും 2,500 നും ഇടയിലാണെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ കമ്പനി കണക്കുകൾ നിഷേധിച്ചു. ഒടുവിൽ Toppr, Meritnation, TutorVista, Scholar, HashLearn തുടങ്ങിയ നിരവധി പ്ലാറ്റ്ഫോമുകൾ ഏകീകരിച്ചതിനാൽ 2,500 ജീവനക്കാരെ പിരിച്ചുവിട്ടതായി റിപ്പോർട്ടുകൾ വന്നു. ലാഭം കൈവരിക്കാൻ ചെലവ് ചുരുക്കൽ നടപടികൾ അനിവാര്യമാണെന്നാണ് മാനേജ്മെന്റ് പറയുന്നത്.
ഓഡിറ്റ് റിപ്പോർട്ട് പ്രകാരം, ബൈജൂസിന്റെ നഷ്ടം 20 മടങ്ങ് വർദ്ധിച്ച് 4,589 കോടി രൂപയായി. എങ്കിലും സ്ഥാപനം നല്ല നിലയിലാണെന്ന് കമ്പനി അവകാശപ്പെടുന്നു. ദിവ്യ ഗോകുൽനാഥ് പറയുന്നതനുസരിച്ച്, കമ്പനിയുടെ നഷ്ടം 2022 സാമ്പത്തിക വർഷത്തിൽ പകുതിയായി കുറഞ്ഞു. ഈ കാലയളവിൽ ബൈജൂസ് നാലിരട്ടിയിലധികം വളർന്നതായി അവർ അവകാശപ്പെടുന്നു. എന്നാൽ ബൈജൂസിന്റെ മൊത്തം വരുമാനത്തിൽ ഇന്ത്യയിൽ നിന്നുളള സംഭാവന 73% ൽ നിന്ന് 43% ആയി കുറഞ്ഞുവെന്നതും ശ്രദ്ധേയമാണ്. അതേസമയം യുഎസ് വിഹിതം 16% ൽ നിന്ന് 35% ആയും മിഡിൽ ഈസ്റ്റ് വിഹിതം 11% ൽ നിന്ന് 22% ആയും ഉയർന്നു.
പാൻഡെമിക്കിന് മുമ്പ് കമ്പനി വിജയകരമായി പുതിയ ഉയരങ്ങളിലേക്ക് കയറുകയായിരുന്നു. എന്നാൽ പാൻഡെമിക് ഇല്ലാതാകുകയും ക്വാറന്റൈൻ നിയന്ത്രണങ്ങൾ പിൻവലിക്കുകയും ചെയ്തതോടെ എഡ്ടെക് കമ്പനികൾ സാധാരണ ഓഫ്ലൈൻ മോഡിൽ ബിസിനസ്സിലേക്ക് മടങ്ങി. അങ്ങനെ, ഓഫ്ലൈൻ മോഡ് ബിസിനസ്സിലേക്കുള്ള മാറ്റം കമ്പനിയുടെ സാധ്യതകളും വരുമാന സ്രോതസ്സുകളും കുറയ്ക്കുകയും, എന്നാൽ കിട്ടിയ ഫണ്ടിംഗ് മറ്റ് കമ്പനികളെ ഏറ്റെടുക്കാനായി ഉപയോഗിക്കുകയും ചെയ്തു. ഇതോടെയാകാം വെല്ലുവിളികൾ തുടങ്ങിയത്. കഴിഞ്ഞ മൂന്ന് വർഷമായി കമ്പനി ഏറ്റെടുക്കൽ തിരക്കിലാണ്. 2021-ൽ 1 ബില്യൺ ഡോളറിന് ഓഫ്ലൈൻ ടെസ്റ്റ് പ്രിപ്പറേറ്ററി സേവന ദാതാക്കളായ ആകാശ് ഏറ്റെടുത്തു. ഇതുവരെയുളളതിൽ ഏറ്റവും വലുത്. 