ആപ്പിളിന്റെ ഐ മെസ്സേജുകളെക്കാൾ സുരക്ഷിതവും സ്വകാര്യവുമാണ് വാട്സാപ്പ് സന്ദേശങ്ങളെന്ന് മെറ്റാ സിഇഒ മാർക്ക് സക്കർബർഗ്. വാട്സാപ്പിലുള്ള എൻഡ് ടു എൻഡ് എൻക്രിപ്ഷൻ, ഐഫോണിലും ആൻഡ്രോയിഡ് ഫോണുകളിലും ഒരേപോലെ പ്രവർത്തിക്കുമെന്നും ഗ്രൂപ്പ് ചാറ്റുകൾ ഉൾപ്പെടെ സുരക്ഷിതമാണെന്നും അദ്ദേഹം ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിച്ചു. ഐഫോണിൽ നിന്നും ഐഫോണിലേക്കുള്ള സന്ദേശങ്ങൾ നീല നിറത്തിൽ വരുമ്പോൾ, ആൻഡ്രോയിഡ് ഫോണുകളിൽ നിന്നും ഐഫോണുകളിലേക്കുള്ള സന്ദേശങ്ങൾ പച്ച നിറത്തിലാണ് വരുന്നത്. ഇതിനെ പരിഹസിക്കുന്ന ഒരു ബിൽബോർഡ് പരസ്യത്തിന്റെ ചിത്രവും അദ്ദേഹം സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചു. ഐഫോണുകളിൽ മാത്രമാണ് ഐ മെസ്സേജുകൾ ലഭ്യമാകുന്നത്, എന്നാൽ എല്ലാ ഡിവൈസുകളിലും വെബിലും വാട്സാപ്പ് ലഭ്യമാണ്. ബാക്കപ്പുകളും എൻഡ് ടു എൻഡ് എൻക്രിപ്ട് ചെയ്യാനുള്ള സൗകര്യവും കഴിഞ്ഞ വർഷം വാട്സാപ് കൊണ്ട് വന്നിരുന്നു. ഒറ്റ ബട്ടൺ അമർത്തുന്നതിലൂടെ പുതിയ മെസ്സേജുകളെല്ലാം അപ്രത്യക്ഷമാക്കാനുള്ള ഫീച്ചറിലൂടെ പ്രൈവസി അപ്ഡേറ്റ് ചെയ്തിരിക്കുകയാണ് വാട്സാപ്പ്. ഇതൊന്നും ഇപ്പോഴും ഐ മെസ്സേജിൽ ലഭ്യമല്ലെന്നും സക്കർബർഗ് പറഞ്ഞു. ബ്ലൂ ബബിൾ കിട്ടണമെങ്കിൽ ഐഫോൺ വാങ്ങണമെന്ന് ആപ്പിളിന്റെ സിഇഒ ടിം കുക്ക് പരോക്ഷമായി പറഞ്ഞിരുന്നു. മെറ്റ കൂടാതെ ഗൂഗിളും ആപ്പിളിന്റെ ഐ മെസ്സേജിനെതിരെ രംഗത്ത് വന്നിരുന്നു. നീല ബബിളും പച്ച ബബിളും തമ്മിലുള്ള അതിർത്തി കുറയ്ക്കണമെന്നും ഇരു പ്ലാറ്റ്ഫോമുകളിലും എളുപ്പത്തിൽ മീഡിയ ട്രാസ്ഫെർ ചെയ്യാൻ കഴിയണമെന്നും ഗൂഗിൾ വ്യക്തമാക്കി.
Mark Zuckerberg states that WhatsApp is “far more private and secure” than iMessage.