മുംബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന സെലിബ്രിറ്റി എൻഗേജ്മെന്റ് സ്റ്റാർട്ടപ്പായ GoNuts, പ്രവർത്തനം അവസാനിപ്പിച്ചു. രാജ്യത്ത് പ്രവർത്തനം നിർത്തുന്ന ഏഴാമത്തെ സ്റ്റാർട്ടപ്പാണ് 2020-ൽ സ്ഥാപിതമായ ഗോനട്ട്സ്. ടാർഗറ്റ് ഓഡിയൻസിൽ വളർച്ച ഉണ്ടാകാത്തതിനാൽ ബിസിനസ് അവസാനിപ്പിക്കുകയാണെന്ന് കമ്പനിയുടെ ഫൗണ്ടർ വിനമ്ര പാണ്ഡിയ (Vinamra Pandiya) കഴിഞ്ഞ മാസം പറഞ്ഞിരുന്നു. വെഞ്ച്വർ നിക്ഷേപങ്ങളുടെ കുറവും അടച്ചുപൂട്ടലിലേക്ക് നയിച്ചതായി വിനമ്ര പറഞ്ഞു. ഇതുപോലെ ഒരു സെഗ്മെന്റിലെ ടാർഗറ്റ് ഓഡിയൻസിനെ കുറിച്ച് വലിയ വെഞ്ച്വർ സ്ഥാപനങ്ങൾക്ക് സംശയമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ടായിരത്തിലധികം സെലിബ്രിറ്റികൾ പ്ലാറ്റ്ഫോമിലുളള സ്റ്റാർട്ടപ്പ് നിക്ഷേപകരിൽ നിന്ന് രണ്ട് റൗണ്ടുകളിലായി 7 കോടി രൂപയിലധികം സമാഹരിച്ചിരുന്നു. Zomato കോ-ഫൗണ്ടറായിരുന്ന Pankaj Chaddah, Ramakant Sharma, LetsVentures, 9Unicorns തുടങ്ങിയ നിക്ഷേപകരാണ് സ്റ്റാർട്ടപ്പിനെ പിന്തുണച്ചത്. നിലവിൽ പ്രവർത്തിച്ച് വരുന്ന ഗോനട്ട്സിന്റെ വെബ്സൈറ്റ് അടുത്ത ദിവസങ്ങളിൽ പിൻവലിക്കും. കൂടാതെ സ്റ്റാർട്ടപ്പിന്റെ ജീവനക്കാരെയും ചുമതലകളിൽ നിന്നും വിടുവിച്ചതായി വിനമ്ര പാണ്ഡിയ അറിയിച്ചു. കോഫൗണ്ടർമാരിൽ മായങ്ക് ഗുപ്ത B2B ബിസിനസിൽ തുടരുമെന്നും ജോജി ജോർജ് കമ്പനി വിടുകയാണെന്നും പാണ്ഡിയ പറഞ്ഞു. പുതിയ ബിസിനസിലേക്ക് കടക്കുന്നതിനെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഇപ്പോൾ നൽകാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ആഗോള തലത്തിലുള്ള സമ്പദ്വ്യവസ്ഥയുടെ മന്ദത, രാജ്യത്തെ സ്റ്റാർട്ടപ്പ് എക്കോസിസ്റ്റത്തിന്റെ വളർച്ചയ്ക്ക് വലിയ തോതിൽ ഭീഷണിയാകുന്നുണ്ട്.
Celebrity Engagement Startup GoNuts Shuts Operation