ഇലക്ട്രിക് വാഹനങ്ങൾക്ക് ഓട്ടോ ഡ്രൈവിംഗ് സൗകര്യമുണ്ടെന്ന ടെസ് ലയുടെ അവകാശവാദവുമായി ബന്ധപ്പെട്ട് യുഎസിൽ കമ്പനിക്കെതിരെ ക്രിമിനൽ അന്വേഷണം. ഒരു ഡസനിലധികം അപകടങ്ങളെത്തുടർന്ന് യുഎസ് നീതിന്യായ വകുപ്പ് കഴിഞ്ഞ വർഷം തന്നെ ടെസ് ലയ്ക്കെതിരെ
അന്വേഷണം ആരംഭിച്ചിരുന്നു. ഓട്ടോ ഡ്രൈവിംഗ് സംവിധാനം ഉപയോഗിക്കുമ്പോഴും, വാഹനങ്ങളുടെ നിയന്ത്രണം കൃത്യമായി നിലനിർത്തണമെന്ന് ഡ്രൈവർമാർക്ക് വ്യക്തമായി മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നാണ് ടെസ് ല അവകാശപ്പെടുന്നത്.
സ്റ്റിയറിംഗ്, ബ്രേക്കിംഗ്, സ്പീഡ്, ലെയ്ൻ മാറ്റങ്ങൾ എന്നിവയെ സഹായിക്കുന്ന തരത്തിലാണ് ടെസ്ല സാങ്കേതികവിദ്യ രൂപകൽപ്പന ചെയ്തിരിക്കുന്നത്, എന്നാലിത് വാഹനത്തെ പൂർണ്ണമായും സ്വയംഭരണമാക്കുന്നില്ലെന്നും കമ്പനി വ്യക്തമാക്കുന്നു. കമ്പനിയുടെ വൈരുദ്ധ്യാത്മകമായ പ്രസ്താവനകൾ യുഎസ്
നീതിന്യായ വകുപ്പിന്റെ അന്വേഷണത്തെ കൂടുതൽ സങ്കീർണ്ണമാക്കുമെന്നാണ് വിലയിരുത്തുന്നത്. ക്രിമിനൽ കേസുകളുമായി ബന്ധപ്പെട്ട് ടെസ് ലയ്ക്കെതിരെയുള്ള അന്വേഷണങ്ങൾ ഇതാദ്യമല്ല. 2021 ഓഗസ്റ്റിൽ, ഓട്ടോപൈലറ്റ് ഘടിപ്പിച്ച ടെസ്ലയുടെ വാഹനം, പാർക്ക് ചെയ്തിരിക്കുന്ന എമർജൻസി വാഹനങ്ങളിൽ ഇടിച്ചതിനെ തുടർന്ന്, കമ്പനിക്കെതിരെ യുഎസ് നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.