2021-ൽ തന്നെ സിംഗപ്പൂർ ആസ്ഥാനമായുള്ള ഗ്രേറ്റ് ലേണിംഗ് 600 മില്യൺ ഡോളറിന് വാങ്ങിയിട്ടുണ്ട്. 2020 ഓഗസ്റ്റിൽ വൈറ്റ്ഹാറ്റ് ജൂനിയർ സ്റ്റാർട്ടപ്പിന്റെ ഏറ്റെടുക്കലാണ് ബൈജൂസിന്റെ സാമ്പത്തിക നില നശിപ്പിച്ചതെന്നും ഒരു വാദമുണ്ട്. TutorVista, Osmo, Scholr, HashLearn, Epic, Great Learning, GeoGebra തുടങ്ങി 15ലധികം കമ്പനികളാണ് മൂന്ന് വർഷകാലയളവിൽ ബൈജൂസ് ഏറ്റെടുത്തത്.എന്നാൽ പിന്നീട് ആഗോള എഡ്യൂടെക് വിപണി നിയന്ത്രിക്കാനുള്ള ആഗ്രഹമാണ് നിലവിലെ അവസ്ഥയിലേക്ക് നയിച്ചതെന്ന് ബിസിനസ് ലോകം വിലയിരുത്തുന്നു.
മറുവശത്ത്, ബൈജുസിന്റെ ഉപയോക്താക്കൾ കമ്പനിയുടെ വിൽപ്പന തന്ത്രങ്ങളെക്കുറിച്ചും സ്റ്റഡി മെറ്റീരിയലുകളെ കുറിച്ചും പരാതിപ്പെടുന്നുവെന്ന് പറയുന്നു. മാത്രമല്ല, കുട്ടികളുടെ വിദ്യാഭ്യാസത്തിന് വളരെയധികം പ്രാധാന്യം നൽകുന്ന ഇന്ത്യൻ രക്ഷിതാക്കളെ ഏറെക്കുറെ ചൂഷണം ചെയ്യുന്ന തരത്തിലാണ് കമ്പനിയുടെ സമ്മർദ്ദ വിപണന തന്ത്രങ്ങളെന്ന് പരാതി ഉയർന്നതായും റിപ്പോർട്ടുകൾ ഉണ്ട്. വാസ്തവം എന്ത് തന്നെയായാലും ബൈജൂസിന്റെ മേൽ ചോദ്യങ്ങളുടെ സമ്മർദ്ദമുണ്ട്.
തീരുമാനങ്ങൾ തെറ്റായിരുന്നില്ല എന്ന് തെളിയിക്കാനുള്ള ബാധ്യതയുണ്ട്.
2015-ൽ സ്ഥാപിതമായ എഡ്ടെക് പ്ലാറ്റ്ഫോമായ BYJU-ന്റെ 2022 ജൂണിൽ കണക്കാക്കിയ മൂല്യം ഏകദേശം 22.6 ബില്യൺ ഡോളറാണ്. ജനറൽ അറ്റ്ലാന്റിക്, സെക്വോയ ക്യാപിറ്റൽ, സോഫിന, കാനഡ പെൻഷൻ പ്ലാൻ ഇൻവെസ്റ്റ്മെന്റ് ബോർഡ് എന്നിവയുൾപ്പെടെ 70-ലധികം നിക്ഷേപകരിൽ നിന്ന് കമ്പനി ഇതുവരെ ഏകദേശം 6 ബില്യൺ ഡോളർ സമാഹരിച്ചിട്ടുണ്ട്. ഈ വർഷം 2 ബില്യൺ ഡോളർ വരുമാനം നേടാനാണ് ലക്ഷ്യമിടുന്നത്. എന്തൊക്കെ ആയാലും സ്റ്റാർട്ടപ് എക്കോസിസ്റ്റത്തിലെ മോഡൽ പോസ്റ്റർ ബോയ് ആരെന്ന് ചോദിച്ചാൽ നമ്മുടെ കണ്ണൂര്കാരൻ ബൈജു രവീന്ദ്രൻ തന്നെയാകും.