പ്രശസ്തമായ ഭക്ഷ്യ കമ്പനികളെ കുറിച്ച് പറയുമ്പോഴെല്ലാം KFC, മക്ഡൊണാൾഡ്, ഡോമിനോസ് തുടങ്ങി വിവിധ അന്താരാഷ്ട്ര ബ്രാൻഡുകളായിരിക്കും നമ്മുടെ മനസ്സിൽ ആദ്യം വരിക. പക്ഷെ, ഇന്ത്യൻ ഉൽപ്പന്നങ്ങൾ വിൽക്കുന്നതിലൂടെ ഈ ബ്രാൻഡുകളെയെല്ലാം മറികടന്ന ഒരു ഐകോണിക് ബ്രാൻഡ് നമുക്കുണ്ട്; ഹൽദിറാംസ്.
പതിറ്റാണ്ടുകൾക്ക് മുൻപ്, 1937-ൽ രാജസ്ഥാനിലെ ബിക്കാനയിൽ, സ്വാദിഷ്ടമായ മിക്സ്ചർ നിർമ്മാണവുമായി ആരംഭിച്ച ഒരു ചെറിയ കട. ഹൽദിറാം എന്ന് വിളിപ്പേരുള്ള ഗംഗ ഭിഷൻ അഗർവാൾ എന്ന മാർവാഡിയാണ് ബ്രാൻഡിന് പിന്നിലെ ശില്പി.
1985 ൽ ശിവ് കിഷൻ അഗർവാളിലൂടെ മധുര വില്പനയിലുള്ള സാധ്യത കണ്ടെത്തി, മധുരപലഹാരങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുത്തു. കാജു കട്ട്ലി അദ്ദേഹം വിപണിയിലിറക്കി. ശേഷം, സോനാ പാപ്ടി, ബർഫി, ലഡ്ഡു, രസഗുള തുടങ്ങിയ മധുര രുചി വൈവിധ്യങ്ങളും പരീക്ഷിച്ചു വിജയിച്ചു. പതുക്കെ ദക്ഷിണേന്ത്യൻ ഭക്ഷണങ്ങളായ ഇഡലിയും ദോശയും വിപണിയിലെത്തി. സമോസ, കച്ചോരി, ചോലെ തുടങ്ങിയ ചെറുകടി വിഭവങ്ങൾ മെനുവിൽ നിരന്നു. അങ്ങനെ ബ്രാൻഡ്, ജനങ്ങളുടെ വിശ്വാസം നേടിയെടുത്തു.
ഹൽദിറാംസിനെ ലോകമറിയുന്ന പ്രസ്ഥാനമാക്കിയതിൽ മൂന്നാമനായ മനോഹർ ലാൽ അഗര്വാളിനു വലിയ പങ്കുണ്ട്. ഈ ബിസിനസിനെ കൂടുതൽ ഉയർത്തിയ വ്യക്തിയാണ് മനോഹർ ലാൽ അഗർവാൾ. ഹൽദിറാമിന്റെ ഇപ്പോഴത്തെ ചെയർമാൻ. ഉൽപ്പന്നങ്ങളുടെ പാക്കേജിംഗിന് പ്രാധാന്യം നൽകിയും കൂടുതൽ സ്റ്റോറുകൾ തുറക്കുകയും നഗരങ്ങളിലുടനീളം വ്യാപിക്കുകയും ചെയ്ത് ബ്രാൻഡിന്റെ ഗെയിം ചേഞ്ചർ താനാണെന്ന് മനോഹർ ലാൽ തെളിയിച്ചു.
ഇന്ന്, പതിനൊന്ന് സിറ്റികളിലായി അൻപത് ഔട്ലെറ്റുകളിൽ 1500-ലധികം ജീവനക്കാരാണ് ഹൽദിറാംസിനുള്ളത്. എൺപതിലധികം വിദേശ രാജ്യങ്ങളിലേക്ക് രുചിയൂറും വിഭവങ്ങൾ വിളമ്പിയ കമ്പനിയുടെ വരുമാനം, എണ്ണായിരം കോടിയിലധികമാണ്. നാനൂറിലധികം ഉൽപ്പന്നങ്ങളാണ് ഹൽദിറാംസ് ഇന്ന് സ്വദേശ- വിദേശ വിപണിയിലെത്തിക്കുന്നത്. ഇന്ത്യയിലെ നമ്പർ വൺ ഭക്ഷ്യ നിർമ്മാതണ കമ്പനിയായ ഹൽദിറാംസ്, ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ലഘുഭക്ഷണ നിർമ്മാതാവുമാണ്.